കൊച്ചി. സീപോർട്ട് എയർപോർട്ട് റോഡിലെ പൂജാരിവളവിലുള്ള ആര്യാസ് വെജിറ്റേറിയൻ ഹോട്ടൽ. 2016 മാർച്ച് 5. ശിവരാത്രി തലേന്ന്. നല്ല ചൂട്. ഉച്ചയ്ക്ക് ഭക്ഷണത്തിനായി അവിടുത്തെ എ.സി മുറിയിൽ കയറി. അൽപ്പം തണുപ്പും ശാന്തതയും പ്രതീക്ഷിച്ചാണ് കയറിയത്. തണുപ്പുണ്ട്. ശാന്തതയുണ്ടായില്ല. ഉള്ളിൽ ഭയങ്കര സംഭാഷണം. ഓരോ മേശയും ഓരോ ലോകം. ഒരു മേശയിൽ മുപ്പതു വയസ്സു തോന്നിക്കുന്ന യുവാവ്, ഇരുപത്തിയാറോ ഇരുപത്തിയേഴോ തോന്നിക്കുന്ന ഭാര്യ, രണ്ടരയ്ക്കും മൂന്നു വയസ്സിനുമിടയിലുള്ള ആൺ കുഞ്ഞ്. ഭക്ഷണം വന്നു. കഴിക്കുന്നതിനിടയിൽ ഭർത്താവ് വായിൽ ഭക്ഷണം വച്ചുകൊണ്ട് സംസാരിക്കുന്നു. ഇടതു കൈ തബലയിൽ അടിക്കും പോലെ ചലിച്ചുകൊണ്ടിരിക്കുന്നു. മുഖഭാവമാണെങ്കിൽ അതെല്ലാം ഊറിക്കൂടി വീർത്ത പോലെ. സുമുഖനായ ആ യുവാവിന്റെ ചുണ്ടുകളും വീര്‍ത്തു കാണപ്പെട്ടു. കണ്ണുകളിൽ കറുത്ത തീ. പ്രകാശമില്ലാത്ത വെളിച്ചമെന്ന പോലെ. സംഭാഷണത്തിന്റെ വേഗത നിമിത്തമാണ് വായിൽ ചോറുവെച്ചുകൊണ്ടും സംസാരിക്കുന്നത്. സംസാരം എന്നു തമിഴിൽ പൊണ്ടാട്ടിയെയാണ് പറയുന്നത്. ഇവിടെ ഭർത്താവ് ഭാര്യയെ ഭർത്സിക്കുന്നതിനെ സംസാരം എന്നു പറയാം. ഇടയ്ക്ക് ആ സുമുഖനായ യുവാവിന്റെ വായിൽ നിന്ന് വറ്റും മറ്റും ആഹാരശകലങ്ങളും തെറിച്ച് അദ്ദേഹത്തിന്റേയും എതിരെയിരിക്കുന്ന ഭാര്യയുടേയും പ്ലേറ്റിൽ വീഴുന്നുണ്ട്. അദ്ദേഹം നിർത്തിക്കഴിഞ്ഞാൽ ഭാര്യ തുടങ്ങുകയായി. ഭാര്യയുടെ ശബ്ദം അൽപ്പത്തിൽ ഉച്ചത്തിലാവുന്നുണ്ട്.
