പത്താം ക്ലാസ്സുകാരി. ചെറിയ ക്ലാസ്സിലായിരുന്നപ്പോൾ പഠനത്തിൽ സമർഥയായിരുന്നു. എന്നാൽ പത്താം ക്ലാസ്സിൽ അർധ വാർഷിക പരീക്ഷയ്ക്ക് ഒരു വിഷയമൊഴിച്ച് എല്ലാത്തിലും തോറ്റു. വീട്ടുകാരെല്ലാം ഇളകി. തോൽവിയുണ്ടായിട്ടും കുട്ടിയിൽ വലിയ ഇളക്കമുണ്ടായതുമില്ല. ഈ കുട്ടിയുടെ അച്ഛന്റെ രക്ഷാകർത്താവിന്റെ സ്ഥാനമുള്ള ബന്ധു വിഷയം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭാര്യയുടെ വീട് ചേർത്തലയിൽ. അവിടെയുളള ക്ഷേത്രത്തിൽ വഴിപാട് കഴിച്ചാൽ കുട്ടി വരുന്ന മാർച്ചിൽ നടക്കുന്ന പരീക്ഷയിൽ ജയിക്കും. തൃശ്ശൂർ ജില്ലയിലെ മാളയിൽ നിന്ന് കാറിൽ കുട്ടിയുമായി ബന്ധുവും ഭാര്യയും കുട്ടിയും അച്ഛനും ചേർത്തലയ്ക്കു പോയി. വഴിപാടു കഴിച്ചു. കുട്ടിയും ആത്മാർഥമായി പ്രാർഥിച്ചു. എന്തായാലും അടുത്ത പരീക്ഷയിൽ കുട്ടിക്ക് ഉഗ്രൻ മാർക്ക് കിട്ടിക്കൊള്ളുമെന്ന് ചേർത്തലയിലുള്ള ബന്ധുക്കളും ഉറപ്പു നൽകി.
മടങ്ങി വന്ന കുട്ടിയോട് ചേദിച്ചു: ‘ക്ഷേത്രത്തിൽ വഴിപാടൊക്കെ കഴിഞ്ഞല്ലോ? എന്തു തോന്നുന്നു? നന്നായി പ്രാർഥിച്ചോ?’ കുട്ടിയുടെ സ്വകാര്യമായ മറുപടി ഇങ്ങനെയായിരുന്നു: 'വ്വ്, നന്നായി പ്രാർഥിച്ചു. പക്ഷെ, പരീക്ഷയ്ക്ക് ജയിക്കണേന്നല്ല. അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് തീരണേന്ന്‍'. ആ കുട്ടിയുടെ മുഖത്ത് അപ്പോഴും താൻ വിചാരിച്ചാൽ മാർക്കു വാങ്ങുക ഒരു പ്രശ്‌നമല്ല എന്ന തോന്നൽ കാണാമായിരുന്നു. എന്നാൽ കൗമാരപ്രായക്കാരിയായ ആ കുട്ടിക്ക് ജീവിതം തന്നെ മടുപ്പു തോന്നുന്ന അവസ്ഥയിലെത്തി. കണ്ണുകളിൽ ഒരു തിളക്കവുമില്ല. വേഷത്തിലോ ഒരുക്കത്തിലോ ഒന്നും ഒരു താൽപ്പര്യമില്ല.
അഞ്ചാം ക്ലാസ്സിലായതു മുതൽ ആ കുട്ടിയുടെ അമ്മയും അച്ഛനും ഒന്നിച്ചല്ല താമസം. എന്നാല്‍, രണ്ടു പേരും അടുത്തടുത്താണ് താമസവും. കുട്ടിയുടെ അച്ഛൻ തന്നെ വാടകയ്ക്ക് ഏർപ്പാടാക്കിയ വീട്ടിലാണ് കുട്ടിയും അമ്മയും താമസിക്കുന്നത്. അടുത്തു തന്നെയുള്ള ലോഡ്ജിൽ അച്ഛനും. ഈ ദമ്പതികൾ വിവാഹമോചിതരല്ല. അങ്ങനെയാകാൻ ആഗ്രഹിക്കുന്നതുമില്ല. രണ്ടു പേരും ദിവസവുമുള്ള വഴിപാടു പോലെ കുറഞ്ഞത് ഒന്നു രണ്ട് മണിക്കൂറെങ്കിലും ഫോണിൽ സംസാരിക്കും. സംഭാഷണമെന്നു പറയുന്നത് ശരിയല്ല. നല്ല വാക്പയറ്റു തന്നെ. അതിന് മുടക്കമില്ല. ദാമ്പത്യത്തിൽ കിട്ടുന്നതിനേക്കാൾ സുഖം ലഭ്യമാകുന്ന രീതിയിലാണ് ഇരുവരും മുടങ്ങാതെ ഫോണിലൂടെ വാക്പയറ്റിലേർപ്പെടുന്നത്. മിക്ക ദിവസങ്ങളിലും ഈ ഫോൺ ദാമ്പത്യകലഹം നിമിത്തം കുട്ടിയുടെ സ്‌കൂളിൽ പോക്കു മുടങ്ങും. കാരണം രാവിലത്തെ ഭക്ഷണമൊന്നും തയ്യാറായിട്ടുണ്ടാവില്ല. ഉദ്യോഗസ്ഥയല്ലാത്ത ഭാര്യയുടെ സാമ്പത്തികമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതും ഭർത്താവു തന്നെ. അത് ആവശ്യപ്പെടാൻ അവർക്കു മടിയില്ല. കൊടുക്കാൻ ഭർത്താവിനും.
