Skip to main content

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മുഴുവൻ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൽകാനാകാത്തതും നൽകിക്കൂടാത്തതുമായ വിവരങ്ങൾ ഉണ്ട്. മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പാക്കാന്‍ കഴിയാതെ വരും. അതിനാല്‍ ലക്ഷ്യപ്രാപ്തിയിലെത്തിയ ശേഷമേ പുറത്തുപറയാനാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവരാവകാശ നിയമം സംബന്ധിച്ച ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അത് നല്‍കാതിരിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അതേസമയം, വ്യക്തിപരമായ ദുരുപയോഗത്തിന് ഈ നിയമത്തെ കുട്ടുപിടിക്കുന്നവരെ തിരിച്ചറിയാനാവണമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കുറച്ചുപേര്‍ ഇത്തരത്തില്‍ ദുരുപയോഗിക്കുന്നുവെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് നിയമത്തിന്റെ ആനുകൂല്യം കിട്ടാതിരിക്കരുതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.

 

മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിൻസൻ എം പോളും യോഗത്തില്‍ സംബന്ധിച്ചു. ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം പൊതുജനങ്ങൾക്ക് വിവരം നൽകാൻ വിമുഖത കാണിക്കുന്നവരാണെന്ന് വിൻസൻ എം പോൾ പറഞ്ഞു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കുന്ന ഓണ്‍ലൈൻ സംവിധാനം ഉടൻ വരുമെന്നും അദ്ദേഹം അറിയിച്ചു.

 

മന്ത്രിസഭായോഗ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകുന്ന കാര്യത്തിൽ വിന്‍സന്‍ എ, പോളും സര്‍ക്കാറും അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. വിവരാവകാശ കമ്മീഷണര്‍ എന്ന നിലയില്‍ വിൻസൻ എം പോൾ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് കമ്മീഷണര്‍മാരുടെ ഒഴിവ് നികത്താൻ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശ കമ്മീഷനേയും വിവിധ വകുപ്പുകളേയും ബന്ധിപ്പിച്ചുള്ള സോഫ്റ്റ് വെയര്‍ എന്ന കമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുള്ള ആശയം സര്‍ക്കാര്‍ ഉടനെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.