Skip to main content

സര്‍ക്കാറിനെതിരെയുള്ള കേസുകളില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ ദാമോദരന്‍ ഹാജരാകുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാമോദരന്‍ പ്രതിഫലം പറ്റിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഏതെങ്കിലും കേസുകള്‍ ഏറ്റെടുക്കുന്നതിന് അദ്ദേഹത്തിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് കേസ് എടുക്കണം, ഏത് തള്ളണം എന്നത് ദാമോദരന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ദാമോദരന് ഹൈക്കോടതിയില്‍ ഹാജരായതാണ് വിവാദത്തിന് തിരി കൊളുത്തിയത്. വിഷയം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കുകയായിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന്‍ നായര്‍ക്കെതിരെയുള്ള വഞ്ചനാ കേസും ചെന്നിത്തല സഭയില്‍ ഉന്നയിച്ചു.

 

വഞ്ചനാകുറ്റത്തിന് മഞ്ചേരി ശ്രീധരന്‍ നായരെ രണ്ടാം പ്രതിയാക്കി കോഴിക്കോട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നൽകിയിട്ടുള്ളത്. നിലമ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ ആറ് ഏക്കര്‍ ഭൂമിയുടെ പ്രമാണം ഈട് നല്‍കി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിൽ നിന്ന് (കെ.എഫ്.സി) വായ്പയെടുത്ത അഞ്ച് കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് പരാതി.

 

എന്നാൽ, ശ്രീധരന്‍ നായര്‍ക്കെതിരെ നിലവിൽ കേസുകളില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. അദ്ദേഹം തട്ടിപ്പ് നടത്തിയതായി കരുതുന്നില്ലെന്നും അതുകൊണ്ട് തന്നെ പദവിയില്‍ നിന്ന് മാറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ എടുക്കാനുള്ള തീരുമാനം കമ്പനിയുടെ ഡയറക്ടർ ബോര്‍ഡാണ് എടുത്തതെന്നും വായ്പ എടുക്കാനുള്ള അപേക്ഷയില്‍ ഒപ്പിട്ട ഏഴു പേരില്‍ ഒരാള്‍ മാത്രമാണ് ശ്രീധരന്‍ നായരെന്നും മുഖ്യമന്ത്രിവിശദീകരിച്ചു.

 

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി സംസ്ഥാന അദ്ധ്യക്ഷനുമായ ആര്‍. ചന്ദ്രശേഖരന് വേണ്ടിയും ക്വാറി ഉടമകള്‍ക്ക് വേണ്ടിയും എം.കെ ദാമോദരന്‍ വക്കാലത്ത് എടുത്തിട്ടുണ്ട്.