ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രാജി സമര്‍പ്പിച്ചു

Sun, 08-12-2013 12:42:00 PM ;
ന്യൂഡല്‍ഹി

sheila dixit ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഷീല രാജിക്കത്തയച്ചത്. കേവലം ഏഴു സീറ്റുകളിലാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ വിജയസാധ്യത കാണുന്നത്.

 

ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ 15 വര്‍ഷം തുടര്‍ന്ന കോണ്‍ഗ്രസ് ഭരണത്തിന് അവസാനം കുറിക്കുന്ന സൂചനകളാണ് വോട്ടെണ്ണല്‍ തുടങ്ങിയതോടെ കണ്ടുതുടങ്ങിയത്. 70-ല്‍ 35 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ബി.ജെ.പി കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നേക്കാമെങ്കിലും ഒന്‍പത് മാസം മുന്‍പ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച എ.എ.പിയുടെ പ്രകടനമാണ് കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പുവരുത്തിയത്. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ എ.എ.പി 26 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുകയാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഷീല ദീക്ഷിത്തിനെ നേരിട്ട എ.എ.പി നേതാവ് കേജ്രിവാള്‍ 5000-ത്തില്‍ പരം വോട്ടിന് മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

കഴിഞ്ഞ 15 വര്‍ഷം ഭരിച്ചിട്ടും ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നിലെന്ന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഹര്‍ഷ വര്‍ദ്ധന്‍ പ്രതികരിച്ചു.

Tags: