Skip to main content
NEW DELHI

ധനമന്ത്രി നിര്‍മല സീതാരാമന്‍റെ മൂന്നാം ഉത്തേജന പാക്കേജ് സാമ്പത്തിക പ്രതിസന്ധിക്ക് ഉടന്‍ ആശ്വാസകരമാകില്ലെന്ന് വിദഗ്ധര്‍. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണം ചെയ്തേക്കാം. പാതിയില്‍ നിലച്ച ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കുള്ള സഹായത്തിന് നിഷ്ക്രിയ ആസ്തിയെന്ന മാനദണ്ഡം വെച്ചതും ഭവന നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയാണ്.

ഇത് മൂന്നാം തവണയാണ് പ്രതിസന്ധിയിലുള്ള ഇന്ത്യന്‍ സമ്പദ് രംഗത്തിന് ഉത്തേജന പാക്കേജുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടപെടുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ എത്രത്തോളം സമ്പദ് രംഗത്ത് ഉടന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നതിലാണ് ആശങ്ക. മാന്ദ്യത്തിന് കരകയറ്റാന്‍ പ്രഖ്യാപനങ്ങള്‍ വഴിവെക്കുമെങ്കില്‍ അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും വ്യവസായികളുടെയും പ്രതികരണം. ഇന്ത്യയുടെ കയറ്റുമതി 6.05 ലേക്ക് ഇടിഞ്ഞതോടെയാണ് കയറ്റുമതി രംഗത്തെ കരകയറ്റാനായി ധനമന്ത്രാലയം ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുന്നത്.

അതേസമയം ഭവന നിര്‍മ്മാണ രംഗത്ത് ബാങ്കുകള്‍ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കാത്ത പദ്ധതികള്‍ക്കോ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ നടപടി നേരിടാത്തവര്‍ക്കോ മാത്രമേ ഇരുപതിനായിരം കോടി രൂപയുടെ സഹായത്തിന് അര്‍ഹതയുള്ളു. ഇത് നിലവില്‍ മുടുങ്ങിക്കിടക്കുന്ന ഭവന നിര്‍മ്മാണ പദ്ധതികള്‍ ഉള്ള പല കമ്പനികള്‍ക്ക് തിരിച്ചടിയാണ്. നിലവില്‍ അമ്രപാളി, ജെപി ഇന്‍ഫ്രാ ടെക് തുടങ്ങിയ കമ്പനികളുടെ ഭവന നിര്‍മ്മാണ പദ്ധതികള്‍ പലതും മുടങ്ങിയ സ്ഥിതിയിലാണ്.