പ്രണയ വിവാഹിതർ. കുട്ടി ഹൈസ്കൂളിൽ പഠിക്കുന്നു. ഭാര്യയുടേത് അത്യാവശ്യം നന്നായി സംസാരിക്കുന്ന സ്വഭാവം. ഭർത്താവിന്റേത് നേർവിപരീതം. എന്നിരുന്നാലും രണ്ടുപേരും തമ്മിൽ ചട്ടിയും കലവും സിദ്ധാന്തപ്രകാരമുളള തട്ടലും മുട്ടലുമുണ്ട്. ഭാര്യയുടെ അഭിപ്രായത്തിൽ അതൊരു രസമാണ്. അവരുടെ ജീവിതത്തിൽ ഇപ്പോൾ ഹരം പകരുന്ന സംഗതി അതാണെന്നാണ് പുള്ളിക്കാരത്തിയുടെ അഭിപ്രായം. എന്നാൽ തട്ടുകയും മുട്ടുകയും ചെയ്യുന്ന സമയത്ത് ചിലപ്പോൾ ചട്ടിയും കലവും ഉടഞ്ഞുപോകുമ്പോലെയും തോന്നാറുണ്ടത്രെ. അന്നേരം ചട്ടിയും കലവും സിദ്ധാന്തം ഓർമ്മയിലെത്തുകയില്ലെന്നും ഈ കുടുംബിനി പറയുന്നു. അതു കഴിഞ്ഞ് കുറച്ചു നേരം കഴിഞ്ഞ് കൂടാൻ തുടങ്ങുമ്പോഴാണ് ഇതൊക്കെ ഓർമ്മ വരുന്നത്. അപ്പോഴാണ് രസം തോന്നുന്നത്. രസം എന്നാൽ സുഖം. അതിനാൽ മൂപ്പത്ത്യാർക്ക് എപ്പോഴൊക്കെ സുഖം വേണമെന്നു തോന്നുന്നുവോ അപ്പോഴൊക്കെ മധുരത്തിനായി എന്തെങ്കിലും വസ്തു നുണയുന്നതുപോലെ ഇതുപോലെ തട്ടലിലും മുട്ടലിലും അറിയാതെ ഏർപ്പെടുന്നു.
ഈ തട്ടലും മുട്ടലുമൊക്കെ വെറും നിസ്സാര കാര്യത്തിനാണെന്നും ഈ മുൻകാല കാമുകി പറയുന്നുണ്ട്. താൻ ഓരോന്ന് പറഞ്ഞു തുടങ്ങുമ്പോൾ ടിയാൻ കമാന്നൊരക്ഷരം മിണ്ടാതെ ഇരുന്നുകളയും. അതു കാണുമ്പോഴാണ് തനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വരുന്നതത്രേ. മുൻപ് ഇങ്ങനെ തന്റെ ഭാഗത്തു നിന്നു തട്ടലേൽക്കുമ്പോൾ മൊബൈൽ ഫോൺ നോക്കിക്കൊണ്ടിരിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഒരിക്കൽ ആ ഫോൺ വാങ്ങി ഒറ്റ ഏറ്. അത് മൂലകുത്തി തറയിൽ തട്ടി കുതിച്ച് മേൽപ്പോട്ട് ചാടി മച്ചിൽ കൊണ്ടില്ലന്നേ ഉള്ളു. ഐഫോണാണെന്നു പറഞ്ഞിട്ട് കാര്യമില്ല. സംഗതി ക്ലീൻ.
ഏറ്റവുമൊടുവിൽ തട്ടലും മുട്ടലും നടന്നത് എന്തിനെച്ചൊല്ലിയായിരുന്നുവെന്ന് യുവതി പറഞ്ഞതു നോക്കാം. ടിയാൻ എല്ലാത്തിനും ലോക്കിട്ടു വയ്ക്കുന്നു. ഫോണിന് ലോക്ക്, വാട്സ് ആപ്പിന് ലോക്ക്, ഫേസ്ബുക്കിന് ലോക്ക്.
'എന്തിനാ ഇത്രേം ലോക്കിട്ട് വയ്ക്കുന്നത്. അപ്പോ എന്തോ മറയ്ക്കാനുണ്ടന്നല്ലേ. അതേ പിടിച്ച് ഞാനങ്ങ് കത്തിക്കയറി. കക്ഷി ഒന്നും മിണ്ടാതിരിക്കില്ല. നമ്മുടെ വാമൂടുന്ന രീതിയിലുള്ള ചില തട്ടു തട്ടും. അപ്പോ എനിക്കൊന്നും പറയാൻ പറ്റില്ല. ഒന്നും എന്റെയുള്ളിലപ്പോ വരില്ല.'
'അല്ല, താങ്കൾ പരിശോധിക്കുമെന്നു കണ്ടിട്ടല്ലേ അയാൾ ലോക്ക് ചെയ്യുന്നത്. താങ്കൾ ലോക്ക് ചെയ്യാറുണ്ടോ?'
