Skip to main content
NEW DELHI

നികുതി വിഹിതം വെട്ടിക്കുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്കപ്പെട്ട് സംസ്ഥാനങ്ങള്‍. ആഭ്യന്തര സുരക്ഷക്കായി നിലവിലുള്ള നികുതി വിഹിതത്തില്‍ നിന്ന് ഒരു ഭാഗം നല്‍കണമെന്ന മോദി സര്‍ക്കാരി‍ന്‍റെ പുതിയ തീരുമാനത്തിലാണ് സംസ്ഥാനങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ സുരക്ഷാ നിധി എന്ന പേരില്‍ ആഭ്യന്തര സുരക്ഷക്കായി അധിക പണം കണ്ടെത്താനാണ് മോദി സര്‍ക്കാരിന്‍റെ നീക്കം. ഇതിനായി നിലവില്‍ ലഭിക്കുന്ന നികുതി വരുമാനത്തില്‍ നിന്ന് ഒരു ഭാഗം സംസ്ഥാനങ്ങള്‍ക്ക് നീക്കിവെക്കേണ്ടി വരും. ആകെ നികുതി വരുമാനത്തിന്‍റെ 42 ശതമാനമാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫണ്ടുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത് ഫെഡറല്‍ അധികാരങ്ങളെ ദുര്‍ബലമാക്കുമെന്നതാണ് ഉയരുന്ന പ്രധാന ആശങ്ക. ഇപ്പോള്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണന വിഷയത്തില്‍ രാഷ്ട്രീയ സുരക്ഷാ നിധിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പതിനാലാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് നികുതി വരുമാനം 42 ആക്കിയത്. മുന്‍പുള്ള ധനകാര്യ കമ്മീഷന്‍റെ തീരുമാനം നടപ്പാക്കിയത് പുനരാലോചിക്കുന്നത് അസാധാരണമാണെന്നാണ് വിലയിരുത്തല്‍. ഒപ്പം അവസാന മണിക്കൂറില്‍ ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയത്തില്‍ രാഷ്ട്രീയ സുരക്ഷ നിധി ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിക്കിടെ ജി.എസ്.ടി വരുമാനത്തില്‍ വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലും ഇത്തരത്തില്‍ കൂടുതല്‍ പണം സംസ്ഥാനങ്ങളില്‍ നിന്ന് കവരുന്നത് വൈകാതെ പ്രതിഷേധത്തിന് വഴിവെക്കാനാണ് സാധ്യത. അതേസമയം അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള നീക്കം കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ട്.