പശ്ചിമഘട്ടം സംരക്ഷണ ലക്ഷ്യം മുൻനിർത്തി കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി അനിൽ മാധവ് ദാവെ വിളിച്ചു ചേർത്ത പശ്ചിമഘട്ട മേഖലയിൽ നിന്നുള്ള എം.പി മാരുമായുള്ള യോഗം പുറത്തു വിടുന്ന സൂചനകൾ അപകടത്തിന്റേതാണെന്ന് സംശയം. മുൻപ് പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടും പരിഗണിക്കുമെന്നാണ് യോഗത്തിന്റെ തീരുമാനം. പ്രത്യക്ഷത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിൽ താൽപ്പര്യമുള്ള ഏവർക്കും സ്വാഗതാർഹമായി തോന്നും. എന്നാൽ മന്ത്രിയുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടും അതേ ദിവസം തന്നെ ആറൻമുള വിമാനത്താവളത്തെക്കുറിച്ചുള്ള പരിസ്ഥിതി പഠനത്തിന് കെ.ജി.എസ് ഗ്രൂപ്പിന് അനുമതി നൽകിയതുമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണ കാര്യത്തിൽ അപകടസൂചനകൾ ഉണ്ടാവില്ലേ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
ആറന്മുളയിൽ വൻ പ്രതിഷേധത്തെ തുടർന്നാണ് വിമാനത്താവള നിർമ്മാണത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടത്. അത് മുഖ്യമായും നയിച്ചതാകട്ടെ ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലും. അദ്ദേഹത്തിന്റെ അഭ്യർഥനയെ അവഗണിച്ചുകൊണ്ടാണ് ഇപ്പോൾ പരിസ്ഥിതി മന്ത്രാലയം വിമാനത്താവളക്കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പിന് അനുമതി നൽകിയിരിക്കുന്നത്. കൃഷി നടത്തിക്കൊണ്ടിരുന്ന നെൽവയലുകൾ വിമാനക്കമ്പനി നികത്തിയിരുന്നു. അത് പൂർവ്വസ്ഥിതിയിലെത്തിക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ (എൻ.ജി.ടി) വിമാനത്താവള നിർമ്മാണം വിലക്കിക്കൊണ്ട് ഉത്തരവിടുകയും ചെയ്തിരുന്നതാണ്.
പരിസ്ഥിതി മന്ത്രിയുടെ കാഴ്ചപ്പാട് ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ഊന്നൽ നൽകുന്നു എന്ന പ്രതീതിയാണ് ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണിക്കും എന്നുള്ള മന്ത്രി വിളിച്ചുകൂട്ടിയ എം.പിമാരുടെ യോഗത്തിലെ തീരുമാനം സൃഷ്ടിക്കുന്നത്. അതേസമയം അദ്ദേഹം പശ്ചിമഘട്ട മേഖലയിലെ ആദിവാസികളുടെ വികസനത്തെ കുറിച്ചും ഓർമ്മിപ്പിക്കുന്നു. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ് എന്ന നിലയില്‍. സമതലത്തിലെ വികസന സങ്കൽപ്പവും പ്രയോഗവും പോലും അപരിഷ്‌കൃതവും അശാസ്ത്രീയവുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ആദിവാസികൾക്കും അതുപോലുള്ള അടിസ്ഥാന സൗകര്യം വേണമെന്ന് മന്ത്രി നൽകുന്ന സൂചന. പശ്ചിമഘട്ട മേഖലയിലെ ആദിവാസികളുടെ കാര്യവും ഗാഡ്ഗിൽ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണം എന്ന വിശാലമായ കാഴ്ചപ്പാടിനുള്ളിൽ നിന്നുകൊണ്ടു മാത്രമേ അവിടത്തെ ആദിവാസികളുടെ ജീവിത പുരോഗതിയെപ്പറ്റിയും ചിന്തിക്കാൻ കഴിയൂ. അല്ലാതെ നാഗരിക സങ്കൽപ്പങ്ങൾ അവരുടെ മേൽ ഇനിയും അടിച്ചേൽപ്പിച്ചാൽ അവരുടെ ജീവിതവും അവരും പശ്ചിമഘട്ടവും ഒരു പോലെ തകർച്ചയെ നേരിടും.
