Skip to main content

mother and child

 

അസ്തമയം. മീനസൂര്യന്‍ അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പിനു വേണ്ടി സ്വല്‍പം വിശ്രമിക്കാന്‍ പോയതായിരിക്കണം. അരിമണി കൊണ്ട് പോകുന്നൊരു  ഉറുമ്പ് ചാര്‍ത്ത് പോലെ ജോലിക്കാര്‍ കൂട്ടത്തോടെ ആശുപത്രി കവാടം കടന്നു പോവുന്നത് പതിനൊന്നാം നിലയിലെ എന്റെ കിളിവാതിലിലൂടെ കാണാം. ചിന്തകളുടെ കുത്തൊഴുക്ക് തടഞ്ഞ് ജോലിയില്‍ ശ്രദ്ധിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. നിഷ്ഫലം! അലോസരപ്പെടുത്തുന്ന ചിന്തകള്‍ക്ക് വിരാമമിട്ടു ഞാനും എഴുന്നേറ്റു പോകാനൊരുങ്ങവെ...

 

നീന! അവളിതാ വീണ്ടും എന്റെ മുന്‍പില്‍...

എന്റെ ഉളളിലെ ചിന്തകള്‍ തീര്‍ത്ത പോറലുകള്‍ വൃണമായി മാറുന്ന വേദന മുഖത്ത്‌ തെളിയാതിരിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ട് ശ്രമിച്ചു. ഐ.സി.യുവിനു മുന്‍പിലെ കടുത്ത സുരക്ഷയും ഡോക്ടറുടെ നിര്‍ദേശവും ലംഘിച്ചു അവളെങ്ങനെ എന്റെ മുറിയിലെത്തിയെന്നു അന്തിച്ചിരിക്കുന്നതിനിടയില്‍ അവള്‍ കിതച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു. “അയാള്‍ സമ്മതിച്ചു! മാഡം സര്‍ട്ടിഫിക്കറ്റ് തരേണ്ട താമസമേയുള്ളൂ.”

 

ഏതാനും നാളുകള്‍ക്ക് മുന്‍പ്, അതേ മീനമാസത്തില്‍ ഉരുകുന്ന ഒരു നട്ടുച്ച സമയം.

ഐ.സി.യുവില്‍ നിന്ന് റഫറന്‍സ് വന്നത് അന്ന് രാവിലെയാണ്. രോഗി രണ്ടു മാസമുള്ള ആണ്‍കുഞ്ഞ്‌! എന്തോ തെറ്റ് പറ്റിയതായിരിക്കും എന്ന് കരുതി. എന്തായാലും ശിശുവിനെ കൌണ്‍സല്ലിംഗ് ചെയ്യാനുള്ള വിദ്യ വശമില്ലെന്ന് പറയാന്‍ തന്നെ ഉദ്ദേശിച്ചു ഡോക്ടറെ വിളിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് അറിയുന്നത്, വിഷം അകത്ത് ചെന്നെന്നു പരാതിപ്പെട്ടു പ്രവാസിയായ അമ്മ കുഞ്ഞിനേയും കൊണ്ട് തലേദിവസം രാത്രി തനിച്ച് വന്നതും എന്നാല്‍ പരിശോധനയില്‍ വിഷാംശം കണ്ടില്ലെന്നതും. എന്നാല്‍ എന്നെ ഏല്‍പിച്ച ജോലി ഇതായിരുന്നു - കുഞ്ഞിന്‍റെ വിശപ്പും ഉറക്കവും അളക്കാനും ആവശ്യങ്ങള്‍ സ്നേഹത്തോടെ നിറവേറ്റാനും അമ്മയ്ക്ക് ‘പരിശീലനം’ നല്‍കണം! പോരാത്തതിനു അവരുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് ഒരു പ്രതിവിധിയും കൊടുക്കണം. പലപ്പോഴും കുഞ്ഞിന്റെ കരച്ചില്‍ മൂര്‍ധന്യത്തിലെത്തുമ്പോള്‍ വിശന്നിട്ടാണെന്നു ഊഹിച്ച് ഡ്യുട്ടിയിലുള്ള നേഴ്സുമാരാണ് ഉറങ്ങികിടക്കുന്ന അമ്മയെ ഉണര്‍ത്തിയിരുന്നതെന്നും കുഞ്ഞിനെ ഒറ്റയ്ക്ക് കിടത്തി, ഫോണുമായി പുറത്തേക്ക് പോകുന്നത് പലവട്ടം വിലക്കിയിട്ടും തുടരുന്നുവെന്നുമുള്ള പരാതികളും ഉണ്ട് കക്ഷിയുടെ പേരില്‍.

 

എന്നെ കണ്ടതും നീന അനുഭവങ്ങളുടെ വിഴുപ്പ് അഴിക്കാന്‍ ആരംഭിച്ചു. നീനക്ക് എട്ടു വയസ്സുള്ള ഒരു മകളുണ്ടായിരുന്നു. മകള്‍ തീര്‍ത്തും ആരോഗ്യമില്ലാത്തവളാണെന്നും അതിനാല്‍ ഒരു കുഞ്ഞിനുകൂടി വേണ്ടി ഒരുപാട് ആഗ്രഹിച്ചെന്നും അവള്‍ പറഞ്ഞു. എന്നാല്‍ മുഴുക്കുടിയനും ഉത്തരവാദിത്വമില്ലാത്തവനുമായ ഭര്‍ത്താവിന്റെ പീഡനങ്ങളുടേയും അമ്മായിയമ്മയുടെ ക്രൂരതയുടേയും മുന്‍പില്‍ ഇത് അപ്രധാനമായി. നീനയോടുള്ള ദേഷ്യത്തിന് കുഞ്ഞിനു വിഷം കൊടുത്ത് കൊല്ലാന്‍ അമ്മയിയമ്മയാണ് ശ്രമിച്ചതെന്നും അതിനാല്‍ ഉടനടി വിവാഹമോചനം നേടാന്‍ വേണ്ടി ഭര്‍ത്താവിനും അമ്മയ്ക്കും മനോരോഗമാണെന്ന് ഞാന്‍ എഴുതിക്കൊടുത്ത് രക്ഷിക്കണമെന്നുമാണ് നീനയുടെ ആവശ്യം.

 

രണ്ടാംഘട്ടത്തിലുള്ള വിവരശേഖരണം നടത്താന്‍ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഇല്ലാത്തതിനാല്‍ കാര്യങ്ങളുടെ വിശ്വസനീയത ചോദ്യം ചെയ്യേണ്ടി വന്നു. ഏകദേശം ഒരു മണിക്കൂറോളം തലങ്ങും വിലങ്ങും ചോദിച്ചിട്ടും കഥ ഒന്ന് തന്നെ. ഭര്‍ത്താവിനെ കാണാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു ഞാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്നെ പുറകില്‍ നിന്ന് വിളിച്ചു. ഒരു സ്വകാര്യം കൂടി...

“ഈ കുഞ്ഞു എന്റെ ഭര്‍ത്താവിന്റേതല്ല”

 

എന്റെ ജോലി സങ്കീര്‍ണ്ണമായി. നീനയുടെ ഈ കുഞ്ഞിന്റെ അച്ഛന്‍ വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനുമാണ്. അദ്ദേഹത്തിനു കുടുംബം ഉപേക്ഷിക്കാനും വയ്യ. ഈ വിവരം നീനയുടെ ഭര്‍ത്താവ് അറിയുന്നത് ഈ ഇടക്കാണ്‌. ഏകദേശം നീന പറഞ്ഞ കഥകള്‍ തുടങ്ങുന്ന സമയത്ത്. കുടുംബത്തിലെ വേറെ ആരെയെങ്കിലും കണ്ട് സംസാരിക്കുന്നത് വരെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി.

 

വാതില്‍ തുറന്നു നടന്നപ്പോള്‍ കാഴ്ചയില്‍ നീനയോടു സമാനതകളില്ലെങ്കിലും മറ്റൊരു യുവതിയെ ഓര്‍മ വന്നു. മക്കളെ വളര്‍ത്തുന്ന ഉത്തരവാദിത്വത്തിലേക്ക് മനസ്സ് പാകപ്പെട്ടിട്ടില്ലെങ്കിലും ഭര്‍തൃവീട്ടുകാരുടെ ശല്യം സഹിക്കവയ്യെന്നും, താല്‍പര്യക്കേട്‌ അറിയിക്കാന്‍ പറ്റാത്തതിന്റെ അമര്‍ഷം ജോലിയെ ബാധിച്ചു തുടങ്ങിയെന്നും പറഞ്ഞ് ആശ്വാസം തേടിയെത്തിയതായിരുന്നു അവള്‍.

 

എന്റെ മുറിയില്‍ എത്തുന്നത് വരെയും ഒന്നും അറിയാതെയുറങ്ങുന്ന ആ കുഞ്ഞിന്റെ മുഖമായിരുന്നു മനസ്സില്‍. അവന്റെ വിശപ്പിന്‍റെ ആഴം അറിയാത്ത അമ്മ അവന്‍ ഈ ഭൂമിയില്‍ ക്ഷണിക്കാതെ വന്നതാണെന്ന് തെളിയിക്കുകയാണ്. മാതൃത്വം സ്ത്രീത്വത്തിന്റെ അവിഭാജ്യ ഭാഗമായാണ് നാം കാണുന്നത്. എന്നാല്‍ എല്ലാ സ്ത്രീകളും കുഞ്ഞിനെ പ്രസവിക്കുന്നത് കൊണ്ട് അമ്മമാരാവുന്നില്ല. ലോകത്തില്‍ ഏറ്റവും നിസ്വാര്‍ത്ഥമായ ഒന്നാണ് ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്നത്. അത് വേണോ വേണ്ടയോ എന്നത് തികച്ചും ഒരു വ്യക്തിസ്വാതന്ത്ര്യമാണ്. എന്നാല്‍ ആ സ്വാതന്ത്ര്യം ജനിക്കാനിരിക്കുന്ന കുഞ്ഞു മനുഷ്യന്റെ ജന്മാവകാശങ്ങളെ ഹനിക്കുന്നതാവരുത്. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഗര്‍ഭം ധരിക്കുമ്പോഴും കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അമ്മയാകുമ്പോഴും ഉല്പത്തിയിലേ വൃണപ്പെട്ട, അനഭിമതമായ ഒരു തലമുറയെയാണ് ലോകത്തിലേക്ക് കൊണ്ടുവരുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളെ ഇഷ്ടമില്ലെന്ന്‍ പറയുന്ന സ്ത്രീകളുണ്ടെന്നു പറഞ്ഞാല്‍ അവര്‍ സ്ത്രീയേ അല്ലെന്നാവും ആദ്യ പ്രതികരണം. എന്നാല്‍ അത്തരം വ്യക്തികള്‍ ഉണ്ടെന്നും ആ മാനസികാവസ്ഥയിലുള്ള ഒരു സ്ത്രീ അമ്മയായാലുള്ള അവസ്ഥ എത്രത്തോളം ഗൗരവമേറിയതുമാണെന്നും ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്.

 

ഒരു കുഞ്ഞു ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ മാനസികമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്. കുഞ്ഞിനു കൊടുക്കേണ്ട സാമ്പത്തിക സംരക്ഷണം പോലെ തന്നെ പ്രധാനമാണ് മാനസികസംരക്ഷണവും. അത് നല്‍കുക എന്നുള്ളത് ഏറെ ശ്രമകരവുമാണ്. ഇതിനു മാതാപിതാക്കള്‍ തയ്യാറായില്ലെങ്കില്‍ ബോധപൂര്‍വ്വമല്ലെങ്കിലും സാമൂഹ്യദ്രോഹികളെയോ മനോവൈകല്യമുള്ളവരെയോ ആണ് വാര്‍ത്തെടുക്കുന്നതെന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധമാണ് ഒരു കുഞ്ഞിനു മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള ആദ്യചിത്രം നല്‍കുന്നത്. അവിടെ താളപ്പിഴകള്‍ വരുമ്പോള്‍ മുറിവ് വീഴുന്നത് അവന്റെ/അവളുടെ ജീവിതത്തിനോടുള്ള കാഴ്ചപ്പാടിനാണ്. ബന്ധങ്ങളിലെ വിശ്വാസ്യത നഷ്ടമാവുന്നത് കണ്ടു വളര്‍ന്ന ഒരു കുഞ്ഞ് ഭാവിയില്‍ സന്തുലിതമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പാടുപെടും. പിന്നീട് അവനോ അവളോ ഒരു അച്ഛനോ ആമ്മയോ ആവുമ്പോള്‍ തലമുറകളോളം ആവര്‍ത്തിച്ചേക്കാവുന്ന ഒരു ദൂഷിതവലയം ആയി മാറുമത്. സ്വന്തം താല്പര്യത്തോടെയല്ലാതെയോ അക്രമങ്ങള്‍ക്ക് കീഴ്പെട്ടോ അമ്മയായാലുള്ള അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല.

 

എന്റെ രണ്ടു ഓര്‍മകള്‍ തമ്മിലുള്ള ദൂരം ഒട്ടും അധികമല്ലെന്ന് വ്യക്തം.

 

മനസ്സിലെ ബഹളം ഒന്നൊതുങ്ങിയപ്പോള്‍ നീന എന്റെ മുന്‍പില്‍ നിന്ന് വിയര്‍ക്കുകയാണ്...

ആ പിഞ്ചുകുഞ്ഞിന്റെയും ആശുപത്രി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് എന്റെ മുറിയിലേക്ക് ഓടി വന്നതിന്റെ കിതപ്പ് തീര്‍ന്നപ്പോള്‍ നീന ഒരു ആശ്വാസവാര്‍ത്ത‍ അറിയിച്ചു. തന്നെ സ്വീകരിക്കാന്‍ തയ്യാറാണെന്നു നീനയുടെ ആണ്‍സുഹൃത്ത്‌ ഇപ്പോള്‍ വിളിച്ചറിയിച്ചു. ഭര്‍ത്താവിനെതിരെയുള്ള എഴുത്തുകുത്തിന്റെ താമസം മാത്രം. “അപ്പോള്‍ കുഞ്ഞുങ്ങളെയോ?” എന്റെ ചോദ്യം വളരെ അപ്രതീക്ഷിതമെന്നോണം കേട്ട നീന അല്‍പ്പനേരത്തിന് ശേഷം പ്രതികരിച്ചു.

“അതിനെകുറിച്ച് സംസാരിച്ചില്ല!”

 

എനിക്ക് ചുറ്റുമുള്ള സകലതും നിശ്ചലമായിരിക്കുന്നു. കണ്ണിലും മനസ്സിലും ഒരുപോലെ ഇരുട്ട്. ചുട്ടുപഴുത്താലും വേണ്ടില്ല. നൂലുപോലിത്തിരി വെളിച്ചം കടന്നുവന്നെങ്കില്‍.


തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.

Tags