കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട 14 കേസുകളില്‍ അന്വേഷണപുരോഗതിയുടെ റിപ്പോര്‍ട്ട് ചൊവാഴ്ച സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതി റിപ്പോര്‍ട്ട് ഒക്ടോബര്‍ 29-ന് പരിഗണിച്ചേക്കും. അതിനിടെ, ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് രജിസ്ടര്‍ ചെയ്ത കേസില്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസി (പി.എം.ഒ) നോട് സി.ബി.ഐ ആവശ്യപ്പെട്ടു.
കേസുകളില്‍ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍, കല്‍ക്കരി, ഉരുക്ക് മന്ത്രാലയങ്ങളില്‍ നിന്ന് കാണാതായ ബന്ധപ്പെട്ട ഫയലുകളുടെ വിവരങ്ങള്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി.സി പരഖ് എന്നിവര്‍ക്കെതിരെ രജിസ്ടര്‍ ചെയ്ത പുതിയ കേസിന്റെ വിവരങ്ങള്‍ എന്നിവയാണ് സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൂന്ന്‍ പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ 1993 മുതലുള്ള കല്‍ക്കരിപ്പാടം വിതരണം സുപ്രീം കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ നടത്തുന്ന അനേഷണങ്ങളുടെ മേല്‍നോട്ടവും സുപ്രീം കോടതി വഹിക്കുന്നു.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കമ്പനി ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ താലാബിരയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ടാണ് സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് ചൊവ്വാഴ്ച്ച കത്തയച്ചത്. ഈ നടപടിയില്‍ ക്രമക്കേടുണ്ടെന്ന സി.ബി.ഐ ആരോപണം കഴിഞ്ഞ ദിവസം തള്ളിയ പി.എം.ഒ തീരുമാനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെയാണെന്നും തീരുമാനം ശരിയാണെന്ന നിലപാടില്‍ പ്രധാനമന്ത്രി ഉറച്ചുനില്‍ക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോഴും കേസിന്റെ അന്വേഷണ പരിധിയിലാണെന്ന് സൂചിപ്പിച്ച സി.ബി.ഐ ഫയലുകള്‍ ലഭിക്കുന്ന മുറയ്ക്ക് പി.എം.ഒയിലെ ഏതൊക്കെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സൂചന നല്‍കി. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാധ്യതയും സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.