'ഏയ്, ഞാൻ ലോക്ക് ചെയ്യാറില്ല. അതു പിന്നെ ആണുങ്ങൾ ഞങ്ങളുടത്ര ചീപ്പാവില്ലല്ലോ (പൊട്ടിച്ചിരി). എന്റെ ഫോൺ ഇതുവരെ നോക്കിയിട്ടില്ല. പുള്ളിക്കാരന് ഏർപ്പാടുകളൊന്നുമുണ്ടായിട്ടല്ല. അതില്ലെന്നെനിക്കറിയാം. എന്നാലും ലോക്കു ചെയ്യുന്നതെന്തിനാന്നു തുടങ്ങി ഉഗ്രൻ അടിയായി. ഒരു പക്ഷേ അടിയുണ്ടാക്കാനായി അന്നേരം ഞാൻ കണ്ടെത്തിയ ഒരു വഴിയായിരിക്കാം അത്.'
ഈ യുവതി പറയുന്നതൊക്കെ കഥയില്ലാത്തതാണെന്നുള്ള രീതിയിലാണ് ഭർത്താവ് കേട്ടുകൊണ്ടിരിക്കുന്നതെന്നും അവർക്ക് പരാതിയുണ്ട്. താൻ വളരെ നേരം ഒരോ കാര്യങ്ങൾ പറഞ്ഞു കഴിയുമ്പോൾ പലപ്പോഴും സ്വയം പുച്ഛം തോന്നുമത്രെ. ചിലപ്പോൾ മണിക്കൂറുകൾ സംസാരിച്ചിരിക്കും. ഒടുവിലറിയും ഇദ്ദേഹം പറഞ്ഞതൊന്നും അദ്ദേഹം കേൾക്കുകയായിരുന്നില്ല, മനസ്സ് മറ്റെവിടെയോ ആയിരുന്നുവെന്ന്.
'പിന്നെ ഞാൻ പറഞ്ഞില്ലെ, ഞാൻ ചൂടാവുമ്പോൾ അങ്ങേര് പറയുന്ന ചില കാര്യങ്ങൾക്ക് അപ്പോ എനിക്ക് മറുപടി കിട്ടില്ലെന്ന്. പക്ഷേ ഞാനത് മനസ്സിലിട്ടേക്കും. ചിലപ്പോൾ കുറേ ദിവസം കഴിയുമ്പോൾ അതിനു നല്ല ചുട്ട മറുപടി കിട്ടും. മറുപടി കിട്ടിക്കഴിഞ്ഞാൽ എന്തെങ്കിലുമൊരു സാഹചര്യമുണ്ടാക്കി ഞാനതു കാച്ചും. അതു നല്ല ഒന്നാന്തരവുമായിരിക്കും. അപ്പോ നമുക്കൊരു സുഖം കിട്ടും. അപ്പനേക്കാൾ വലിയ ആളാന്നുള്ള ധാരണയിലാ പുത്രനും. അവനും, ഞാൻ തല്ലുകൂടുമ്പോ അവന്റെ മുഖത്ത് അവന്റെച്ഛന്റെ പുച്ഛമാ. ചിലപ്പോ അവനും കൊടുക്കും ഞാൻ നല്ല നാല് ഡയലോഗ്. അവനപ്പോ ഒരു നോട്ടം നോക്കിയിട്ടവിടുന്നങ്ങ് പോകും.'
ഇങ്ങനെ നീണ്ടുപോയി ആ യുവതിയുടെ സംഭാഷണം. ഇതൊക്കെ പറയുമ്പോഴും അത് അവരുടെ ജീവിത്തിലെ കാൽപ്പനികതയെന്ന കണക്കിലാണ് പറയുന്നത്. താൻ തന്റെ ഭർത്താവിന് ഒരു ശല്യക്കാരി തന്നെയാണെന്നുള്ള തോന്നൽ അവർക്കു നന്നായുണ്ട്. അതിനകത്ത് കാര്യവുമുണ്ട്. കാരണം അവരെ പരിഗണിക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്ന തോന്നൽ അവരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ശ്രദ്ധിക്കാതെ വരുമ്പോൾ ശ്രദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഓരോ തവണയും അവർ ഭർത്താവിന്റെയടുത്ത് സംഭാഷണത്തിലേർപ്പെടുന്നതും പിന്നീട് വഴക്കിടുന്നതുമൊക്കെ. വഴക്കിട്ടു കഴിഞ്ഞ് കൂടുമ്പോൾ കൂടലിലൂടെ ശ്രദ്ധിക്കപ്പെടൽ സംഭവിക്കുന്നു. ഈ ശ്രദ്ധക്ഷണിക്കൽ പ്രമേയപരിപാടിക്ക് ഈ യുവതി മാത്രമാണോ ഉത്തരവാദി എന്നു ചോദിച്ചാൽ അല്ലെന്നു തന്നെ പറയേണ്ടി വരും.
