കനത്തമഴയെ തുടര്‍ന്ന്‍ അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തി വച്ചു. വീണ്ടും മണ്ണിടിയാനുള്ള സാധ്യതയും തണുത്ത കാലവസ്ഥയുമാണ് തെരച്ചില്‍ നിര്‍ത്താന്‍ കാരണം. അഞ്ഞൂറോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ദുരന്തമുണ്ടായി 24 മണിക്കൂര്‍ പിന്നിട്ടതോടെ മണ്ണിനടിയില്‍പ്പെട്ട 2500-ലധികം പേരെ രക്ഷിക്കാനാവില്ലെന്നാണ് നിഗമനം.
താജിക്കിസ്ഥാന്‍, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദക്ഷാനിലാണ് ദുരന്തവുമുണ്ടായത്. ഒരു മലയുടെ ഭാഗം പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിച്ചിലില്‍ നിരവധി പള്ളികളും വീടുകളും മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ കൊണ്ട് സമീപത്തെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പലയിടത്തും 10 മീറ്ററിലധികം ഉയരത്തിലാണ് വീടുകള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്.
ബദക്ഷാന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദരിദ്ര മേഖലകളിലൊന്നാണ്. അര്‍ഗോ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 400 വീടുകള്‍ മണ്ണിനടിയിലായി. സൈന്യം 700-ഓളം കുടുംബങ്ങളെ രക്ഷപ്പെടുത്തി സുരക്ഷാസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ യു.എന്‍ ഉന്നതതല സംഘം ബദക്ഷാനിലെത്തി. അതേസമയം വടക്കന്‍ അഫ്ഗാനിസ്ഥാന്റെ മറ്റുഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 67,000-ല്‍ അധികം ആളുകള്‍ ദുരിതത്തിലാണ്.