Skip to main content

കേരള സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോർജ് രാജിവച്ചു. ടോം ജോസും പ്രീജ ശ്രീധരനും ഉൾപ്പെടെ ഭരണ സമിതിയിലെ 13 അംഗങ്ങളും രാജിവച്ചിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലില്‍ വലിയ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും മാദ്ധ്യമങ്ങള്‍ ഇതു പുറത്തുകൊണ്ടുവരണമെന്നും അഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

കഴിഞ്ഞ നവംബറില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് അഞ്ജുവിനെ സ്പോര്‍ട്സ് കൌണ്‍സില്‍ അദ്ധ്യക്ഷയായി നിയമിച്ചത്. എന്നാല്‍, പുതിയ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജനെ കണ്ടപ്പോള്‍ മോശമായാണ് പെരുമാറിയതെന്ന് അഞ്ജു ആരോപിച്ചിരുന്നു.

 

സ്പോര്‍ട്സ് മതത്തിനു രാഷ്ട്രീയത്തിനും അതീതമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങളെന്നും അഞ്ജു പറഞ്ഞു. സ്ഥാനമേറ്റ ശേഷം ക്രമക്കേടുകള്‍ കണ്ടുപിടിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. കൗണ്‍സിലിലെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ പരിശോധിക്കുന്നതിന് ഒരു എത്തിക്സ് കമ്മീഷനു രൂപം നല്‍കിയിരുന്നു.

 

സ്പോര്‍ട്സ് ലോട്ടറി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കായിക അഴിമതിയാണെന്നും ഇത്ര നാളായിട്ടും സ്പോര്‍ട്സ് ലോട്ടറിയില്‍നിന്നുള്ള ഒരു ഫലവും സ്പോര്‍ട്സ് കൗണ്‍സിലിനു കിട്ടിയിട്ടില്ലെന്നും അഞ്ജു പറഞ്ഞു. മാദ്ധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും അഞ്ജു ആവശ്യപ്പെട്ടു. 2006-ലെ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ്‌ സ്പോര്‍ട്സ് ലോട്ടറി പദ്ധതി നടപ്പാക്കിയത്.

 

വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സഹോദരന്‍ അജിത് മാര്‍ക്കോസ് പരിശീലക സ്ഥാനം രാജി വെക്കുമെന്നും അഞ്ജു പറഞ്ഞു. എന്നാല്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റല്ല, സര്‍ക്കാരാണു കൗണ്‍സിലിലെ നിയമങ്ങള്‍ നടത്തുന്നതെന്ന് അവര്‍ ആവര്‍ത്തിച്ചു.