മൂപ്പത്ത്യാരുടെ ഭർത്താവ് മൊബൈൽ ഫോണും വാട്സാപ്പും ഫേസ്ബുക്കുമൊക്കെ ലോക്ക് ചെയ്യുന്നു എന്നുവെച്ചാൽ ഭാര്യയിൽ നിന്ന് അതൊക്കെ മറച്ചു വയ്ക്കുന്നു എന്ന് തന്നെ. തന്നെ തന്റെ ഭാര്യ മനസ്സിലാക്കുന്നില്ല എന്ന തോന്നൽ അയാൾക്കുണ്ടാകാം. അതിനാൽ തന്റെ മനസ്സിനെ തിരിച്ചറിയാൻ കഴിയാത്ത ആൾ അതു കണ്ടാൽ അപകടമാണെന്നും അയാൾ കരുതുന്നുണ്ടാകാം. ഏതാനും വർഷം മുൻപ് വൻ പ്രണയത്തിലായിരുന്ന ഇവർ ഇപ്പോൾ പരസ്പരം മനസ്സ് പൂട്ടിക്കൊണ്ട് ഇടപെടുന്നു. ഭാര്യയേക്കാൾ മനസ്സ് പൂട്ടിവച്ചിരിക്കുന്നത് ഇവിടെ ഭർത്താവ് തന്നെ. ഭാര്യ തന്റെയടുത്ത് സംസാരിക്കാൻ വരുമ്പോൾ അവർ പറയുന്നത് എന്താണെന്ന് കേൾക്കാൻ ഭർത്താവിന് തോന്നാവുന്നതേ ഉള്ളു. എന്നാൽ തന്റെ ഭാര്യയെ കുറിച്ച് ഇയാൾക്ക് മുൻവിധിയാണ്. ഭാര്യയോളം സംസാരിക്കില്ലെങ്കിലും അവരേക്കാൾ ഒരുപക്ഷേ ഉള്ളിൽ കൂടുതൽ സംസാരിക്കുന്നത് അയാളായിരിക്കും. വഴക്കടിക്കുന്നവർ പരസ്പരം വാക്കേറ്റം നടത്തുന്നത് അതിലൂടെ എതിരാളിയെ പരാജയപ്പെടുത്താനാണ്. അത്തരം സന്ദർഭങ്ങളിൽ വാക്കേറ്റം നടത്തുന്നവർ തമ്മിൽ ഒരു സമത്വം ഉണ്ടാവും. കാരണം രണ്ടു കൂട്ടരും ഒരേ അവസ്ഥയിൽ . എന്നാൽ ഇവിടെ ഇദ്ദേഹം ആന്തരികസംഭാഷണത്തിലൂടെ, ബാഹ്യമൗനത്തിലൂടെ പല തവണ തന്റെ ഭാര്യയെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യുദ്ധത്തിലേർപ്പെടുന്നവർ പരാജയപ്പെട്ടാല് അവരതറിയുന്നത് വേദനയായിട്ടാണ്. അതുകൊണ്ടാണ് ഉത്തരം മുട്ടിപ്പോകുന്ന വാചകങ്ങൾ ദിവസങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന് ഉത്തരം കിട്ടുമ്പോൾ ഇവർ തക്കം പാർത്തിരുന്ന് കാച്ചി സുഖിക്കുന്നത്. ഇരുകൂട്ടരും ഇവിടെ വേദന അനുഭവിക്കുന്നു. അതിൽ നിന്നാണ് പരസ്പരം പരാജയപ്പെടുത്തി 'സുഖം' അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഭാര്യയും ഭർത്താവും ഒരേപോലെ തങ്ങളുടെ മകനിലേക്കും അവന്റെ ജീവിതം കുട്ടിച്ചോറാകാനുള്ള വിത്തുകൾ പാകി വളമൊഴിച്ചുകൊണ്ടിരിക്കുന്നു. അവരതറിയുന്നില്ലെന്നു മാത്രം. പ്രൊഫഷണൽ ബിരുദധാരികളായ ഇവരുടെ വിദ്യാഭ്യാസവും ആ വിദ്യാഭ്യാസം അവരിലേക്ക് സന്നിവേശിപ്പിച്ചിട്ടുള്ള സംസ്കാരവും, അവർക്ക് രസകരമെന്നു തോന്നുന്ന എന്നാൽ അവർക്കും മറ്റുള്ളവർക്കും വിനാശകരമായ, ഇവരുടെ രീതികളിൽ നിന്നു പ്രകടമാവുന്നു. ആധുനിക ഭാഷയിൽ പറഞ്ഞാൽ 'സ്കോപ്പുള്ള' വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും സ്കോപ്പു നോക്കി വിദ്യാഭ്യാസം ചെയ്യിക്കുന്ന കുടുംബാന്തരീക്ഷമുള്ള സാമൂഹ്യവ്യവസ്ഥിതിയുടെയും പ്രതിഫലനം കൂടിയാണിത്.