ഉച്ചത്തിലായ ഭാര്യയുടെ ശബ്ദം അൽപ്പം കുറപ്പിക്കാൻ പല്ലുകൾ കടിച്ചമർത്തിക്കൊണ്ട് താക്കീതു പോലെ ഭർത്താവ് ഭർത്സിക്കുന്നു. ഒരു രക്ഷയുമില്ല. ഭർത്താവ് ഭാര്യ പറഞ്ഞു തീർക്കാൻ കാത്തു നിൽക്കുന്നില്ല. അതിനു മുൻപ് തുടങ്ങി. പറയേണ്ടതില്ലല്ലോ എന്തോ നിസ്സാര പ്രശ്നമാണ്. അതിനെ അതീവ കുടുംബ പ്രശ്നമാക്കിക്കൊണ്ടാണ് ഇരുവരും പരസ്പരം ഭർത്സനം നടത്തുന്നത്. ഭാര്യയുടെ ഇടതുവശത്താണ് മകനിരിക്കുന്നത്. അവന് ഇടയ്ക്ക് എന്തെങ്കിലുമൊന്ന്‍ ഉരുട്ടിയോ എടുത്തോ കൊടുക്കാൻ രണ്ടു പേരും മിനക്കെട്ടില്ല. മേപ്പടിയാൻ ഇതൊന്നും ഞാനറിയുന്നില്ലേ എന്ന ഭാവത്തിൽ മേശപ്പുറത്തിരുന്ന ടിഷ്യൂ പേപ്പറുകൾ എടുത്ത് കളിക്കുകയാണ്. ആ കളിയിൽ അദ്ദേഹം എന്തെക്കൊയോ മിണ്ടുകയും പറയുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇതിനിടെ കറിയും ചോറുമൊക്കെയായി വെയ്റ്റർമാർ സമീപിച്ചു. അവരെയൊക്കെ പുറം കൈയ്യ് കൊണ്ട് വേണ്ടെന്നു പറഞ്ഞു തിരിച്ചയച്ചു.
ശടപടേന്ന് എഴുന്നേറ്റ് ഭർത്താവ് വാഷ് ഏരിയയിലേക്ക് പോയി. ഭാര്യയുടെ പ്ലേറ്റിലെ ഭക്ഷണം കാൽ ഭാഗം പോലും തീർന്നിട്ടില്ല. ഭർത്താവിന്റെ ഏകദേശം തീർന്നിട്ടുണ്ട്. ഭർത്താവ് എഴുന്നേറ്റ് പോയപ്പോൾ അവരും ഭക്ഷണം നിർത്തി. അപ്പോഴും സുന്ദരിയായ ആ യുവതി സ്വന്തം നിലയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. അധികം ഒച്ചയില്ലാതെ. തന്റെ അച്ഛൻ കൈകഴുകാൻ എഴുന്നേറ്റ് പോയത് കണ്ടപ്പോൾ സുന്ദരക്കുട്ടൻ മകൻ സീറ്റിൽ നിന്നും എഴുന്നേറ്റ് രണ്ടു വരി മേശകൾക്കിടയിലുള്ള ഇടനാഴിയിലെത്തി. അവിടെ അദ്ദേഹം ചുറ്റും കറങ്ങിക്കൊണ്ട് കൊടി പിടിച്ച് മുദ്രാവാക്യം വിളിക്കുന്ന പോലെ കൈയ്യിലിരുന്ന ടിഷ്യൂ പേപ്പറുകൾ ഉയർത്തിക്കൊണ്ട് എന്തൊക്കെയോ അധികം ഉച്ചത്തിലല്ലെങ്കിലും വിളിച്ചുകൊണ്ട് വട്ടം കറങ്ങി. അതൊന്നും അമ്മ അറിയുന്നതു പോലുമില്ല.
