Skip to main content

bonacaud cross issue

മനുഷ്യരാശിയുടെ മോചനത്തിനുള്ള പ്രതീക്ഷയായി മാറേണ്ട കുരിശ്, പ്രകൃതിക്കും മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും വാര്‍ത്തമാനത്തിലും ഭാവിയിലും ദുരിതമാകുന്ന കാഴ്ചയാണിപ്പോള്‍ കേരളത്തില്‍. കൊള്ളയ്ക്കും വെട്ടിപ്പിടുത്തതിനും മറയായി കുരിശിനെ ഉപയോഗിക്കുന്നു. വെട്ടിപ്പിടുത്തക്കാരുടെയും കൊള്ളക്കാരുടെയും വക്കാലത്തുമായി സഭകള്‍ വരുന്നു, ആ സഭകള്‍ സമുദായത്തിന്റെ പേരില്‍ കാലാകാലങ്ങളായി സര്‍ക്കാരുമായി വിലപേശുന്നു. ഇവിടെ പരാജയപ്പെടുന്നത്  ക്രിസ്തുവും പ്രകൃതിയും ജനായത്തവുമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബോണക്കാട് സംഭവം. കേരളം എന്നുപറയുന്ന ഭൂമിശാസ്ത്ര പ്രദേശം പശ്ചിമ ഘട്ടത്തിന്റെ തുടര്‍ച്ചയാണ്, അഥവാ പശ്ചിമഘട്ടം തന്നെ. നാം കണ്ണ് തുറക്കുമ്പോള്‍ കാണുന്ന പച്ചമുതല്‍ കൊല്ലം മുതല്‍ ആലപ്പുഴവരെ നീണ്ടു കിടക്കുന്ന കരിമണല്‍ വരെയും അതിന്റെ ഭാഗം തന്നെ.

 

പശ്ചിമഘട്ടം ദുരന്ത ഭീഷണിയെ നേരിടുന്നതിനുള്ള പരിഹാരമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട് മുന്നോട്ട് വയ്ക്കുന്നത്. അതിനെ തകര്‍ത്തതിന്റെ പിന്നില്‍ കുരിശിനെ ഉപയോഗിച്ച് വനഭൂമി കൈയേറ്റവും കൊള്ളയും നടത്തിയവരാണ്. അവരില്‍ ചിലര്‍ വൈദിക കുപ്പായങ്ങള്‍ അണിയുന്നുണ്ട്, അവരെ രാഷ്ട്രീയ നേതൃത്വം ഭയക്കുന്നു. ഈ ഭയമാണ് കേരത്തില്‍ വേനല്‍ക്കാലത്തായാലും മഴക്കാലത്തായാലും സംഭവിക്കുന്ന സകല ദുരന്തത്തിന്റെയും കാരണം.മൂന്നാറിലേക്കായിക്കോട്ടെ അഗസ്ത്യമലയിലേക്കായിക്കോട്ടെ യാത്ര ചെയ്യുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ഗിരിശൃംഗങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് കുരിശുകളും ആ പ്രകൃതിയില്‍ അശ്ലീലം എന്ന് തോന്നിപ്പിക്കുന്ന പള്ളികളും കെട്ടിടങ്ങളുമാണ്. ഈ കുരിശുകളും പള്ളികളും ഓര്‍മ്മിപ്പിക്കുന്നത് മത്തായി സുവിശേഷത്തിലെ 4 18 അഞ്ചാം വാക്യമാണ് ' മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല , ദൈവത്തിന്റെ വായില്‍ക്കൂടിവരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു '.

 

ആനത്താരകള്‍ നഷ്ട്ടപ്പെട്ട് വഴിതെറ്റി നാട്ടിലിറങ്ങുന്ന കാട്ടാനകള്‍, കാട് നശിച്ച് നാടിറങ്ങുന്ന പുലിയും കടുവയും മുള്ളന്‍ പന്നികളും തണുപ്പ് നഷ്ടമായി ഈര്‍പ്പത്തിന്റെ പ്രതലങ്ങള്‍ തേടി പുറത്തേക്കിറങ്ങുന്ന ഉഗ്ര വിഷപ്പാമ്പുകളും,അങ്ങനെ കാട് വീടായിമാറേണ്ട വന്യമൃഗങ്ങള്‍ നാടിറങ്ങുന്നു. ഇത് നാട്ടിലെ ജീവിതത്തെ അസാധ്യമാക്കി മാറ്റിയിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മലമുകളുകളില്‍ കുരിശുകള്‍ സ്ഥാപിച്ചവര്‍ക്കും അവിടെ കുര്‍ബ്ബാന നടത്തിയവര്‍ക്കും നടത്തുന്നവര്‍ക്കും ഒഴിഞ്ഞു മാറാനാവില്ല.

 

പോലീസുമായി കല്ലേറിലും അക്രമത്തിലും ഏര്‍പ്പെടുന്ന വിശ്വാസികളെയും അതില്‍ ഉള്‍പ്പെടുന്ന പുരോഹിതരെയുമാണ് ഇന്ന് കാണുന്നത്. ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചു കൊടുക്കണം എന്നാണ് കുരിശിലൂടെ യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ മഹാത്മാവിന് ധൈര്യം നല്‍കിയതും വഴികാട്ടിയതും ഈ യേശു മാര്‍ഗമായിരുന്നു.അതുകൊണ്ട്  മലമുകളിലെ കുരിശുകള്‍  ഓര്‍മിപ്പിക്കുന്നതിന് പിശാചിനെയാണ്. ഈ പിശാചിന്റെ മുന്നിലാണ് സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും മുട്ടുമടക്കുന്നത്. ഇത് താങ്ങാവുന്ന പരിധിക്കപ്പുറം, എത്തിക്കഴിഞ്ഞു ഇനിയും തുടര്‍ന്നാല്‍ ദുരന്തത്തിന് പകരം വിപത്താകും ഫലം. ഗര്‍ഭസ്ഥ ശിശുക്കള്‍ പോലും അതിനിരയാകും സംശയം വേണ്ട .

 

ഇപ്പോള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആരാധന അനുവദിക്കപ്പെട്ടിരിക്കുന്നു. പിശാചിന്റെ മുന്നിലുള്ള കീഴടങ്ങല്‍ തന്നെയാണത്. ക്രിസ്തുവിനെയോ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികളെയോ പരിഗണിച്ചുകൊണ്ടുള്ളതല്ല ഈ നടപടി. ക്രിസ്തുവിന്റെയും കുരിശിന്റെയും പശ്ചാത്തലത്തില്‍  പരസ്യമായി പോലീസിന് നേരെ കല്ലേറും അക്രമവും നടത്തിയ വിഭാഗം, ഏത് തരം നിയന്ത്രണങ്ങക്ക് വിധേയമായിട്ടാണെങ്കില്‍ പോലും മലമുകളില്‍ കയറിയാല്‍, അവര്‍ എങ്ങനെ പെരുമാറും എന്നുള്ളത് വ്യക്തമാണ്. സര്‍വ്വ നാശത്തിന്, അടിസ്ഥാനമില്ലാത്ത പേടിയുടെ പേരില്‍ സര്‍ക്കാരും മുട്ട് മടക്കുന്ന ദയനീയ ചിത്രമാണ് നാം കാണുന്നത്.മലമുകളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സ്വര്‍ഗത്തില്‍  സൃഷ്ടിക്കുന്ന നരഗങ്ങളെപ്പോലെയായി മാറുന്നതിന്റെ കാരണവും ഈ സര്‍ക്കാര്‍ സമീപനമാണ്.

 

Tags