Skip to main content

 

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനത്ത് നിയമിച്ചതിലൂടെ വിവാദം സൃഷ്ടിച്ച എം.കെ ദാമോദരനെ വിമര്‍ശിച്ച് മുതിർന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദൻ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ദാമോദരൻ പെരുമാറുന്നതെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു. ഇത് ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും വി.എസ് പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ആകാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് വി.എസിനെതിരെ പരോക്ഷമായി വിമർശം ഉന്നയിച്ചു കൊണ്ട് എം.കെ ദാമോദരന്‍ ആരോപിച്ചിരുന്നു. നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുമ്പോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്യുതാനന്ദന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത് എന്നും  ഒരു മാദ്ധ്യമത്തിനു നല്‍കിയ ദാമോദരന്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചു. തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിനു പിന്നില്‍ ആരാണെന്ന് അറിയാമെന്നും എന്നാല്‍, അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

 

ലോട്ടറി കേസിൽ സാന്റിയാഗോ മാർട്ടിന് വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകൾക്കുവേണ്ടിയും ദാമോദരൻ കോടതിയിൽ ഹാജരായത് വിവാദമാവുകയും നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. സാന്റിയാഗോ മാർട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളിൽ സർക്കാർ കക്ഷിയാണ്. നിയമനത്തെ ചോദ്യം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെ എം.കെ ദാമോദരന്‍ ചുമതല സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു.

 

റവന്യൂ വകുപ്പിന്റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ആർ. ഭട്ട് തത്സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത് അവര്‍ നല്ല അഭിഭാഷകയായതുകൊണ്ടാണ് വി.എസ് പറഞ്ഞു. വിവാദമായ കേസുകളില്‍ അവസാന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ മാറ്റുന്നത് കേസിന്റെ ജയസാധ്യതയെ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ഭട്ട് പ്രതികരിച്ചിരുന്നു.

 

ഭരണ പരിഷ്ക്കാര കമീഷൻ ചെയർമാൻ പദവിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് വി.എസ് പ്രതികരിച്ചില്ല.