വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ ആണവായുധ നീക്കങ്ങള്‍ തടയാനുള്ള തീരുമാനത്തില്‍ ചൈനയും യു.എസും ഒരുമിച്ചു നില്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മില്‍ കാലിഫോര്‍ണിയയില്‍ നടന്ന ഉച്ചകോടിയില്‍ ധാരണയായി. സൈബര്‍ സുരക്ഷയെകുറിച്ചും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുമാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.
ഇരു രാജ്യങ്ങളും ആണവായുധനിർവ്യാപനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഒബാമ വ്യക്തമാക്കി. മാത്രമല്ല സാമ്പത്തിക ബന്ധത്തിന്റെ ഭാവിക്ക് സൈബര്‍ സെല്‍ ആക്രമണങ്ങള്‍ തടസ്സമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ കംപ്യൂട്ടർ രഹസ്യങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തുന്നുവെന്ന പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടന്നത്. മനുഷ്യാവകാശം, സൈനികബന്ധം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.