Skip to main content

saudi currency

 

സൗദി അറേബ്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു. എണ്ണവിലയിലെ ഇടിവു തന്നെയാണ് അടിസ്ഥാന കാരണം. സൗദി ജനതയുടെ മുഖ്യ വിനോദങ്ങളിലൊന്നായിരുന്നു അവരുടെ ഷോപ്പിംഗ്. ഇത് മാളുകളേയും കച്ചവടസ്ഥാപനങ്ങളേയും എപ്പോഴും ഉത്സവാന്തരീക്ഷത്തിൽ നിർത്തുന്നതിന് സഹായിച്ചിരുന്നു. എന്നാൽ ഇപ്പോൾ കടകമ്പോളങ്ങളെല്ലാം ഉത്സവമില്ലാത്തയിടങ്ങളായി. സൗദി ജനത ആവശ്യത്തിനു മാത്രം സാധനങ്ങൾ വാങ്ങുന്ന മിതവ്യയ സ്വഭാവത്തിലേക്കു നീങ്ങി. ഈ മാറ്റത്തിനുള്ള പ്രധാന കാരണം സർക്കാർ ജീവനക്കാരുടെ മുപ്പതു ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനമാണ്.

 

സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ യമനിലെ ഹൂദി തീവ്രവാദിക്യാമ്പുകൾക്കു നേരെ സഖ്യ കക്ഷികളുമായി ചേർന്നുള്ള  ആക്രമണം സ്ഥിതിഗതികളെ കൂടുതൽ വഷളാക്കിയിരിക്കുന്നു. ഇതിനകം തന്നെ കേരളീയരുൾപ്പടെയുള്ള മറുദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയുണ്ടായി. ഇനിയം തൊഴിൽനഷ്ടം ഗണ്യമായ തോതിൽ ഉണ്ടാകും.

 

പല തസ്തികകളിലും ഒഴിവു വരുന്നത് നികത്താനും ഇപ്പോൾ സർക്കാർ തയ്യാറാകുന്നില്ല. സർവ്വകലാശാലകളിൽ ഒഴിവു വരുന്ന അദ്ധ്യാപകർക്ക് പകരം ആളെ എടുക്കാതെ നിലവിലുള്ളവരെക്കൊണ്ട് കൂടുതൽ പ്രവൃത്തി എടുപ്പിക്കുകയാണിപ്പോൾ ചെയ്യുന്നത്. അതിന്റെ പേരിൽ അവർക്ക് അധിക വേതനവും നൽകുന്നില്ല. തദ്ദേശീയർക്ക് നൽകിപ്പോന്നിരുന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നതായും കേൾക്കുന്നുണ്ട്. സേവനങ്ങൾക്കും മറ്റുമുള്ള തുകയും വർധിപ്പിക്കുന്നുണ്ട്. വിസാ സ്റ്റാമ്പിംഗിൽ വരുത്തിയിരിക്കുന്നത് വൻ വർധനയാണ്. സൗദിയിലേക്ക് മടക്കയാത്രയടക്കമുള്ള വിമാനടിക്കറ്റിനേക്കാൾ കൂടിയ നിരക്കാണ് ഇപ്പോൾ വിസ സ്റ്റാമ്പിംഗിന് ഈടാക്കുന്നത്. ഇതു സന്ദർശകരുടെ എണ്ണത്തെ ഗണ്യമായി കുറച്ചിട്ടുണ്ട്. അടുത്തിടെയാണ് ഈ വർധന വരുത്തിയത്. 48,000 രൂപയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ളവരിൽ നിന്ന് ഈടാക്കുന്നത്.

 

എണ്ണയെ മാത്രം ആശ്രയിച്ചുള്ള സമ്പദ്ഘടനയായതിനാൽ മറ്റ് സാമ്പത്തിക ബദൽ നടപടികളിലൂടെ സൗദിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ കഴിയില്ല. അതിനേക്കാളുപരി ക്രിയാത്മകമായല്ല തിരുത്തൽ നടപടികളിൽ സൗദി ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുപ്പതു ശതമാനം ശമ്പളം വെട്ടിക്കുറച്ചത് താഴെക്കിടയിലുള്ള ജീവനക്കാരുടേതാണ്. ഉന്നത ഉദ്യോഗസ്ഥരെ ഇതുവരെ സ്പർശിച്ചിട്ടില്ല. ഇത് ഉൽപ്പാദനക്ഷമതയെ അധികം താമസിയാതെ തന്നെ ഗണ്യമായി ബാധിച്ചു തുടങ്ങും. ഔദ്യോഗികമായി ഫെറാറി കാർ  ഉപയോഗിക്കുന്നവർ തന്നെ ധാരാളമുണ്ട്. അങ്ങനെയുള്ള ഉന്നത ഉദ്യോഗവൃന്ദത്തെ നിലനിർത്തി താഴെക്കിടയിലെ തൊഴിൽ സേനയെ ദുർബലപ്പെടുത്തുന്നത്  രണ്ട് തരത്തിലാണ് സമ്പദ്ഘടനയെ ബാധിക്കുക. ഒന്ന് കുറഞ്ഞ ഉൽപ്പാദനം, രണ്ട് ഭൂരിപക്ഷം ജനതയുടെ മെലിഞ്ഞ പെഴ്‌സ്. ഇത് പൊതുജീവിതത്തെയും കമ്പോളത്തെയും നിർജ്ജീവമാക്കും. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ സൗദിയിൽ പ്രകടമാകുന്നത്.