Skip to main content

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൌണ്‍സിലില്‍ ഉന്നയിച്ചു. പാക് അധിനിവേശ കശ്മീര്‍ അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പാകിസ്ഥാന്‍ രാഷ്ട്രീയ-സൈനിക സംവിധാനം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. കശ്മീരില്‍ നടക്കുന്ന സംഘര്‍ഷം അന്താരാഷ്ട്ര വേദിയില്‍ ഉന്നയിക്കുന്ന പാകിസ്ഥാന്റെ നടപടിയ്ക്ക് ബദലായാണ് ഇന്ത്യയുടെ നടപടി.                                                         

 

യു.എന്‍ സംഘം കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ത്യയും പാകിസ്താനും അവസരമൊരുക്കണമെന്ന യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ അഭ്യര്‍ത്ഥനയും ഇന്ത്യ വിഷയം ഉന്നയിച്ചതിന് പുറകിലുണ്ട്. അഭ്യര്‍ത്ഥന ഇന്ത്യ നിരാകരിച്ചിരുന്നു. തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് അപ്പുറത്ത് നിന്നുള്ള തീവ്രവാദമാണ് കശ്മീര്‍ താഴ്വരയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ നടപടി.

 

ജൂലൈ എട്ടിന് നിരോധിത ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മുതല്‍ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കാണ് കശ്മീര്‍ താഴ്വര സാക്ഷ്യം വഹിക്കുന്നത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 80-നടുത്ത് പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.