Skip to main content

വാഷിംഗ്‌ടണ്‍: യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സൂസന്‍ റൈസ് ചുമതലയേല്‍ക്കും. ഐക്യ രാഷ്ട്ര സഭയില്‍ യു.എസ് സ്ഥിരം പ്രതിനിധിയായിരുന്നു റൈസ്. നിലവില്‍ സുരക്ഷാ ഉപദേഷ്ടാവായ ടോം ഡൊനിലന്റെ പിന്‍ഗാമിയായി റൈസ് ചുമതലയെല്‍ക്കുമെന്ന്‍ പ്രസിഡന്റ് ബരാക് ഒബാമ ബുധനാഴ്ച അറിയിച്ചു.

 

പ്രതിപക്ഷ റിപ്പബിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിന് ഇടയാക്കിയേക്കാവുന്നതാണ് നിയമനം. ലിബിയയിലെ 2012 സെപ്തംബറില്‍ ബെങ്കാസിയില്‍ യു.എസ് കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ട സന്ദര്‍ഭത്തില്‍ റൈസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍, വിദേശനയ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ നിയമനത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല.

 

റൈസിനെ ഒബാമ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റൈസ് പിന്‍മാറുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി പദവിക്ക് യു.എസ് സെനറ്റിന്റെ അംഗീകാരം ആവശ്യമുള്ളതിനാലായിരുന്നു ഇത്.  ഐക്യരാഷ്ട്ര സഭയില്‍ യു.എസ്സിന്റെ സ്ഥിരം പ്രതിനിധിയായി വൈറ്റ് ഹൗസ് ഉപദേഷ്ടാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സാമന്ത പവറിനെ തെരഞ്ഞെടുക്കും.