രണ്ടു വയസ്സ് തികഞ്ഞ മകനെ ആദ്യമായി ഡേകെയറില്‍ വിടുന്നതിന്റെ ഉള്‍നോവ് ഏതൊരു അമ്മയേയും പോലെ എനിക്കും തികട്ടി വന്നു. അവനു വെറും 84 ദിവസം പ്രായമുള്ളപ്പോള്‍ അമ്മയെ ഏല്‍പ്പിച്ചു ജോലിക്ക് പോയി തുടങ്ങിയതാണ്. അതുകൊണ്ടുതന്നെ, അവനു എന്നോടും ഭര്‍ത്താവിനോടും മമത കുറയുമോയെന്ന സ്വാഭാവിക ഭീതി ചിലപ്പോഴെങ്കിലും ഞങ്ങളില്‍ ഉടലെടുത്തിരുന്നു. അതുകൊണ്ടാവണം, ഡേകെയറില്‍ ആദ്യ ദിവസം കൊണ്ടുവിടുമ്പോള്‍ എന്നെ പിരിയുന്ന സങ്കടം കൊണ്ട് അവന്‍ ഉറക്കെ കരയണേ എന്ന ക്രൂരമായ പ്രാര്‍ഥനകൂടി ഉണ്ടായി, ഉള്ളില്‍! എന്നാല്‍ ഞങ്ങളുടെ സര്‍വ്വ ധാരണകളും തെറ്റിച്ച്, പൊടി പിടിച്ചു കിടന്ന ഒരു മരക്കുതിരയെ കണ്ടപ്പോള്‍ അവന്‍ എന്റെ കൈപ്പിടിയില്‍ നിന്നു കുതറിയോടി അതിനെ ആശ്ലേഷിച്ചു! ‘സ്മാര്‍ട്ട് ബോയ്’ എന്ന് അവിടത്തെ ടീച്ചര്‍ അഭിനന്ദിച്ചപ്പോള്‍ ഞാന്‍ ചിരിച്ചുവെന്നു വരുത്തി. ഇത് കണ്ടു നിന്ന ഭര്‍ത്താവിന്‍റെ മുഖത്ത് പതിവിലും വ്യത്യസ്തമായി ഞാന്‍ കണ്ടത് ഒരു നിറഞ്ഞ ചിരിയായിരുന്നു.
‘ഈശ്വരാ ഞാന്‍ ഇത്രക്ക് സ്വാര്‍ത്ഥയായിപ്പോയല്ലോ’ എന്ന കുറ്റബോധം എന്നെ കാറി തിന്നാന്‍ തുടങ്ങിയപ്പോഴാണ് ആ മൊഴിമുത്തുകള്‍ വീണത്. “ഭാഗ്യം! അവന്‍ നിന്‍റെ പേര് മാത്രം പറഞ്ഞു കരഞ്ഞിരുന്നെങ്കില്‍ എന്റെ സ്വസ്ഥത പോയേനെ!!” ശേഷം ഒരു കൂട്ടച്ചിരി. സര്‍വ്വം ശുഭം.
അന്നേ ദിവസം വൈകീട്ട് വരെ ഞങ്ങള്‍ പരസ്പരം കുഞ്ഞിന്‍റെ ഭക്ഷണവും ഉറക്കവും എല്ലാം എന്താകുമെന്ന ആശങ്ക പങ്കുവച്ചു തീര്‍ത്തു. ഒടുവില്‍ ആ നേരം വന്നെത്തി. അവനെ തിരിച്ചു കൊണ്ടുവരണം. ഞങ്ങള്‍ രണ്ടുപേരും ഇരുച്ചക്രശകടത്തില്‍ പാഞ്ഞെത്തിയപ്പോള്‍ കാണുന്നത് ഞങ്ങളെ കാത്തു നില്‍ക്കുന്ന കുഞ്ഞുകണ്ണുകളെയാണ്. ഞങ്ങളെ കണ്ടതും അവനോടി വന്നു അവന്‍റെ അച്ഛന്‍റെ ദേഹത്ത് ചാടിക്കയറി! അവന്‍ കൈ നീട്ടി എന്നെയും ചേര്‍ത്ത് നിര്‍ത്തി. ഞങ്ങള്‍ പൂര്‍ണ്ണ സന്തുഷ്ടര്‍! അവന്‍റെ അടുത്ത നീക്കമാണ് അന്തരീക്ഷമാകെ മാറ്റിയത്.
അവനെ ഉമ്മ വെയ്ക്കാന്‍ ശ്രമിച്ച അച്ഛനെ അവന്‍ വിലക്കി! എന്‍റെ മുഖം ചേര്‍ത്ത് വച്ച് അവന്‍ ആജ്ഞാപിച്ചു: “അച്ഛാ..അമ്മ...ഉമ്മ...”