അവന്റെ കൈയ്യിൽ ആ മേശപ്പുറത്ത് അടുക്കി വച്ചിരുന്ന മുഴുവൻ ടിഷ്യൂ പേപ്പറുകളുമുണ്ട്. ആ ടിഷ്യൂ പേപ്പറുകളെല്ലാം ഛിന്നഭിന്നം കീറിയ അവസ്ഥയിലാണ് അവൻ പിടിച്ചിരുന്നത്. അച്ഛനും അമ്മയും ഊണുകഴിക്കുന്നതിനിടയിൽ അവർ ശ്രദ്ധിക്കാതിരുന്നപ്പോൾ അവൻ അവരുടെയടുത്തിരുന്ന് വലിച്ചു കീറിയതാണ് ആ ടിഷ്യൂ പേപ്പറുകൾ മുഴുവൻ. അവനെ അൽപ്പമൊന്ന് ശ്രദ്ധിച്ച് സ്നേഹത്തോടെ അവന് എന്തെങ്കിലും രണ്ടു പേരും കൂടി വായിൽ വച്ചു കൊടുത്തിരുന്നെങ്കിലോ അല്ലെങ്കിൽ അവനിഷ്ടം എന്താണെന്ന് ചോദിച്ച് അതു വാങ്ങിക്കൊടുത്തിരുന്നെങ്കിലോ അവൻ ആ ടിഷ്യൂപ്പേപ്പറുകൾ മുഴുവനെടുത്ത് കീറിപ്പറിക്കുകയില്ലായിരുന്നു. അവന് ശ്രദ്ധ കിട്ടിയില്ലെന്നു മാത്രമല്ല, അവരുടെ വഴക്ക് അവന്റെ സാന്നിദ്ധ്യത്തിൽ നടന്നപ്പോൾ അവന്റെ നിഷ്കളങ്കമായ മനസ്സിന്റെ പ്രതലത്തിലൂടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങിയ മുറിവുകളാണ് ആ കീറിയ ടിഷ്യൂപ്പേപ്പറുകളിലൂടെ വ്യക്തമായത്.
രണ്ടര മൂന്നു വയസ്സെന്നു പറയുന്നത് പുറംലോകത്തെ മനസ്സിൽ പതിപ്പിക്കുകയും മസ്തിഷ്കത്തിന്റെ വികാസം നടക്കുകയും ചെയ്യുന്ന കാലമാണ്. ഏറ്റവും ഭദ്രവും പ്രസന്നവുമായ മുഹൂർത്തങ്ങളിലൂടെ ഈ ലോകത്തെക്കുറിച്ച് അവന്റെയുള്ളിൽ ബിംബങ്ങൾ പതിയേണ്ട സമയമാണ്. ആ സമയത്താണ് ഈ വൻ മുറിവുകൾ വീഴുന്നത്. ഈ ഹോട്ടലിൽ വച്ചു അവനേറ്റ മുറിവു തന്നെ ധാരാളം, അവന്റെ ജീവിതകാലം മുഴുവൻ അവന് വേദന അനുഭവിക്കാൻ. ആ അനുഭവം അവന്റേതു മാത്രമല്ല. അവനിൽ ഏറ്റ ശ്രദ്ധയില്ലായ്മയക്ക് പുറമേ, ഏറ്റ മുറിവ് വിപരീതാത്മകതയും അശുഭാപ്തി വിശ്വാസവുമായി ആയിരിക്കും അവനിലൂടെ പുറത്തു വരിക. ഭാവിയിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാനായി അച്ഛനും അമ്മയും തയ്യാറെടുക്കുമ്പോൾ ചിലപ്പോൾ അവനിൽ അവനറിയാത്ത വയറെരിച്ചിൽ ഉണ്ടായെന്നിരിക്കും. കാരണം അവന് ഹോട്ടലിൽ വച്ചുണ്ടായ അനുഭവങ്ങൾ വേദനയുടെയും അശ്രദ്ധയുടേയുമാണ്. അച്ഛന്റേയും അമ്മയുടേയും സ്വഭാവം നാളെ അവനിലൂടെ പ്രകടമാകുമ്പോഴും അവരിൽ നിന്നു തന്നെ അവന് പീഡനം ഏറ്റുവാങ്ങേണ്ടിയും വരും.
