Skip to main content

ranil wikramasinghe

 

ഇന്ത്യയില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിക്കരുതെന്നും അങ്ങനെ വന്നാല്‍ അവര്‍ക്ക് നേരെ വെടിവെക്കാന്‍ ശ്രീലങ്കയുടെ നാവികസേനയ്ക്ക് വെടിവെക്കാന്‍ അധികാരമുണ്ടെന്നും ശ്രീലങ്കാ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. അതേസമയം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പ്രതികരിച്ചു.  

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീലങ്കാ സന്ദര്‍ശന പരിപാടികളുടെ മുന്നൊരുക്കത്തിന് സുഷമ സ്വരാജും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും ശ്രീലങ്കയില്‍ എത്തിയ വേളയിലാണ് വിക്രമസിംഗെയുടെ പ്രസ്താവന. 27 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യാ പ്രധാനമന്ത്രി ഉഭയകക്ഷി സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തുന്നത്. മാര്‍ച്ച് 12-നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആരംഭിക്കുക.

 

തമിഴ് ടെലിവിഷന്‍ ചാനലായ തന്തി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദമുയര്‍ത്തിയ പരാമര്‍ശം വിക്രമസിംഗെ നടത്തിയത്. വടക്കേ ലങ്കയിലെ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗം കവരുകയാണ് ഇന്ത്യയിലെ മത്സ്യബന്ധന തൊഴിലാളികള്‍ ചെയ്യുന്നതെന്നും വിക്രമസിംഗെ ആരോപിച്ചു.

 

വൈകാരിക പ്രശ്നം കൂടിയായ മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തെ മനുഷ്യത്വപരമായ വിഷയം എന്ന നിലയിലാണ് ഇന്ത്യയും ശ്രീലങ്കയും സമീപിക്കുന്നതെന്ന് വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇതിന് ഉടന്‍ പരിഹാരങ്ങള്‍ ഇല്ലെങ്കിലും സുഹൃത്തുക്കളും അയല്‍ക്കാരും എന്ന നിലയിലാണ് ഇരുരാജ്യങ്ങളും പ്രശ്നത്തെ സമീപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സുഷമ സ്വരാജും ശ്രീലങ്കാ വിദേശകാര്യ മന്ത്രി മംഗള സമരവീരയും ശനിയാഴ്ച പ്രതിനിധിതല ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കും. വിക്രമസിംഗെയുടെ പ്രസ്താവന ചര്‍ച്ചയിലും വിക്രസിംഗെയുമായി നടക്കുന്ന കൂടിക്കാഴ്ചയിലും സുഷമ സ്വരാജ് ഉന്നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച സുഷമ ശ്രീലങ്കാ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ സന്ദര്‍ശിച്ചിരുന്നു.

Tags