കാഴ്ചക്കാരും ആ സ്ഥാപനത്തിലെ ജീവനക്കാരികളുമായ രണ്ടു യുവതികളുടെ മുഖത്ത് ലജ്ജ... വൈക്ലബ്യം... ചുറ്റും അന്തം വിട്ടു നില്‍ക്കുന്ന ഒരു പറ്റം കുട്ടികള്‍...
എന്‍റെ മനസ്സില്‍ അപ്പോള്‍ കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു സീന്‍ ആണ് ഓടിക്കൊണ്ടിരുന്നത്. ഞാനും എന്‍റെ ഭര്‍ത്താവും കല്യാണത്തിന് മുന്‍പ് പ്രണയബദ്ധരായിരുന്ന സുവര്‍ണകാലത്ത്, ഒരിക്കല്‍ ഞാനെന്‍റെ സുഹൃത്തിനെ ആശ്ലേഷിച്ചതിന്റെ പേരില്‍ യുദ്ധം നടന്നത്. ആദ്യമൊക്കെ ഏതൊരു കാമുകിയെപോലെയും ഞാനത് ആസ്വദിച്ചെങ്കിലും, ആണ്‍കുട്ടികളുടെ ഇടയില്‍ കളിച്ചു വളര്‍ന്ന എനിക്കത് വളരെ അരോചകമായി തോന്നി. ബന്ധങ്ങളെ ലിംഗത്തിന്റെയും നിറത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിക്കാന്‍ എന്നെ കുട്ടിക്കാലത്ത് പഠിപ്പിക്കാന്‍ വിട്ടുപോയതായിരിക്കണം! വളരെ യാഥാസ്ഥിതികനായിരുന്ന പാവം എന്‍റെ പ്രിയതമന്‍ ദാമ്പത്യസുഖത്തിനു വേണ്ടി അത്തരം വീക്ഷണങ്ങളൊക്കെ പിന്നീട് എനിക്ക് വേണ്ടി അടിയറവു വെക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് വേണ്ടി അത്തരം സന്ദര്‍ഭങ്ങള്‍ ഞാന്‍ ഒഴിവാക്കാനും ശ്രമിച്ചു. പൂര്‍ണ്ണമായും കൊടുക്കല്‍ വാങ്ങലുകളാണല്ലോ ഒന്നിച്ചുള്ള ജീവിതം.
ചുറ്റുമുള്ളവരുടെ അടക്കിപ്പിടിച്ച ചിരിയാണ് എന്നെ ചിന്തയില്‍നിന്നു തിരിച്ചു കൊണ്ടുവന്നത്.
ചെറുക്കന്‍ വിടുന്ന മട്ടില്ല... ലേശം കര്‍ക്കശമായി തന്നെ അവന്‍ അലറി: “അച്ഛാ...അമ്മ...ഉമ്മ...കൊടുക്കൂ...” സര്‍വ്വരുടേയും ഭാവങ്ങള്‍ സ്ലോമോഷനില്‍ സൂം ചെയ്തെടുത്താല്‍ അറിയാം, സന്ദര്‍ഭത്തിന്റെ ഒരു...ഇത്...
എന്നെ ഞെട്ടിച്ചു കൊണ്ട് എന്‍റെ ഭര്‍ത്താവ്... അതായത് ആ പണ്ടത്തെ കാമുകന്‍ തന്നെ... ഒരു ജാള്യതയും കൂടാതെ ചിരിച്ചു കൊണ്ട് എന്‍റെ കവിളിലൊരു കുഞ്ഞുമ്മ തന്നതും മകന്‍ ഞങ്ങളെ കെട്ടിപ്പിടിച്ചു രണ്ടുപേര്‍ക്കും ഉമ്മ തന്നിട്ട് അനുമതി തന്നു: “പോവാം...”
വീട്ടില്‍ പോകാന്‍ തിരിഞ്ഞിറങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചു... നമ്മള്‍ മുതിര്‍ന്നവര്‍ എത്ര കാലം കഷ്ടപ്പെട്ട് പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ് കുഞ്ഞുങ്ങള്‍ ഒരു നിമിഷം കൊണ്ട് പഠിപ്പിക്കുന്നത്! വീട്ടില്‍ ഞങ്ങള്‍ മൂന്നു പേരും പങ്കുവെക്കുന്ന നിഷ്കളങ്ക സ്നേഹപ്രകടനം മറ്റൊരാളുടെ മുന്നില്‍ വരുമ്പോഴെങ്ങനെ അശ്ലീലമാകും? ഉള്ളിലുള്ള ഉദ്ദേശം അപ്പോഴും ഇപ്പോഴും ഒന്ന് തന്നെയല്ലേ?
