'മരപ്പട്ടിക്കെന്താ ഇംഗ്ലീഷില്‍ പറയാ' അഥവാ ഭിന്നശേഷി ഒരു വൈകല്യമല്ല

ദ്വിതീയ
Tue, 19-07-2016 03:53:03 PM ;

 

“എന്റെ മകനെക്കുകുറിച്ച് എഴുതണം. ഇത് എന്റെ ഒരു ആഗ്രഹമാണ്.” ഫോണിന്റെ മറുവശത്തു ഒരു അമ്മയുടെ പതറാത്ത ശബ്ദം. ഓര്‍മകള്‍ പിന്നിലേക്കൊഴുകി. അധികം ദൂരത്തല്ലാതെയൊരു തീരത്ത്. എന്റെ മുറിയിലേക്ക് ആ അമ്മയും മകനും കയറിവരുന്ന ചിത്രം. ഫോണില്‍ കേള്‍ക്കുന്ന ശബ്ദത്തിനോട് പ്രതികരിക്കാന്‍ ഞാന്‍ മറന്നിരുന്നു. ‘ശ്രമിക്കാം’ എന്ന് മാത്രം ഞാന്‍ പറഞ്ഞു. എന്റെ എഴുത്തുകുത്തുകളെ ഒരാള്‍ അംഗീകരിച്ചതിന്റെ സന്തോഷം നിഷ്പ്രഭമാക്കിയത് എന്നെ എഴുതാന്‍ ഏല്‍പിച്ച വിഷയവും അതിലെ നായകന്‍ ‘സിദ്ധു’ ആണെന്നതുമായിരുന്നു. (പേര്‍ സാങ്കല്‍പ്പികം)

 

ചില അനുഭവങ്ങള്‍ അങ്ങനെയാണ്. ആ നിമിഷത്തില്‍ അവ നല്‍കുന്ന അനുഭൂതി എത്ര വലിയ വാക്കുകളുടെയും ഊരാക്കുടുക്കും പൊട്ടിച്ചെറിഞ്ഞ് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കും. ഒരുപക്ഷെ,  പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്തവയാവും നമ്മുടെ ഉള്ളിനോട് ചേര്‍ന്ന് നില്‍ക്കുന്നവ.

 

സിദ്ധു എനിക്കൊരു പതിനൊന്നുകാരന്‍ ക്ലയന്റ് മാത്രമായിരുന്നില്ല. എന്റെ ഉളളിലെ ഒരു നിസ്സാര മനുഷ്യന്റെ സര്‍വ്വസാധാരണമായ സ്ഥിരസങ്കല്പങ്ങളെയൊക്കെ കുഞ്ഞു ചോദ്യങ്ങള്‍കൊണ്ട് ഉറക്കം കെടുത്തിയും ചിന്തിപ്പിച്ചും പലപ്പോഴും കൈമോശം വന്നുപോയ നിഷ്കളങ്കതയെ ഓര്‍മിപ്പിച്ചും അവന്‍ എന്റെ പ്രിയപ്പെട്ടവനായി. ആഴ്ചയില്‍ ഒരു തവണ മാത്രം വരുന്ന അവനെ ഞാന്‍ കാത്തിരിക്കുക പതിവായി. എനിക്ക് മാത്രമല്ല അവന്റെ കുഞ്ഞു കൌതുകങ്ങളും സംശയങ്ങളും എന്‍റെ സഹപ്രവര്‍ത്തകരെയും ഇടക്കെങ്കിലും സ്വൈരം കെടുത്തിയിരുന്നു.

 

“ചേച്ചീ... മരപ്പട്ടിക്കെന്താ ഇംഗ്ലീഷില്‍ പറയാ?”

അസ്പെര്‍ജെഴ്സ് സിന്‍ഡ്രോം എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ അവനു ഒരു കാര്യം തന്നെ ഒരായിരം തവണ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതമുണ്ട്. അവന്‍ ഉദ്ദേശിച്ച തരത്തിലുള്ള പ്രതികരണം കിട്ടുന്നത് വരെ അവനത് പറഞ്ഞുകൊണ്ടേയിരിക്കും. അന്നത്തെ ചോദ്യം ഞങ്ങള്‍ എല്ലാവരെയും വലച്ചു. ഉത്തരംമുട്ടിയ അപമാനഭാരം താങ്ങാന്‍ വയ്യാതെ ഞങ്ങള്‍ മൂന്നു വിദ്യാസമ്പന്നര്‍ തല്‍ക്കാല ആശ്വാസത്തിന് ആ വാക്ക് കണ്ടുപിടിച്ചു, ‘ട്രീ ഡോഗ്.’ അല്‍പനേരം മിണ്ടാതെയിരുന്ന സിദ്ധു അടുത്ത ദിവസം ക്ഷമയോടെ എന്നെ പറഞ്ഞു മനസ്സിലാക്കി. “ചേച്ചി ഇന്നലെ പറഞ്ഞത് തെറ്റാണല്ലോ! മരപ്പട്ടിക്കു ‘സിവെറ്റ്’ എന്നാ പറയാ.” എപ്പോഴത്തെയും പോലെ അവന്റെ മുന്‍പില്‍ തോല്‍വി സമ്മതിച്ച് മാപ്പ് പറഞ്ഞു. എന്റെ നിഘണ്ടുവിലെ ‘സിദ്ധുവക വാക്കുകളുടെ’ നിരയിലേക്ക് അതും ചേര്‍ത്തു. പുസ്തകങ്ങളെയും യാത്രകളെയും ഏറെ സ്നേഹിച്ച അവനിലൂടെ ഞാന്‍ പിന്നെയും കുറെ വാക്കുകളും ഒരുപാടു രാജ്യങ്ങളെക്കുറിച്ചും പഠിച്ചു. അവന്റെ സംസാരരീതി വ്യത്യസ്തമായിരുന്നു. റോബോട്ടുകളെപോലെ ഒരേ  ഈണത്തില്‍. മറ്റുള്ളവരോട് ഇടപെടുമ്പോള്‍  ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയുമുള്ള ആശയവിനിമയം മിക്കപ്പോഴും അവനു അന്യമായിരുന്നു. സമൂഹത്തില്‍ വ്യവസ്ഥാപിതമായ ചില  മാനദണ്ഡങ്ങള്‍ക്കനുസരിച്ചു അവനു ജീവിക്കാന്‍ അനിവാര്യമായ ചില ‘കപടതകള്‍’ പഠിപ്പിക്കുക എന്നതായിരുന്നു എന്നെ ഏല്‍പിച്ച ജോലി. പക്ഷെ അവന്റെ മുന്‍പില്‍ ഞാന്‍ പലപ്പോഴും എന്റെ ചിന്തകള്‍ അടിയറവുവെക്കേണ്ടിവന്നിരുന്നു എന്നതാണ് സത്യം!

 

ഞാന്‍ എന്റെ ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുംതോറും സിദ്ധുവിനും ആധി കൂടിവന്നിരുന്നു. “ഇനിയും വയറു വലുതായാല്‍ അത് പൊട്ടി കുഞ്ഞാവ വരുമ്പോ വാവ നിലത്ത് വീണാല്‍ എന്ത് ചെയ്യും?” എന്ന് ആകുലപ്പെട്ട സിദ്ധുവിന്റെ കൂടെ ഒരു നിമിഷം ഞാനും ചിന്തിച്ചു! എന്റെ മുഖം കണ്ടിട്ടെന്നോണം അവന്‍ വേഗം എന്റെയടുത്തേക്ക് ഓടി വന്നു വയറില്‍ തലോടി ചെവി ചേര്‍ത്ത് വച്ച്പറഞ്ഞു. “കുഞ്ഞുവാവക്ക് ഒന്നും പറ്റില്ലാട്ടോ!” സിദ്ധു മറ്റൊരാളുടെ വികാരങ്ങള്‍ വായിച്ചെടുക്കാന്‍ തുടങ്ങിയതിലെ ആ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു.

 

ശരാശരിയില്‍ കൂടുതല്‍ ബുദ്ധിസാമര്‍ത്ഥ്യം കാണിച്ച അവന് ചരിത്രപഠനം ഒരു ഹരമായിരുന്നു. ഒന്ന് പോലും വിടാതെ അറബ് രാജവംശത്തിലെ അധികാരികളുടെ പേരുകള്‍ അവന്‍ കാണാതെ പറയുമായിരുന്നു. ചില ദിവസങ്ങളില്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ അവന്‍ പാട്ട് പാടിക്കൊണ്ടേയിരിക്കും. പഴയ ഹിന്ദുസ്ഥാനി പാട്ടുകാരുടെ ചരിത്രം പറഞ്ഞു കേള്‍പ്പിക്കുന്നതിനിടക്ക് ഒരിക്കല്‍ അവന്‍ പറഞ്ഞു. “ചേച്ചിടെ കുഞ്ഞുവാവക്ക് ‘നൌഷാദ് അലി’ എന്ന് പേരിടണം.” ഹിന്ദുവായ എന്റെ മകനു ആ പേരിടുന്നതെങ്ങനെയെന്നു ചോദിച്ച ‘വിഡ്ഢിത്തം’ കേട്ട് എന്റെ കൂടെ ചിരിയില്‍ കൂടിയ സഹപ്രവര്‍ത്തകയോട് “അത് മുസ്ലിം പേരല്ലലോ! വലിയൊരു  പാട്ടുകാരന്റെ പേരല്ലേ” എന്ന് ചോദിച്ച സിദ്ധു ഒരു പേരിനെ പേരായി മാത്രം കാണാമെന്നുള്ള വലിയ ചിന്തയുടെ തുടക്കമാണ് തന്നത്.

 

അവനെ  സമപ്രായക്കരില്‍നിന്നും വ്യത്യസ്തനാക്കിയത് അവന്റെ നിഷ്കളങ്കത കലര്‍ന്ന വിവേകമായിരുന്നു. ആളും തരവും നോക്കി പെരുമാറാന്‍ അറിയില്ലെങ്കിലും അടുപ്പമുള്ളവര്‍ പറയാതെ തന്നെ അവരുടെ ഉള്ള് അവനു കാണാമായിരുന്നു. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന കുട്ടികള്‍ പലര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം സിദ്ധുവിനുണ്ടായിരുന്നു. അവനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച, എല്ലാ പോരായ്മകളിലും അവനിലെ നല്ലൊരു മനസ്സിനെ തളര്‍ത്താതെ സൂക്ഷിച്ച മാതാപിതാക്കള്‍! രോഗം നിര്‍ണ്ണയിച്ച മൂന്നോ നാലോ വയസ്സ് മുതല്‍ തന്നെ അവന്റെ സംസാരത്തിലെ ബുദ്ധിമുട്ടുകള്‍ക്കും മാനസിക-സാമൂഹിക വൈകല്യങ്ങള്‍ക്കും വേണ്ട ചികിത്സ കൃത്യമായി തുടര്‍ന്ന അവര്‍ വളരെ വിരളമായേ സിദ്ധുവിന്റെ അവസ്ഥയില് തളര്‍ന്നു പോകുന്നത് കണ്ടിട്ടുള്ളൂ.

 

സാമാന്യം നന്നായി പഠിക്കുന്ന അവനു സ്കൂളില്‍ വലിയ കളിസ്ഥലം ഇല്ലാത്തത് എപ്പോഴും അലട്ടിക്കൊണ്ടിരുന്ന പ്രശ്നമായിരുന്നു. സംസാരം നിയന്ത്രിക്കാനുള്ള പ്രയാസം മിക്കപ്പോഴും അധ്യാപകര്‍ക്ക് തലവേദനയുണ്ടാക്കുകയും ചെയ്തിരുന്നു. എങ്കിലും സിദ്ധുവിനെ അടുത്തറിഞ്ഞവര്‍ക്ക് അതൊന്നും വലിയ പ്രശ്നമാകാതെ തുടര്‍ന്നു. അങ്ങനെയിരിക്കെയാണ് സിദ്ധുവിന്റെ മുഷിപ്പ് കണക്കിലെടുത്ത് നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലേക്ക് പഠിത്തം മാറ്റുന്നത്. നഗരത്തിലെ പേരുകേട്ട സ്കൂളില്‍ ഏറെ പ്രതീക്ഷയോടെയാണ് അവന്‍ ചെന്നത്. എന്നാല്‍ അവിടെ അവനെ കാത്തിരുന്നത് അവന്‍ ഇന്ന് വരെ കാണാത്ത ലോകമായിരുന്നു. മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനായ അവനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിയാക്കി. മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. തല്ലിയും തിരിച്ചു തല്ലിയും കരുത്തു തെളിയിച്ച് കുട്ടികള്‍ക്കിടയില്‍ സ്ഥാനം നേടുന്നതായിരുന്നത്രെ അവിടുത്തെ രീതി. സിദ്ധുവിനെ ആരും ഇന്നുവരെ അത് പഠിപ്പിച്ചിട്ടില്ലായിരുന്നു! സമപ്രായക്കാരായ ആണ്‍കുട്ടികള്‍ അവനെ പെണ്‍കുട്ടികളുടെ മൂത്രപ്പുരയിലേക്ക് ഓടിച്ചു കയറ്റി. കരഞ്ഞിറങ്ങി വന്ന അവന്‍ ആകെ തളര്‍ന്നിരുന്നു. ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന അവന്റെ അമ്മയോട് ‘തലയ്ക്കു സുഖമില്ലാത്ത’ കുട്ടി ആയതുകൊണ്ടാണെന്നു അധ്യാപകര്‍ ആശ്വസിപ്പിച്ചു!! ഒരു അധ്യാപികയില്‍നിന്നു ഇത് കേട്ടതും ആ അമ്മ കൂടുതലൊന്നും വിസ്തരിക്കാതെ തന്റെ മകനെയും കൊണ്ട് അടുത്ത ദിവസം തന്നെ അവിടെനിന്നു രക്ഷപെട്ടു!

 

തലസ്ഥാനനഗരിയിലെ ഒരു കേള്‍വികേട്ട സ്കൂളില്‍ ഇതാണ് നടക്കുന്നതെങ്കില്‍ അധികൃതരുടെ കണ്ണെത്താത്ത ഇടങ്ങളില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നതില്‍ സംശയമില്ല! ബോധവല്‍ക്കരണ സെമിനാറുകളും ദിനാചരണങ്ങളും ഒരു മാദ്ധ്യമവാര്‍ത്തയില്‍ ഒതുങ്ങിക്കൂടുമ്പോള്‍ ഈ കുഞ്ഞു മനുഷ്യരുടെ സ്വപ്നങ്ങളാണ് ലക്ഷ്യം കാണാതെ പോകുന്നത്. പന്ത്രണ്ടാം വയസ്സില്‍ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ചു സ്കൂളിലിരുന്നു മദ്യപിക്കാനും അടുത്തിരിക്കുന്നവരെ മുതിര്‍ന്നവരെ വെല്ലുന്നതരത്തില്‍ പീഡിപ്പിക്കാനുമുള്ള തിരിച്ചറിവില്ലാത്തതാണോ ഇവരുടെ കുറവ്?

 

കുറവുകളും വ്യത്യാസങ്ങളും അംഗീകരിച്ച് കുട്ടിത്തം ചോരാതെ ജീവിക്കാന്‍  കുട്ടികളെ പഠിപ്പിക്കേണ്ടവര്‍ തന്നെ ഇതെല്ലാം ന്യായീകരിക്കുമ്പോള്‍ വിദ്യാഭ്യാസം മൂല്യശൂന്യമായ  ചട്ടക്കൂട് മാത്രമാകുന്നു. സഹവര്‍ത്തിത്വത്തിന്റെയും അനുകമ്പയുടെയും ബാലപാഠങ്ങള്‍ അരക്കിട്ടുറപ്പിക്കേണ്ട അധ്യാപകര്‍ പഠനമികവ് മാത്രം ലക്ഷ്യമിടുമ്പോള്‍ ഓര്‍ക്കുക, നാളെ എല്ലാം തികഞ്ഞ മനുഷ്യരുടെ തലമുറ കാട്ടിക്കൂട്ടുന്ന അതിക്രൂരമായ അക്രമങ്ങള്‍ക്ക് നിങ്ങള്‍ കൂടി ഒരു കാരണമാകുകയാണ് എന്ന്.  


dwitheeya തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.

Tags: