കഥയിലെ തന്തു പുറത്തുകാണാതെ അതിന്റെ വര്‍ണ്ണവിസ്മയങ്ങളിലൂടെ കാണികളിലേക്ക് അബോധമായി വിന്യസിക്കുമ്പോഴാണ് ഒരു കലാസൃഷ്ടി വിജയിക്കുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ ലാല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സ്പിരിറ്റ് മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു. അതിന്റെ ഒരു പോരായ്മ പ്രമേയം പ്രകടമായിരുന്നു. അതുകൊണ്ടു തന്നെ ഒരു സാരോപദേശത്തിന്റെ മേമ്പൊടി അതിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അതിലെ പല രംഗങ്ങളും ഒരു ഡോക്കുമെന്റ്റിയെ ഓര്‍മ്മിപ്പിച്ചു. അതോടൊപ്പം തന്നെ വൈകാരികമായി കാണികളെ സ്വാധീനിക്കുന്നതില്‍ ആ ചിത്രം വിജയിക്കാതെയും പോയി. അതുകൊണ്ടു തന്നെ കലാപരമായി ആ ചിത്രം മേന്മ പുലര്‍ത്തിയില്ല. അതേ പ്രമേയം തന്നെയാണ് ബിപിന്‍ ചന്ദ്രന്റെ തിരക്കഥയില്‍ ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ പവാട.
പാവാടയുടെ വിജയം പ്രമേയത്തെ നന്നായി പാവാടയും ദാവണിയുമുടുപ്പിച്ച് പറയുന്നതില്‍ വിജയിച്ചുവെന്നതാണ്. അതുകൊണ്ട് അതൊരു പ്രത്യക്ഷ സോദ്ദേശചിത്രമായില്ല. മദ്യപാനത്തില്‍ ബോധം നശിച്ച് ജീവിതം തള്ളിനീക്കുന്ന ഒരു വ്യക്തിയുടെ ഒരു നിമിഷത്തെ കൈയ്യബദ്ധം ഒരു കുടുംബത്തിന്റെ ജീവിതത്തെ താറുമാറാക്കി കുട്ടിച്ചോറാക്കുന്നതാണ് മുഖ്യ ഇതിവൃത്തം. ആ ഇതിവൃത്തം പറയുന്നതില്‍ സംവിധായകന് ശ്രദ്ധിച്ചിരിക്കുന്നതിനാല്‍ എന്തുകൊണ്ട് എന്നുള്ളത് പശ്ചാത്തലത്തില്‍ നിശബ്ദവും എന്നാല്‍ അതിശക്തവൂമായി നിലകൊണ്ടിരിക്കുന്നു പാവാടയില്‍.
പാവാട സിനിമ കൂറേക്കൂടി ആകര്ഷകമാക്കാമായിരുന്നു എന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ തോന്നും. ചിലര്‍ ഇടവേളയില്‍ ലൈറ്റു തെളിഞ്ഞപ്പോള്‍ പോയാലോ എന്ന് പരസ്പരം ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. കാരണം അത്രയ്ക്ക് അലോസരം സൃഷ്ടിക്കുന്നതും ഇഴഞ്ഞു നീങ്ങുന്നതും ആവര്‍ത്തനവിരസമായ ദൃശ്യങ്ങളാല്‍ നിറഞ്ഞതുമായിരുന്നു ആദ്യപകുതി. ആദ്യപകുതിയും രണ്ടാം പകുതിയും രണ്ടു സംവിധായകര്‍ ചെയ്തതുപോലെ തോന്നും. മദ്യപാനത്തോടു മദ്യപാനം. ഇതാണ് ആദ്യപകുതി. ആ ദൃശ്യങ്ങളാകട്ടെ മലയാള സിനിമയുള്‍പ്പടെ എല്ലാ സിനിമകളിലും കണ്ടു മടുത്തത്. ചില രംഗങ്ങള്‍ എന്നാല്‍ പുതുമയോടെ ചേര്‍ത്തിട്ടുണ്ട്. ആ ചേര്‍ക്കല്‍ മുഴച്ചു കാണികളുടെ കണ്ണില്‍ കുത്തുന്നതായി. അതിനിടയിലും ഏറ്റുവും ശ്രദ്ധേയമായത് പ്രിഥ്വിരാജ് എന്ന നടന്റെ കഴിവിന്റെ അനാവരണത്തിന്റെ ഒരു ഘട്ടമാണ്. അതിചടുലമായ അഭിനയം എന്ന് ഒററവാചകത്തില് പറയാം. ഇതിലൂടെ പ്രഥ്വിരാജ് തന്റെ ചില പരിമിതികളെ അതിജീവിക്കുന്നതായി കാണാം.
കൂത്താടിയുള്ള പാട്ടുരംഗം അതീവ ചടുലമായി അനുഭവപ്പെട്ടു. ആ ചടുലതിയില് ബുദ്ധിജീവിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് കൂടെ അഭിനയിക്കുന്ന അനൂപ് മേനോന് ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായനായി നില്ക്കുന്നതും കാണാമായിരുന്നു. ചിലപ്പോള്‍ പ്രിഥ്വിരാജിന്റെ നൃത്തം കണ്ട് അനൂപ് മേനോനും നോക്കിനില്ക്കുന്നതുപോലെയാണ് തോന്നിയത്. അനൂപ് മേനോന് തന്റെ കഥാപാത്രത്തെ കഥാസന്ദര്ഭങ്ങള്ക്കനുയോജ്യമായ രീതിയില്‍ ഫലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു പോയി. അതുപോലെ അങ്ങേയറ്റം കല്ലുകടി അനുഭവപ്പെട്ടതാണ് ഒരു അനാവശ്യസൂത്രധാരന് പ്രയോഗം. ഒരു കളളുഷാപ്പിലെ കള്ളുകുടിയനിലൂടെ. അത് അപ്പാടെ ഒഴിവാക്കിയെങ്കിലും സിനിമയുടെ കഥ പറച്ചില് കുറേക്കൂടി മിഴവുറ്റതാകുമായിരുന്നു. ഇതൊക്കെയാണ് ആദ്യപകുതി കാണികളെ മടുപ്പിക്കുന്നത്. എന്നാല്‍ രണ്ടാം പകുതി കഥാഗതിയിലൂടെയാണ് സിനിമ നീങ്ങുന്നത്.
എബി ടോമിന്റെ സംഗീതവും പ്രദീപ് നായരുടെ ഛായഗ്രഹണവുമൊക്കെ ശരാശരിയിലൊതുങ്ങി. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും എടുത്തുപറയാവുന്നതായില്ല. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാന്നറില്‍ മണിയന് പിളള രാജു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം മൊത്തത്തില്‍ വിജയിച്ചു. അതാകട്ടെ കഥയുടെയും കഥാഗതിയുടെയും ശക്തിയില്‍.
