കാലിത്തീറ്റ കേസ്: ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍

Mon, 30-09-2013 11:59:00 AM ;
റാഞ്ചി

കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുപ്രസാദ് ഉള്‍പ്പടെയുള്ള 46 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ ലാലുപ്രസാദും കോടതിയില്‍ എത്തിയിരുന്നു.

 

ലാലുവിനു പുറമെ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര, ജെ.ഡി.യു എം.പി ജഗദീഷ്ശര്‍മ എന്നിവരും കേസിലെ പ്രതികളാണ്. സംസ്ഥാന വിഭജനത്തിനു മുന്പ് ബിഹാറിലെ ചെബാസ ട്രഷറിയില്‍ നിന്ന് വ്യാജബിൽ ഉപയോഗിച്ച് 37.7 കോടി രൂപ പിന്‍വലിച്ചുവെന്നാണ്‌ കേസ്‌. ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്‌, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങിയ ഇനത്തിലായിരുന്നു വ്യാജബില്‍ സൃഷ്ടിച്ചത്. കുറ്റകരമായ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ്‌ ലാലുവിനെതിരെയുള്ളത്. 

 

കേസ് പുറത്തു വന്നത് 1996-ലാണ്. കാലിത്തീറ്റകുംഭകോണത്തില്‍ ആകെ 61 കേസുകളാണുള്ളത്. ഇതില്‍ 56 കേസുകളാണ് സി.ബി.ഐയുടെ പരിഗണനയിലുള്ളത്. കേസിന്‍റെ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. എന്നാല്‍ ക്രിമിനല്‍ കേസില്‍ രണ്ടോ അധിലധികമോ വര്‍ഷം ശിക്ഷിക്കപ്പെടുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉടന്‍ അയോഗ്യത കല്‍പ്പിച്ചുകൊണ്ട് ജൂലൈ പത്തിന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പ് കാരണം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടു വര്‍ഷത്തിലധികം ശിക്ഷ വിധിച്ചാല്‍ സുപ്രീം കോടതി വിധി പ്രകാരം ആദ്യം ലോക്‌സഭാംഗത്വം നഷ്ടമാവുന്ന എം.പിയായിരിക്കും ലാലുപ്രസാദ്. 

Tags: