ജീവിതം: ഒരു ദിനസരി

ദ്വിതീയ
Sat, 29-04-2017 10:48:40 AM ;

 

തേങ്ങിക്കരയുന്ന ഫോണിലെ അലാറം മൂന്നാമതും ഞെക്കി അമര്‍ത്തി അവള്‍ കൃത്യം ആറേമുക്കാലിന് ചാടി എണീറ്റിരുന്നു!

 

6:46 a.m.

ഓടിക്കിതച്ചു പ്രഭാതകൃത്യങ്ങള്‍ ചെയ്തെന്നു വരുത്തി. മക്കളും ഭര്‍ത്താവും കൂര്‍ക്കം വലിച്ചുറങ്ങുന്നത് കടിച്ചു പിടിച്ചു സഹിച്ചു. കിടപ്പുമുറിയുടെ മുന്നിലെത്തുമ്പോള്‍ തന്നെ കയ്യില്‍നിന്നു കൃത്യമായി എന്നും വഴുതി വീഴുന്ന പാത്രം. എന്നത്തേയും പോലെ അന്നും ഒരു സോറി പറഞ്ഞു മക്കളെയും ഭര്‍ത്താവിനെയും ഇളിച്ചുകാട്ടി. അവരുടെ അലാറം മുഴങ്ങിയതാണെന്ന ഉത്തമബോധ്യത്തോടെ അച്ഛനും മക്കളും ചാടി ഓടി. അവള്‍ അടുക്കളയിലേക്കും.

 

7:30 a.m.

നുരഞ്ഞു പൊങ്ങി വന്ന അപ്പത്തിന്റെ മാവ് കണ്ടതും മനസ്സിലൊരു ലഡ്ഡു പൊട്ടി. അമ്മായിയമ്മക്കൊരു ചുട്ട മറുപടിയാവട്ടെ ഇന്നത്തെ പൂ പോലത്തെ അപ്പം എന്ന് മനസ്സില്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഭര്‍ത്താവിനോട് വിളിച്ചു പറഞ്ഞു. “ചേട്ടാ... ഇത് കണ്ടോ?! അപ്പം ഇന്ന് എങ്ങനുണ്ടെന്നു പറയണേ.” ഇത് കേട്ട്, നെഞ്ചില്‍ ഒരുപിടി വെടിമരുന്നു വീണ ഞെട്ടലില്‍, പല്ലു തേക്കാനായി വായില്‍ വച്ച ബ്രഷ് എവിടെയോ ഉടക്കിയതും ഒരു യുദ്ധകാഹളം മുഴങ്ങിയതായി അയാള്‍ക്ക്‌ തോന്നി!

 

8:00 a.m.

രാവിലെ ദൈവങ്ങള്‍ക്ക് മുന്‍പില്‍ വിളക്ക് തെളിഞ്ഞപ്പോള്‍ ഞരങ്ങി മൂളി തെളിഞ്ഞതാണ് ടി.വിയും. പത്രം വായിക്കാന്‍ സമയം ഇല്ലാത്തതുകൊണ്ടാണെന്ന് ന്യായം. “തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയ്ക്ക് ഇരട്ടി ഭൂരിപക്ഷം കിട്ടണേ ഭഗവാനേ” എന്ന് മാത്രമായിരുന്നു അവളുടെ പ്രാര്‍ഥന. തോറ്റാല്‍ എതിര്‍കക്ഷിക്കാരനായ  ഭര്‍ത്താവിന്റെ മുന്‍പില്‍ പിന്നെ തലയുയര്‍ത്തണ്ട!

പത്തു വയസ്സുകാരി മകളുടെ മുടി വലിച്ചു കെട്ടുന്നതിനിടയില്‍ ഇളയവന്‍ ഏഴു വയസ്സുകാരനെ കുളിപ്പിക്കാന്‍ ഭര്‍ത്താവിനോട് ആക്രോശിച്ചു. ഒരു ഭാഗത്തെ മുടി വലിച്ചു പിടിച്ചു പെണ്ണിനേം കൊണ്ട് നേരെ അടുക്കളയിലേക്ക് ഓട്ടം. കൃത്യമായി ഇന്നും പാല് തിളച്ചു ചാടി അടുപ്പിലെത്തി! “ഈ പെണ്ണിന് മുടി കെട്ടാനും അറിയില്ലേ! കണ്ടോ നീ കാരണം ഇന്നും പാല് പോയത്.” അമ്മയുടെ മുഖത്തേക്ക് നോക്കാതെ മകള്‍ കിട്ടിയ പാതി മുടി കൊണ്ട് ഓടി.

 

8:30 a.m.

ടി.വിയില്‍ പത്തു ദിവസമായി  കൊണ്ടാടുന്ന ‘പീഡന മഹോത്സവം’ തിരഞ്ഞെടുപ്പ് കാരണം തല്‍ക്കാലം എന്നെന്നേക്കുമായി മാറ്റിവച്ചിരുന്നു. അതിന്‍റെ വിശദവിവരങ്ങള്‍ അത്ര നന്നായി കേള്‍ക്കാന്‍ പറ്റിയില്ലെന്ന് ഭര്‍ത്താവ് പിറുപിറുത്തു. ആര് എന്ത് ചെയ്തുവെന്ന് പറയാതെ വിവരം റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ ബഹിഷ്കരിച്ചതായി അയാള്‍ പ്രഖ്യാപിച്ചു. “ഇതൊക്കെ പെണ്ണുങ്ങള് അടങ്ങിയിരിക്കാതതിന്റെയാ... എന്നാല്‍ അത് ശരിക്ക് റിപ്പോര്‍ട്ട്‌ ചെയ്യുവോ ഇവര്! അതും ഇല്ല.” ആറപ്പവും എണ്ണത്തില്‍ പെടാത്ത മൂന്നെണ്ണം വേറെയും കഴിച്ചു അയാള്‍ ഏമ്പക്കം വിട്ട് എണീറ്റു.

“അതെ, പെണ്‍കുട്ടികളെ നല്ലപോലെ സൂക്ഷിക്കണം ഈ കാലത്ത്.” അവളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു

കുളി കഴിഞ്ഞു കുഞ്ഞുമുണ്ടുടുത്ത് ചാടി വന്ന് ചേച്ചിയുടെ മുടി പിടിച്ചു വലിച്ച് ഒരു ഉന്തും കൊടുത്ത് ഇളയവന്‍  ചിരിച്ചു കൊണ്ട് ഓടിയതും, കരഞ്ഞുകൊണ്ട്‌ നിന്ന മകളോട് അച്ഛന്‍ ഒരു സ്ഥിരം  ശാസനയും പാസ്സാക്കി. “ഹ! കരയല്ലെടീ... അവനൊരു ആണ്‍ചെറുക്കനല്ലേ? കുരുത്തക്കേടൊക്കെ ഉണ്ടാവും. നീ കാര്യമാക്കണ്ട.” ഇളയവന്റെ വായിലൊരു കഷണം അപ്പം തിരുകിക്കൊണ്ട് നിന്ന അവള്‍ അത് കേട്ടു ചിരിച്ചു.

 

9:00 a.m.

‘അവധി തുടങ്ങാറായി. മക്കളെ സമ്മര്‍ ക്യാമ്പിനു ചേര്‍ത്തെ പറ്റുള്ളൂ. എവിടെയാ മക്കളെ വിടുന്നതെന്ന് എന്നും ഓഫിസില്‍ ചര്‍ച്ചയാ എല്ലാവരും. ഇനിയിപ്പോ അതൊരു ചിലവു വേറെ. അവളോര്‍ത്തു. സാരിയിലെ അവസാന പിന്നും കുത്തി. വാഷിംഗ്‌ മെഷിനിലെ തുണി ഉണങ്ങാനിട്ടു. ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഫോണ്‍ കിണുങ്ങുന്നത്. ഫേസ്ബുക്കിലൊരുത്തി ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥയെയും മാതാപിതാക്കളുടെ മത്സരബുദ്ധിയെയും കുറിച്ചൊരു വലിയ എഴുത്ത്. ഇതൊക്കെ ഇവള്‍ക്കെങ്ങനെ എഴുതാന്‍ പറ്റുന്നു! വല്ലോരും പറഞ്ഞു കൊടുത്തത് തന്നെയാവും. ഇനിയിപ്പോ ഇന്ന് ഇവളാവും ഓഫിസില്‍ വിഷയം. ഉള്ളു ഇരമ്പിത്തുടങ്ങിയത് കണക്കാക്കാതെ പല്ലിറുമ്മി ഒരു ‘ലൈക്‌’ അടിച്ചു. ഒന്നുമില്ലെങ്കിലും ഗൂഗിളില്‍ പോയി ഏതെങ്കിലും പ്രശസ്തരുടെ നല്ലൊരു വാക്കെങ്കിലും ഇന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ആക്കിയെ ഒക്കൂ. ഉള്ളില്‍ പറഞ്ഞുറപ്പിച്ച് അവള്‍ ബസില്‍ കയറാന്‍ നടന്നപ്പോഴേക്കും അച്ഛനും മക്കളും സ്കൂട്ടറില്‍ പോയിക്കഴിഞ്ഞിരുന്നു.

 

9:15 a.m.

ബസിലെ തിക്കും തിരക്കും സഹിച്ചു നില്‍ക്കുമ്പോഴാണ് ഭാഗ്യവശാല്‍ ഒരു സീറ്റ് ഒഴിഞ്ഞു കിട്ടിയത്. അടുത്ത് നിന്ന വൃദ്ധയെ പതുക്കെ, അറിഞ്ഞു അറിഞ്ഞില്ല എന്ന മട്ടില്‍, ഒരു തള്ളും കൊടുത്ത് ‘സീറ്റ് ബുകിംഗ്’ എന്നോണം കയ്യിലിരുന്ന കുട അവള്‍ സീറ്റിലേക്ക് വലിച്ചെറിഞ്ഞു. ധൃതി പിടിച്ചു ഇരുന്നപ്പോഴാണ് ഒരു കാര്യം അവള്‍ ഓര്‍ത്തത്. ഇന്ന് സ്കൂളില്‍ കുറച്ചു മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും “മോട്ടിവേഷന്‍ ക്ലാസ്സ്‌” എടുക്കാന്‍ തന്നെയാണല്ലോ ഇന്നലെ ഏല്‍പ്പിച്ചതെന്ന്! ‘അല്ല, ഇത്രയും അച്ചടക്ക ജീവിതം നയിക്കുന്ന, സര്‍വോപരി മികച്ച അധ്യാപികയും കൂടിയായ തനിക്ക് ആ അവസരം തന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!’ അവള്‍ ഒന്ന് ഊറിച്ചിരിച്ചു. പിന്നീട് ഇറങ്ങാനുള്ള സ്ഥലം എത്തുന്ന വരെ കണ്ണടച്ച് ഇരുന്നു. ബസില്‍ നല്ല തിരക്കാണ്. കൂട്ടത്തില്‍ വൃദ്ധകള്‍, കൈക്കുഞ്ഞുമായി യുവതികള്‍, ഗര്‍ഭിണികള്‍... ആരുടേയും നോട്ടം കാണണ്ടല്ലോ!

 

10:30 a.m.

സ്ഥലം: സ്കൂള്‍ ഓഡിറ്റോറിയം

സദസ്സ് നിറയെ മാതാപിതാക്കള്‍.

