തമിഴ് വംശജര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ എത്തിയ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പാര്‍ലമെന്‍റംഗങ്ങളെ കൊളംബോയില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചു. ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായി എത്തിയ ഓസ്‌ട്രേലിയന്‍ സെനറ്റ് അംഗം ലീ റിയാനന്‍, ന്യൂസിലന്റ് എംപി ജാന്‍ ലോഗി എന്നിവരെയാണ് ഹോട്ടല്‍ റൂമില്‍ തടഞ്ഞു വെച്ചത്.
വിസാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് ഇത്തരം നടപടി കൈക്കൊണ്ടാതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക പ്രൊജക്ട് വിസകള്‍ ഉണ്ടായിരുന്നതായി പാര്‍ലമെന്‍റിലെ പ്രതിപക്ഷ അംഗം എം.എ. സുമന്തിരന്‍ പറഞ്ഞു. ഹോട്ടലില്‍ ഇരുവരേയും ചോദ്യം ചെയ്യുന്നതിനായി തടഞ്ഞു വെച്ചതായി ഇമിഗ്രേഷന്‍ വിഭാഗം സമ്മതിച്ചിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഉച്ചകോടി ഉടന്‍ നടക്കാനിരിക്കെയാണ് ശ്രീലങ്ക പുതിയ വിവാദത്തിലായത്. എല്‍.ടി.ടി.ഇയുമായുളള യുദ്ധം അവസാനിച്ചിട്ടും രാജ്യത്തെ തമിഴ് വംശജര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വിവരം ശേഖരിക്കാനാണ് ഇരുവരും എത്തിയത്.
നിലവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കാനഡ പ്രധാനമന്ത്രി സ്‌റ്റീഫന്‍ ഹാര്‍പ്പറും കൊളംബോയില്‍ നവംബര്‍ 15-ന് ആരംഭിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.