കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. ബുധനാഴ്ച അമേഠിയില്‍ പത്രികാ സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സമയത്ത് രാഹുലിന്റെ നെറ്റിയില്‍ ലേസര്‍ രശ്മികള്‍ പതിച്ചു. ഒന്നല്ല ഏഴ് തവണ. ഇത് സ്‌നൈപര്‍ തോക്കില്‍ നിന്നുള്ള രശ്മികളാണെന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്. രാഹുലിന്റെ നെറ്റിയില്‍ പച്ച നിറത്തിലുള്ള രശ്മികള്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. സുരക്ഷാ വീഴ്ചയാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് 3 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കത്ത് നല്‍കി. അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണു കത്തില്‍ ഒപ്പു വച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെ കത്തില്‍ ഉദാഹരിക്കുന്നുണ്ട്.
സംഭവം വിശദമായി അന്വേഷിക്കണമെന്നും ഭീഷണികള്‍ ഉണ്ടെങ്കില്‍ ഫലപ്രദമായി നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന് നല്‍കേണ്ട സുരക്ഷയില്‍ വീട്ടുവീഴ്ച പാടില്ലെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