“ഇതെന്ത് പറ്റി മാഷേ?” ഒരു ചെറുചിരിയോടെ അതിശയിച്ചു ചോദിച്ച എന്നോട് “എല്ലാം കാണുന്നോര്ടെ കണ്ണിലല്ലേടീ...” എന്നു കാമുകന്‍ ചിരിച്ചു മൊഴിഞ്ഞു...
കുഞ്ഞുങ്ങള്‍ മികച്ച അധ്യാപകര്‍ തന്നെയെന്നതില്‍ തര്‍ക്കമില്ല. ഓരോ ദിവസവും കണ്ണും കാതും തുറന്നിരുന്നാല്‍ ചിന്തിക്കാനും തിരുത്താനുമുള്ള വകുപ്പ് ധാരാളമുണ്ടാകും. കുട്ടികള്‍ ആശയപ്രകടനം തുടങ്ങുന്ന പ്രായം മുതല്‍ അച്ഛനമ്മമാര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു എന്നത് നഗ്നസത്യമാണ്. കുഞ്ഞിന്റെ പ്രവൃത്തികളെല്ലാം തന്നെ മാതാപിതാക്കള്‍ക്ക് നേരെയുള്ള കണ്ണാടിയാകുമ്പോള്‍ തുടങ്ങുന്നു, വിധിയെഴുത്തും കുറ്റപ്പെടുത്തലും ഉപദേശങ്ങളുമൊക്കെ. ഈ കാരണം കൊണ്ട് തന്നെ ഒരു കുഞ്ഞു മനുഷ്യന്‍റെ നിലപാടുകളും മനോഭാവവും വീക്ഷണങ്ങളുമൊക്കെ രൂപപ്പെടുന്നത് ഈ കാലങ്ങളിലാണ്. നമ്മള്‍ എത്ര തന്നെ മറ്റുള്ളവരെ ആക്ഷേപിച്ചാലും, ഉപദേശിച്ചാലും അറിഞ്ഞോ അറിയാതെയോ സമൂഹത്തിന്‍റെ അളവുകോല്‍ അവയ്ക്കുമേല്‍ പതിയാറുണ്ട്. അങ്ങനെ പോകെ പോകെ അവര്‍ മാതാപിതാക്കളുടെ ‘മാനം കാക്കുന്നവര്‍’ എന്ന വലിയ ഉത്തരവാദിത്വത്തിലേക്കു സ്ഥാനക്കയറ്റം നേടുന്നു. ഇതാണ് രീതി. അങ്ങനെ സ്വത്വം നശിച്ച്, ഈ മാനസികഭാരത്തില്‍ നിന്നു മോചനം തേടി ഒട്ടേറെ കൗമാരക്കാര്‍ എന്റെ മുന്നില്‍ വന്നിട്ടുണ്ടെങ്കിലും, ഞാനും ആ ചങ്ങലയുടെ കണ്ണിയാണെന്ന തിരിച്ചറിവുണ്ടാകാന്‍ ഒരു അമ്മയാകേണ്ടി വന്നു എന്നതാണ് സത്യം! അല്ലെങ്കില്‍ അത്തരം കഷ്ടപ്പാടിലൂടെ പോകുന്ന ഒരുപാട് കുട്ടികളാണ് എന്നിലെ തിരിച്ചറിവുകള്‍ക്ക് കാരണം എന്ന് പറയാം.
മുപ്പതാം വയസ്സിന്‍റെ അന്ത്യത്തിലാണ് യാതൊരു ശങ്കയുമില്ലാതെ, തുറന്ന മനസ്സോടെ മറ്റുള്ളവരെ ആശ്ലേഷിക്കാനും അംഗീകരിക്കാനുമുള്ള ‘കഴിവ്’ നേടിത്തുടങ്ങിയതെന്ന് എന്‍റെ സുഹൃത്ത് ഏറ്റുപറഞ്ഞത് ഓര്‍ക്കുകയാണ്. സുഹൃത്തേ.... നീയെത്ര ഭാഗ്യവാന്‍! കൈമോശം വന്ന ആര്‍ദ്രത മരണം വരെയും വീണ്ടെടുക്കാന്‍ കഴിയാതെ ഉഴലുന്ന ഒരു സമൂഹത്തിലാണ്, ഞാനും നീയും! വിധിയെഴുത്തുകളുടെ കടന്നുകയറ്റമില്ലാത്ത, കേവലമായ മനുഷ്യബന്ധങ്ങളുടെ ഒരു ലോകം പണിതെടുക്കാന്‍, അല്ല വീണ്ടെടുക്കാന്‍, കുഞ്ഞുകൈകള്‍ പിടിച്ചു നമ്മള്‍ തിരിഞ്ഞു നടക്കേണ്ടിയിരിക്കുന്നു.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.