ഈ ദമ്പതികളുടെ വഴക്കു പറഞ്ഞു തീർക്കാൻ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പലവുരു വർഷങ്ങളായി ശ്രമിക്കുന്നു. ഇരുവരും ആദ്യ റൗണ്ടിൽ സമ്മതിക്കും. എന്നാൽ ഒന്നിച്ചു താമസിക്കാൻ തീരുമാനമെടുത്തു കൂടെ എന്നു വരുമ്പോൾ വീണ്ടും എവിടെയാണോ കുറ്റം പറച്ചിൽ തുടങ്ങിയത് അവിടെയെത്തും. ഭാര്യ ഭർത്താവിനെതിരെയുള്ള കുറ്റപത്രം തുടങ്ങും. അതു കേൾക്കുമ്പോൾ, താൻ നേരത്തേ പറഞ്ഞില്ലേ ഇവർക്ക് മാറ്റമൊന്നുമുണ്ടാകില്ല എന്ന അർഥത്തിൽ മധ്യസ്ഥരുടെയടുത്ത് ഭർത്താവ് താൻ പറഞ്ഞത് ശരിയായില്ലേ എന്ന നിർവൃതിയിലേക്ക് വീഴും. ചേർത്തലയിൽ ക്ഷേത്രത്തിലേക്കു പോകാനും അതുകൊണ്ടാണ് കുട്ടിയുടെ അമ്മ കൂടെ കൂടാതിരുന്നത്. ഭാര്യയും ഭർത്താവുമാണെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാല്‍ ഭൂലോക ദൈവവിശ്വാസികളും.
സ്‌കൂളിലേക്കുള്ള പോക്കുവരവുകളുടെ സമയത്താണ് അച്ഛനും മകളും തമ്മിലുള്ള കാണലും ബന്ധവുമൊക്കെയുള്ളത്. ഭാര്യയുടെ അഭിപ്രായത്തിൽ തന്റെ മകൾ വൈകാരികമായും അല്ലാതെയും നശിക്കാനുള്ള കാരണം അച്ഛനും മകളും തമ്മിലുള്ള ഈ കൂടിക്കാഴ്ചയാണെന്നുള്ളതാണ്. അതുണ്ടാകാതിരിക്കാൻ വേണ്ടി പോലും ഭാര്യ ചില ദിവസം കുട്ടിയെ സ്‌കൂളിൽ വിടാതിരിക്കാറുണ്ട്. സ്‌കൂളിലെ അദ്ധ്യാപകരും പലവട്ടം ഇവരുടെ പ്രശ്‌നം കാരണം കുട്ടി അനുഭവിക്കുന്ന വിഷമം അച്ഛന്റെയും അമ്മയുടെയും ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നിട്ടും കാര്യമുണ്ടായില്ല. വഴിപാടിനും നേർച്ചയ്ക്കുമായി ഭാര്യയും ഭർത്താവും നല്ല തുക ചെലവഴിക്കുന്നുണ്ട്. ദൈവവിശ്വാസികളായ ഇവർ തങ്ങളുടെ ഭാഗം ജയിക്കാൻ വേണ്ടിയാണ് തങ്ങളുടെ ദേവനെയും ദേവിയെയുമൊക്കെ അഭയം പ്രാപിക്കുന്നത്.