പശ്ചിമഘട്ടത്തിന്റെ അടിവാരമാണ് കേരളം മുഴുവനും എന്നു തന്നെ പറയാം. പശ്ചിമഘട്ടത്തിന്റെ ഭാഗം പോലെ കിടക്കുന്ന സ്ഥലമാണ് ആറന്മുള. അവിടെ ഇത്രയും വലിയ പ്രതിഷേധത്തിന്റെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിലക്കിനെയും അവഗണിച്ചുകൊണ്ട് കെ.ജി.എസ് ഗ്രൂപ്പിന് പാരിസ്ഥിതിക പഠനത്തിന് അനുമതി കൊടുക്കുന്നുവെങ്കിൽ അത് പ്രകടമാക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, പാരിസ്ഥിതികമായി മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും കാഴ്ചപ്പാട് പരിസ്ഥിതി വിപരീതമാണ്. രണ്ട്, പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവർത്തനം നയിക്കപ്പെടുന്നത് പാരിസ്ഥിതിക ഘടകങ്ങളേക്കാൾ സ്വാധീന സമ്മർദ്ദങ്ങളാലാണ്.
ഗാഡ്ഗിൽ റിപ്പോർട്ട് ബന്ധപ്പെട്ടവർ നേരാം വണ്ണം വായിച്ചു നോക്കാതെ പോലുമാണ് കേരളത്തിൽ അതിനെതിരെ അക്രമത്തോടുകൂടിയ വൻ പ്രക്ഷോഭം സംഘടിക്കപ്പെട്ടത്. പ്രാദേശിക പഞ്ചായത്തു സമിതികൾക്ക് അതാതിടത്തെ വസ്തുതകൾ മനസ്സിലാക്കി കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വയംനിർണ്ണയ അധികാരം ഒരുക്കിക്കൊണ്ടുള്ളതാണ് ഗാഡ്ഗിൽ റിപ്പോർട്ട്. ആ റിപ്പോർട്ടിന്റെ മർമ്മവും അതാണ്. എന്നാൽ തൽപ്പര കക്ഷികൾക്ക് ഇന്ന് പശ്ചിമഘട്ടത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത ക്വാറികളും മറ്റ് വിനാശകരമായ നടപടികളും തുടരാൻ ഗാഡ്ഗിൽ റിപ്പോർട്ട് തടസ്സമാകും. അതാണ് ആ റിപ്പോർട്ട് മാറ്റി വച്ചിട്ട് പ്രക്ഷോഭക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി കസ്തൂരി രംഗനെ നിയമിച്ചത്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആത്മാവ് നശിപ്പിച്ചുകൊണ്ടുള്ളതാണ് കസ്തൂരി രംഗൻ റിപ്പോർട്ട്. അതുപോലും നടപ്പാക്കുന്നതിന് കഴിയാതെ വന്നു.
ഇപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണിക്കുമെന്നു പറയുമ്പോൾ പ്രഥമദൃഷ്ട്യാ പരിസ്ഥിതി മന്ത്രാലയത്തിന് ഈ വിഷയത്തിൽ നിർവ്യാജമായ താൽപ്പര്യമുണ്ടെന്നേ തോന്നുകയുള്ളു. എന്നാൽ അത്തരമൊരു പാരിസ്ഥിതിക കാഴ്ചപ്പാടിലല്ല ആ മന്ത്രാലത്തിന്റെ നീക്കങ്ങൾ എന്ന് ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക പഠനാനുമതി നൽകിയതിൽ നിന്നു വ്യക്തവുമാണ്. അടുത്ത ആറു മാസത്തിനുള്ളിൽ 2015 സെപ്തംബര്‍ നാലിന് മന്ത്രാലയം പുറത്തിറക്കിയ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് നോട്ടിഫിക്കേഷന്റെ കാലാവധി കഴിയും. അതിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. തുടക്കത്തിൽ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിൽ അമിതമായ വിശ്വാസം പരിസ്ഥിതി പ്രവർത്തകരിൽ സൃഷ്ടിച്ചാൽ വലിയ എതിർപ്പില്ലാതെ കാര്യങ്ങൾ തങ്ങൾ ഉദ്ദേശിച്ച രീതിയിലേക്ക് നടത്താൻ കഴിയുമെന്ന് അവർ കരുതുന്നുവെന്ന് സംശയിച്ചാൽ അത് അസ്ഥാനത്താകില്ല.