എത്ര കോപം വന്നാലും രണ്ടിലാരെങ്കിലും ഒരാൾ ആ കുട്ടിയെ ഒന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു. വശത്തെ മേശയിലിരുന്ന ഒരാൾ അവന്റെ കളിയിൽ അൽപ്പം കൗതുകം കാട്ടിയപ്പോൾ അവൻ അയാളെ കൗതുകത്തോടെ നോക്കിയിട്ട് വീണ്ടും ഒരു വട്ടം കറക്കം. എന്നിട്ടു വീണ്ടും അവന് ശ്രദ്ധ നൽകിയ ആളുടെ നേർക്ക് നോക്കുന്നതു കാണാമായിരുന്നു. ഭർത്താവ് കൈകഴുകി വന്നപ്പോൾ ഭാര്യ കൈ കഴുകാൻ പോയി. സുന്ദരിയായ ആ യുവതിയുടെ മുഖം ഭയങ്കര ഭാരത്തിലായിരുന്നു. പെട്ടെന്നു തന്നെ അവരെത്തി. ഇതിനിടെ കൈ തുടയ്ക്കാൻ ടിഷ്യൂ ഉദ്ദേശിച്ച് മേശപ്പുറത്തു നോക്കിയ ഭർത്താവ്-യുവാവ് ഓർത്തിട്ടെന്ന പോലെ പാന്റ്‌സിന്റെ പിന്നിലെ പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് കൈ തുടച്ചു. സാധാരണ ബില്ലുകൊണ്ടു വരുന്ന ഫോൾഡറിൽ കാശും വച്ച് അൽപ്പം ടിപ്പ് കൊടുക്കുക സാധാരണമാണ്. പക്ഷേ യുവാവ് ഒരു വലിയോടെ ബില്ലെടുത്തു ഒറ്റ തിരിയക്കം. ആറടിയിൽ മേൽ ഉയരമുള്ള യുവാവിന്റെ ഇടതു കാലിന്റെ മുട്ടിനു താഴെ നേരെയായിരുന്നു ആ കൊച്ചു സുന്ദരക്കുട്ടൻ. പെട്ടെന്നു അച്ഛൻ-യുവാവ് ഒന്നു താഴേക്കു നോക്കി കാൽ മാറ്റി പുറത്തേക്കുള്ള കതകു തുറന്നു പോയി. ഭാര്യയും അൽപ്പം ദൂരമിട്ട് പിന്നാലെ പോയി. അവരും ആ കുട്ടിയെ നോക്കിയില്ല. കീറിയ ടിഷ്യൂപ്പേപ്പറുകളുമായി അവനും അവരുടെ പിന്നാലെ പോയി. ടിഷ്യൂപ്പേപ്പറിന്റെ മൃദുത്വമുള്ള അവന്റെ കൈയ്യിലിരുന്ന മൃദുലമായ ടിഷ്യൂപ്പേപ്പറുകൾ കീറിപ്പറിഞ്ഞപോലെ ചിന്നിയ മനസ്സുമായി.
ആ യുവാവിന്റെ കൈയ്യിൽ കാറിന്റെ താക്കോലുണ്ടായിരുന്നു. ആ മാനസികാവസ്ഥയിൽ കാറിൽ കയറി ഡ്രൈവ് ചെയ്യുകയാണെങ്കിൽ ഉണ്ടാകാവുന്ന അപകടം ചെറുതാവില്ല. അവർക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ആ വഴക്ക് കാറിലും തുടരുകയാണെങ്കിൽ ഉണ്ടായേക്കാവുന്ന അപകടത്തിന്റെ തോതും രീതിയുമൊക്കെ വളരെ വൈവിദ്ധ്യമാർന്നതായിരിക്കും. ഓടിച്ചിറങ്ങിയതുപോലെ പാലത്തിന്റെ കൈവരി തകർത്തും അല്ലാതെ റോഡിൽ നിന്ന് അകലെയുള്ള മടയിലേക്ക് കാറ് ഇടിച്ചിറങ്ങി ഭാര്യയും ഭർത്താവുമൊക്കെ മരിച്ച മാദ്ധ്യമവാർത്തകൾ ഓർമ്മയിലെത്തിയത് സ്വാഭാവികം.