Skip to main content
ഹൈദ്രാബാദ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ വൈ.എസ്. ആര്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. ഹൈദരാബാദ് വിട്ടു പോവരുതെന്നും കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപ കെട്ടി വക്കാനും കോടതി ആവശ്യപ്പെട്ടു.

 

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ 2012 മേയിലാണ് ജഗനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.  485 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം ലഭിച്ചത്. നേരത്തെ സുപ്രീം കോടതി ജഗന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം സി.ബി.ഐ കോടതിയില്‍ തന്നെ ജാമ്യത്തിന് അപേക്ഷിക്കാം എന്നാണ് സുപ്രീംകോടതി പറഞ്ഞിരുന്നത്.

 

ജഗന്റെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന സമയത്ത് സ്വാധീനമുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്.  ആകെ പത്ത് കേസുകളിലാണ് സി.ബി.ഐ ജഗനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

Tags