ശ്രീലങ്കയില്‍ നടക്കുന്ന ചോഗം ഉച്ചകോടിക്ക് നവംബര്‍ 15 വെള്ളിയാഴ്ച തുടക്കമായി. ബ്രിട്ടിഷ് കിരീടവകാശി ചാള്‍സ് രാജകുമാരന്‍ ഉച്ചകോടിക്ക് തുടക്കമിട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പുറമേ കാനഡ, മൌറീഷ്യസ് പ്രധാനമന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുക്കില്ല. ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തന്നെയാവും ആദ്യ ദിവസത്തെ പ്രധാന വിഷയമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചോഗം ഉച്ചകോടിയില്‍ പങ്കെടുക്കാത്തത്. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയ്ക്കായി എത്തിയിരിക്കുന്നത്.
ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീവന്‍ ഹാര്‍പറും മൗറീഷ്യസ് പ്രധാനമന്ത്രി നവീന്ദ്ര ചന്ദ്ര രാംഗുലും ഉച്ചകോടിയിൽ പങ്കെടുക്കാത്തത്. 53 രാജ്യങ്ങളിലെ പ്രതിനിധികളാണ് കൊളംബോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് തുടങ്ങിയ പ്രമുഖര്‍ കൊളംബോയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനു പകരം പങ്കെടുക്കാനാണു തന്റെ തീരുമാനമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. അതേസമയം മന്‍മോഹന്‍ സിങ്ങിന്റെ തീരുമാനം അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ ജനാധിപത്യം, മനുഷ്യാവകാശം നീതിന്യായ വ്യവസ്ഥ എന്നിവയെപ്പറ്റിയും മാലിദ്വീപിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ചര്‍ച്ചചെയ്യും. മൂന്ന് ദിവസങ്ങളിലായിട്ടാണ് ചര്‍ച്ച നടക്കുന്നത്.