തന്‍റെ സാദാ കണ്ണട മാറ്റി, സ്വല്‍പ്പം കടുത്ത ഫ്രെയിം ഉള്ളത് എടുത്ത് വെക്കുന്നത് ആരും കാണാതിരിക്കാന്‍ വേദിക്ക് പിന്നില്‍ പോയി ധൃതിയില്‍ അവള്‍ പുറത്ത് വന്നു. മിക്കപ്പോഴും ചെയ്യുന്ന ഒരു പണി ആയതുകൊണ്ട് സംസാരിക്കാന്‍ തെല്ലും ഭയവും അവള്‍ക്കു തോന്നിയില്ല. ഒരു മുഖവുരയോടെ അവള്‍ തുടങ്ങി...

“മാതാപിതാക്കള്‍ ആവുക എന്നത് വലിയ ഉത്തരവാദിത്വമാണ്. ആദ്യം നമ്മള്‍ നല്ല മനുഷ്യരാവണം. അസൂയയും മത്സരബുദ്ധിയും കുറക്കണം. മക്കളെ ഒരുപോലെ സ്നേഹിക്കാന്‍ പഠിക്കണം. പിന്നെ...”

അവള്‍ക്കു നാവു കുരുങ്ങി! വെളിച്ചം മങ്ങുന്ന പോലെ... ഒന്നുകൂടി നോക്കിയപ്പോള്‍...

സദസ്സില്‍ അവളുടെ മകളും മകനും ഭര്‍ത്താവും! ഒരു നിമിഷം കണ്ണടച്ച് തുറന്നു... അവര്‍ മാഞ്ഞിരിക്കുന്നു!

ഞെട്ടല്‍ പുറത്ത് കാണിക്കാതെ അവള്‍ തുടര്‍ന്നു....

“പിന്നെ... ഏറ്റവും വലുത് സഹജീവികളോട് നമ്മള്‍ കാണിക്കുന്ന സ്നേഹവും... ബഹുമാനവും... അത്... പിന്നെ...”

ഇല്ല... വരുന്നില്ല ശബ്ദം... അവളുടെ നേരെ മുന്‍പിലതാ ബസില്‍ കണ്ട കിഴവി ഇരുന്നു ഇളിക്കുന്നു!

തനിക്ക് എന്ത് സംഭവിക്കുന്നുവെന്ന്‍ അറിയാതെ പകച്ചു നിന്നപ്പോഴാണ്... വരാന്തയിലൂടെ മറ്റൊരുത്തി അസൂയയോടെ അവളെ നോക്കുന്നത് ശ്രദ്ധിക്കുന്നത്... രാവിലെ ഫെസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടവള്‍!

പിന്നെ ഒന്നും നോക്കിയില്ല... സര്‍വ ശക്തിയും വീണ്ടെടുത്ത്... “അതെ! ബഹുമാനം....അതാണ്‌ സുഹൃത്തുക്കളെ. നമുക്ക് ഏറ്റവും വലുത്...”

 

12:00 a.m.

നിറഞ്ഞ കൈയ്യടി. പ്രശംസകള്‍. ക്ഷണനേരത്തില്‍ ആളൊഴിഞ്ഞു. അവള്‍ നിറഞ്ഞ ചിരിയോടെ പുറത്തിറങ്ങി. വെറുതെയൊന്നു തിരിഞ്ഞു നോക്കാന്‍ തോന്നി.

അപ്പോഴതാ ആ മുറിയില്‍ നിറയെ മുഖങ്ങള്‍... ചെറുതും വലുതും... നിറം മങ്ങിയതും ഇരുണ്ടതും... ചുളിവുകളുള്ളതും... അങ്ങനെ എത്രയോ...

കണ്ണിറുക്കി പിടിച്ച് അവള്‍ നട്ടുച്ച വെയിലിലേക്ക്‌ ഓടി ഒളിച്ചു.


തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.

 

 

Tags: