ഒന്നര വയസ്സുള്ള കേശു. വികൃതി. ഉണർന്നു കഴിഞ്ഞാൽ ഓട്ടം. ഓടിയോടി അച്ഛനമ്മമാർ കുഴഞ്ഞു. മൂപ്പര് ആകെ ഒന്നു ബ്രേക്ക് ചവിട്ടുന്നത് ടെലിവിഷനിൽ പാട്ട് കേൾക്കുമ്പോൾ മാത്രം. കർണ്ണാടക സംഗീതത്തോട് പ്രിയം കൂടും. പ്രേമത്തിലെ മലരേ... എന്ന പാട്ട് ഏറെ പ്രിയം. അതേതാണ്ട് എട്ടൊമ്പതു മാസം മുതലേ ആശാൻ എഴുന്നേറ്റ് നിൽക്കും മുന്നേ കാത് വട്ടം പിടിച്ച് കേൾക്കുന്നതാണ്. ഇപ്പോള്‍, ഓട്ടക്കാലത്ത് ടിവിയിൽ പാട്ട് കേട്ട് അൽപ്പം നിൽക്കുന്നതു കണ്ടാൽ ഓടിക്കുഴഞ്ഞ രക്ഷിതാക്കൾക്ക് ഇത്തിരി ആച്ച് തോന്നേണ്ടതാണ്. എന്നാൽ അവരെ അലട്ടുന്ന ഒരു ചെറിയ പ്രശ്നമുണ്ട്. മൂപ്പര് ടി.വിയുടെ അടുത്തു നിന്നേ സംഗതി കാണൂ. ഇത്ര കുഞ്ഞു പ്രായത്തിലേ ടി.വിയുടെ അടുത്തു ചെന്നു നിന്നു കാണുന്നത് നല്ലതല്ല. പല രീതിയിൽ. കണ്ണിനു കുഴപ്പം ഉണ്ടാകുന്ന കുഴപ്പങ്ങളിൽ എളിയതു മാത്രം. കാന്തിക വലയത്തിനുള്ളിൽ നിൽക്കുന്നത് പലവിധത്തിലും ദോഷം തന്നെ.
കുട്ടികൾക്ക് ദോഷം വരുന്ന കാര്യം സമ്മതിക്കാൻ പാടുണ്ടോ? ഇല്ലേ ഇല്ല. വിശേഷിച്ചും അമ്മയ്ക്ക്. അപ്പോൾ അമ്മ സ്വാഭാവികമായും കുഞ്ഞടുത്തുനിന്നു കാണാതിരിക്കുന്നതിൽ ശ്രദ്ധാലു ആകും. അവനെ അവിടെ നിന്ന് പിടിച്ച് പിന്നിലേക്കാക്കും. ചിലപ്പോൾ ദോഷമാണെന്ന് പറഞ്ഞ് അവനോട് പിന്നാക്കം നിൽക്കാനോ ഇരിക്കാനോ പറഞ്ഞെന്നിരിക്കും. ഒന്നര വയസ്സുകാരന് എന്തു ദോഷവും ഗുണവും. എന്ത് അപകടം. അവനെ സംബന്ധിച്ച് എല്ലാം പുത്തനനുഭവങ്ങൾ. കാണാത്തതു കാണുമ്പോൾ കൗതുകം. ഇഷ്ടങ്ങൾ വികസിക്കുന്നു. അതാണ് പാട്ട് ചിലത് ഇഷ്ടപ്പെടുന്നത്. അത് വാസനയെ ഉണർത്തുന്നുണ്ടാകും. അവനിൽ അവൻ സർഗ്ഗാത്മകതയുടെ ചെറുസ്ഫുരണങ്ങൾ അറിഞ്ഞു തുടങ്ങുന്നു. പ്രകൃതി അതിന്റെ മായാജാലം മെല്ലെ ആരംഭിക്കുന്നു. സർഗ്ഗാത്മകതയിൽ ഏർപ്പെടുമ്പോൾ അവന്റെ ഏർപ്പെടീൽ സമ്പൂർണ്ണമായിരിക്കും. കാരണം ചിന്തകൾ വന്ന് അവന്റെ ഡ്രോപ്പ് ബോക്സ് നിറയാറായിട്ടില്ല. അപ്പോൾ അവനിൽ സർഗ്ഗാത്മകത ഉണർത്തുന്ന ഘടകവും അവനും ഒന്നാവും. ആ ഒന്നിന്റെ സുഖമാണ് നിർവൃതി. വലുതായാലും ചെറുതായാലും അത് അതു തന്നെ. അതുകൊണ്ടാണ് ഒന്നാവുന്നത് ലഹരിയാകുന്നത്. സ്ത്രീ പുരുഷ ബന്ധത്തിലും സൗഹൃദങ്ങളിലും പ്രണയത്തിലുമെല്ലാം സംഭവിക്കുന്നത് അതാണ്. അതിന് ഭംഗം വരുമ്പോഴുണ്ടാവുന്ന അലോസരം ഊഹിക്കാവുന്നതേ ഉള്ളു.
കേശു ഈ നിർവൃതിയിൽ ലയിച്ച് ടി.വിയുടെ മുന്നിൽ നിൽക്കുമ്പോൾ അവന്റെ നന്മയ്ക്കു വേണ്ടിയാണെങ്കിലും അവനെ അവിടെ നിന്നു പിടിച്ചു മാറ്റിയാൽ ഒന്ന് രണ്ടായി മുറിയുന്ന അനുഭവമായിരിക്കും അവനിലുണ്ടാവുക. മുറിവ് വേദന തന്നെ. മുറിവിന്റെ വേദന അതിന്റെ ആഴമനുസരിച്ചായിരിക്കുമെന്നേയുളളു. ടിവിയുടെ മുന്നിൽ നിന്ന് പിടിച്ചു മാറ്റുമ്പോൾ ഉണ്ടാകുന്ന മുറിവ് വലിയ മുറിവാകണമെന്നില്ല. എന്നാൽ അത് 2016-ലെ ഭാഷയിൽ പറഞ്ഞാൽ ക്രമേണ ഒരു ഒന്നൊന്നര മുറിവായി മാറും.
അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്ന കുട്ടികളിൽ കള്ളത്തരം കാണുന്നുവെങ്കിൽ അച്ഛനമ്മമാരെ കുട്ടികൾ പേടിക്കുന്നതിനാലാണെന്ന് മനസ്സിലാക്കാൻ വലിയ മന:ശ്ശാസ്ത്രഗ്രാഹ്യമൊന്നും വേണ്ട. ഇങ്ങനെയൊക്കെയല്ലേ കുട്ടികൾ എല്ലാം വളരുക എന്നൊരു ചോദ്യവുമുണ്ട്. അതെയെന്നും അങ്ങനെയാവണമെന്നില്ലെന്നും രണ്ടുത്തരമുണ്ട്.
കേശു ജീവിതത്തിൽ ആദ്യമായി ഒരുപക്ഷേ നിർവൃതിയിൽ ലയിക്കുന്നത്, അറിയുന്നത് ഈ പാട്ട് ടി.വിയിൽ കേൾക്കുമ്പോഴായിരിക്കും. ഇനിയിപ്പോൾ പാട്ടാണോ അതിന്റെ രംഗങ്ങളാണോ മൂപ്പരെ നിർവൃതിയിലാഴ്ത്തുന്നതെന്നും നിശ്ചയമില്ല. എന്തു തന്നെയായാലും അദ്ദേഹം ആനന്ദത്തിലാവുന്നു. ആ ആനന്ദത്തിൽ ലയിച്ചു നിൽക്കുന്ന തന്നെ അമ്മയായാലും അച്ഛനായാലും പിടിച്ചു മാറ്റുന്നത് തന്റെ ആനന്ദത്തിന് തടസ്സമായേ അദ്ദേഹം കാണുകയുള്ളു. ആർത്തിയോടെ മുലകുടിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ പിടിച്ചു മാറ്റുംപോലെയാവും അവനത്. അച്ഛനമ്മമാർ പറയുന്ന കണ്ണിനു ദോഷമോ അല്ലെങ്കിൽ കാന്തവലയം സൃഷ്ടിക്കുന്ന അപകടമോ ഒന്നും അവന് ചിന്തിക്കാനോ സങ്കൽപ്പിക്കാനോ പറ്റില്ല. ഈ പരിപാടി അച്ഛനമ്മമാർ ചെയ്യുമ്പോൾ അവൻ വീണ്ടും പൂർവ്വ സ്ഥാനത്തെത്തും. അതവൻ തന്റെ ആനന്ദദായക സ്ഥാനത്ത് എത്താൻ വേണ്ടിയാണ്. ഈ പിടിച്ചുമാറ്റൽ പ്രക്രിയ തുടർന്നാൽ കുറച്ചു കഴിയുമ്പോൾ അവൻ ടി.വി കാണാൻ തുടങ്ങുമ്പോൾ തന്നെ തന്റെ പിടിച്ചുമാറ്റൽ നടത്തുന്ന അച്ഛനമ്മമാരെ നോക്കും. അപ്പോൾ തന്നെ അവൻ അസ്വസ്ഥമായിത്തുടങ്ങും. പിടിച്ചുമാറ്റൽ പുരോഗമിക്കുന്തോറും കേശുവിന്റെ മനസ്സിൽ ഒരു വിശ്വാസം ഉറച്ചു തുടങ്ങും. തന്റെ ആനന്ദത്തിന് തടസ്സം നിൽക്കുന്നവരാണ് തന്റെ അച്ഛനമ്മമാരെന്ന്. അത് അവനോടൊപ്പം വളരും. കാരണം കുറച്ചു കഴിയുമ്പോൾ ഒരുപാട് അരുതുകൾ അവന് കേൾക്കേണ്ടി വരും. കൂടുതലും വീട്ടിനകത്തുനിന്നും. സ്കൂളിൽ പോയാൽ അവിടെ നിന്നും കേൾക്കേണ്ടി വരിക അരുതുകളായിരിക്കും. അതിനാൽ തന്റെ അച്ഛനമ്മമാരും അദ്ധ്യാപകരും എല്ലാം തന്റെ സന്തോഷത്തിന് വിഘാതം നിൽക്കുന്നവരാണെന്നുളള വിശ്വാസം അവന്റെയുള്ളിൽ ഉറയ്ക്കും. മേൽക്കൂരയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന കുമ്മായ വെള്ളം ക്രമേണ ഇടിച്ചാലും പൊട്ടാത്ത ചുണ്ണാമ്പു കല്ലാകുന്നതു പോലെ. ആ കല്ല് ഒരു ആധാരക്കല്ലായും വേണമെങ്കിൽ മാറാനുള്ള സാഹചര്യമുണ്ട്.
ഈ ചുണ്ണാമ്പ് കല്ല് രൂപപ്പെട്ടു തുടങ്ങുന്ന കാലത്താണ് തനിക്ക് സന്തോഷം നൽകുന്ന ചില കാര്യങ്ങൾ തടസ്സം കൂടാതെ ചെയ്യാൻ അവൻ അല്ലെങ്കിൽ അവൾ തുടങ്ങുന്നത്. ആരും തടസ്സം നിൽക്കാതെ തനിക്ക് ആനന്ദിക്കാനുള്ള മാർഗ്ഗമായി അവർ കണ്ടെത്തുന്ന വഴിയാണ്, വീട്ടിലാണെങ്കിൽ അച്ഛനുമമ്മയും അറിയാതെ ഓരോന്ന് ഒപ്പിക്കുക എന്നത്. ഇങ്ങനെ ചെറിയ കളളത്തരങ്ങൾ. പേടിയിൽ നിന്നാണ് കള്ളത്തരങ്ങൾ ഉണ്ടാകുന്നത്. അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്ന കുട്ടികളിൽ കള്ളത്തരം കാണുന്നുവെങ്കിൽ അച്ഛനമ്മമാരെ കുട്ടികൾ പേടിക്കുന്നതിനാലാണെന്ന് മനസ്സിലാക്കാൻ വലിയ മന:ശ്ശാസ്ത്രഗ്രാഹ്യമൊന്നും വേണ്ട. ഇങ്ങനെയൊക്കെയല്ലേ കുട്ടികൾ എല്ലാം വളരുക എന്നൊരു ചോദ്യവുമുണ്ട്. അതെയെന്നും അങ്ങനെയാവണമെന്നില്ലെന്നും രണ്ടുത്തരമുണ്ട്. മിക്ക കുട്ടികളിലുമുള്ള സർഗ്ഗാത്മകത മുളച്ച് തഴയ്ക്കാതിരിക്കാൻ അവരുടെ ഈ ഘട്ടത്തിലെ സന്തോഷം മുടങ്ങലുകൾ ഒരു കാരണമാകുന്നുണ്ട്.
അപ്പോൾ കേശുവിന്റെ കണ്ണിനും കാതിനുമൊക്കെ കുഴപ്പമുണ്ടാകുന്ന വിധം ടി.വിയുടെ അടുത്തു നിന്ന് പരിപാടികൾ കാണാൻ അനുവദിക്കണമോ? അതിനുത്തരം അതേയെന്നു തന്നെ. അപ്പോൾ ഉണ്ടായേക്കാവുന്ന കുഴപ്പം? അതു വരാതെ നോക്കേണ്ടത് അച്ഛനമ്മമാരുടെയോ അല്ലെങ്കിൽ വീട്ടിലുള്ള മുതിർന്നവരുടെയോ ഉത്തരവാദിത്വമാണ്. ശ്ശെ, ഇതു രണ്ടും കൂടിയെങ്ങനെ സാധിക്കും? അതിനു വഴിയുണ്ട്. കേശു ടി.വി കാണുമ്പോൾ അവനെ അവിടെ നിന്ന് പിടിച്ചു മാറ്റുന്നതിനു പകരം അവൻ നിൽക്കുന്നതിനടുത്ത് ഇരുന്ന് അവനോടൊപ്പം ടി.വി കാണുക. അവൻ ആസ്വദിക്കുന്നതിനൊപ്പം ആസ്വദിക്കുക. അതു കാണുമ്പോൾ അവന് കൂടുതൽ സന്തോഷമാകും. അവന് അതൊരു അംഗീകാരമായിപ്പോലും തോന്നും. അവന് അവനിലുള്ള ആത്മവിശ്വാസം അവിടം തൊട്ട് ഉയർന്നു തുടങ്ങും. ഒപ്പം തന്റെ അച്ഛനമ്മമാരെക്കുറിച്ചുള്ള മറിച്ചുള്ള അഭിപ്രായവും രൂപപ്പെടും. തന്റെ സന്തോഷത്തിനു തുണ നിൽക്കുന്നവർ എന്നുള്ളത്. അത് ആ കുട്ടിയുടെ മനസ്സിൽ പുതിയ ഒരു വ്യാകരണദിശ സൃഷ്ടിക്കും. ടി.വി കണ്ടുനിൽക്കുന്ന അവൻ കുറച്ചു കഴിയുമ്പോൾ അടുത്തിരിക്കുന്ന അച്ഛന്റെയോ അമ്മയുടെയോ മടിയിൽ ഇരിക്കും. എന്നിട്ട് ഇരുന്നുകൊണ്ട് ടി.വി കാണും. അവനോടൊപ്പം പരിപാടി ആസ്വദിച്ച് മെല്ലെ പിന്നിലേക്ക് മാറുകയാണെങ്കിൽ അവന്റെ കണ്ണിനും കാതിനും മൂക്കിനുമൊന്നും ദോഷം വരാത്ത ദൂരത്തിലിരുന്ന് കേശു ടി.വി കാണും. ഇതാവർത്തിക്കുന്ന പക്ഷം കുറച്ചു കഴിഞ്ഞ് അവൻ നിന്നു ടി.വി കാണുമ്പോൾ അൽപ്പം പിന്നിൽ മുതിർന്നവർ ഇരിക്കുകയാണെങ്കിൽ അവൻ അറിയാതെ തന്നെ വന്ന് ആ മടിയിൽ ഇരുന്നുകൊള്ളും. ആ ദൂരത്തിൽ ക്രമേണ അവന്റെ ടി.വി കാണൽ ദൂരം ഉറപ്പിച്ചെടുക്കാം. അതിലൂടെ ഉപബോധമനസ്സിൽ അച്ഛനെയും അമ്മയെയും കുറിച്ച് തന്റെ സന്തോഷത്തിന് പ്രോത്സാഹനമായി നിൽക്കുന്നവരെന്ന തോന്നൽ ഉറയ്ക്കും. അതും അവനോടൊപ്പം വളരും. അതവന്റെ വ്യക്തിത്വത്തെ മുഴുവൻ സർഗ്ഗാത്മകമായി സ്വാധീനിക്കും.
ഇങ്ങനെ കേശുവിന്റെ കൂടെ അടുത്തിരുന്ന് ടി.വി കണ്ട് അകലത്തേക്കാകുകയാണങ്കിൽ അതിന് തയ്യാറാകുന്ന അച്ഛനമ്മമാർക്ക് തന്റെ മകൻ അല്ലെങ്കിൽ മകളെ കുറിച്ചും അവരെ സ്വാധീനിക്കേണ്ട രീതികളെ കുറിച്ചും വിലപ്പെട്ട ഒരുപാട് അറിവും കിട്ടും. അതും ആ കുട്ടിയുടെയും ഒപ്പം അച്ഛനമ്മമാരുടെയും സന്തോഷവും സമാധാനവും വർധിപ്പിക്കും.