ഈ കുട്ടിയുടെ അച്ഛനും അമ്മയും ഉന്നതമായ നിലയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ളവരാണ്. ഇവരുടെ വഴക്കിനിടയിൽ നശിച്ചു പോകുന്നത് കുട്ടിയാണെന്ന് മധ്യസ്ഥർ എപ്പോഴും ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. എന്നാൽ തങ്ങളുടെ നിലപാടിലും സമീപനത്തിലും മാറ്റം വരുത്താതെ തന്നെ കുട്ടിയെ ശരിയാക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. സാധാരണ കുടുംബാന്തീക്ഷത്തിൽ തന്നെ മാതപിതാക്കൾ ചെറുതായൊന്നു കലഹിച്ചാൽ പോലും കുട്ടികൾക്ക് അത് ആഘാതമാണ്. അവരുടെ വഴക്ക് പതിവാകുന്ന പക്ഷം ക്രമേണ ആ അന്തരീക്ഷവുമായി മിക്ക കുട്ടികളും പൊരുത്തപ്പെട്ടു വരുന്നു. അതിനർഥം അവരെ ആ വഴക്ക് സ്വാധീനിക്കാതിരിക്കുന്നില്ല എന്നല്ല. ഒട്ടനവധി സ്വഭാവ വൈകല്യങ്ങളും വൈകാരികത്തകർച്ചകളുമൊക്കെ അത്തരം കുട്ടികളിൽ സംഭവിക്കുന്നുണ്ട്. വർത്തമാനകാലത്തെ ഇന്റർനെറ്റ് സൗകര്യത്തിന്റെ പശ്ചാത്തലത്തിൽ വൈകാരികത്തകർച്ചകൾ നേരിടുന്ന കുട്ടികൾ ചെന്നു പതിക്കുന്നത് മുതിർന്നവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഗർത്തങ്ങളിലേക്കാണ്. അതിന് ആൺ-പെൺ വ്യത്യാസവുമില്ല.
ഇവിടുത്തെ കുട്ടി ഏതാണ്ട് വിഷാദരോഗത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒരുപക്ഷേ അവളിൽ അവശേഷിക്കുന്ന ഏക ശുഭ പ്രതീക്ഷ എന്നെങ്കിലും തന്റെ അച്ഛനും അമ്മയും ഒന്നിച്ചു താമസിക്കുമെന്നുള്ള സ്വപ്‌നമാണ്. ഒരുപക്ഷേ, ആ കൗമാരക്കാരിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതു പോലും ആ ചിന്തകളായിരിക്കാം. കുട്ടിയിലൂടെ രണ്ടു രക്ഷിതാക്കളും ശ്രമിക്കുന്ന വൈകൃതത്തിന് സമാനമായ സ്വഭാവ രീതികളുണ്ട്. അച്ഛനിൽ നിന്നകറ്റാൻ അമ്മയും അമ്മയുമായി വൈകാരിക ബന്ധം ഇല്ലായ്മ ചെയ്യാൻ അച്ഛനും ഈ കുട്ടിയോട് പരസ്പരം സ്വന്തം മകളെന്നല്ല, ആ പ്രായത്തിലുള്ള ഒരു കുട്ടിയോടും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നത്.
ഈ കുട്ടിയുടെ അധ്യാപകരിൽ ചിലരുടെ വാക്കുകളും ശ്രദ്ധേയമാണ്. മിക്ക കുട്ടികൾക്കും മാർക്കു കുറയുമ്പോഴും മറ്റും അവരിൽ പരിഭ്രമവും പേടിയുമൊക്കെ കാണാറുണ്ട്. എന്നാൽ ഈ കുട്ടിക്ക് ഒരു വിഷയമൊഴിച്ച് മറ്റെല്ലാത്തിലും തോറ്റിട്ടും തെല്ലും ലജ്ജയോ പേടിയോ ആശങ്കയോ തോന്നുന്നില്ലെന്നുള്ളതാണ്. ശരീരമാസകലം ഒടിഞ്ഞും ചതഞ്ഞും വേദനയിൽ പുളയുന്ന വ്യക്തി ശരീരത്തിലെവിടെയെങ്കിലും തൊലി പോയ വേദന അറിയുക പോലുമില്ല. ആ അവസ്ഥയിലാണ് ഈ കുട്ടി. അതിന്റെ മുൻപിൽ ഭാവിയില്ല. വർത്തമാനം മാത്രമേ ഉള്ളു. താൻ അനുഭവിക്കുന്ന വൈകാരികമായ പീഡനം. ആരാണോ തനിക്ക് സന്തോഷവും സംരക്ഷണവും നൽകേണ്ടത് അവരിൽ നിന്നു പീഡനമേൽക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഗതികേട് ആ കുട്ടിയുടെ അനുഭവമാണ്. ആ കുട്ടിയുടെ മുന്നിൽ ജീവിതം നരകതുല്യമാണ്. കുറേകൂടി കഴിഞ്ഞ് മുതിരുമ്പോൾ ആ അനുഭവം ഏതു വിധത്തിലാകും പ്രകടമാവുക എന്നത് ഇപ്പോഴേ മുൻകൂട്ടി കാണാവുന്നതേ ഉള്ളൂ. സമൂഹത്തിലേക്ക് അസ്വസ്ഥതയുടെ ഒരു അല കൂടി ചേരുന്നതായി മാറിയാൽ അത്ഭുതപ്പെടാനില്ല. അല്ലെങ്കിൽ തന്റെ ജീവിതത്തിലെ തിക്താനുഭവങ്ങൾ പാഠമായി മാറി ജീവിതത്തെ മാറ്റി മറിക്കാനുള്ള ത്വര ആ കുട്ടിയിൽ ഉണ്ടാകണം.