Skip to main content

ain malayalm movie

 

2014-ല്‍ പുറത്തിറങ്ങിയ ചലച്ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍ വിഭാഗത്തില്‍ നാല് പുരസ്കാരങ്ങള്‍ മാത്രമാണ് മലയാളത്തിനു ലഭിച്ചത്. ജയരാജിന്റെ ഒറ്റാല്‍ പാരിസ്ഥിതിക സംരക്ഷണം വിഷയമായ ചിത്രങ്ങളില്‍ മികച്ച പുരസ്കാരം നേടിയപ്പോള്‍ സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ഐന്‍ തന്നെയാണ് മികച്ച മലയാള ചിത്രം.

 

1983 എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു ഗോപി സുന്ദറും പുരസ്കാരം നേടി. വിഖ്യാത റഷ്യന്‍ കഥാകൃത്ത് ആന്‍റണ്‍ ചെഖോവിന്റെ കഥ വാങ്കയുടെ ആവിഷ്കാരമായ ഒറ്റാലിലൂടെ മികച്ച ആവിഷ്കൃത തിരക്കഥയ്ക്കുള്ള പുരസ്കാരം ജോഷി മംഗലത്ത് കരസ്ഥമാക്കി.

 

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ കല-സംസ്കാരം വിഭാഗത്തില്‍ സഞ്ജു സുരേന്ദ്രന്റെ കപില എന്ന രേഖാചിത്രം പുരസ്കാരം നേടി. കൂടിയാട്ടം കലാകാരി കപില വേണുവിനെ കുറിച്ചുള്ളതാണ് ഈ ചിത്രം. എ പോയറ്റ്‌, എ സിറ്റി ആന്‍ഡ്‌ എ ഫുട്ബാളര്‍ എന്ന ചിത്രത്തിന് മലയാളി സംവിധായകന്‍ ജോഷി ജോസഫിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. നിത്യകല്യാണി – ഒരു മോഹിനിയാട്ടം പദം എന്ന ചിത്രത്തിലൂടെ അമ്പൂട്ടി ദേവി മികച്ച ആഖ്യാതാവിനുള്ള പുരസ്കാരം കരസ്ഥമാക്കി.    

 

ഫീച്ചര്‍ വിഭാഗത്തില്‍ ചൈതന്യ തംഹാനെയുടെ കോര്‍ട്ട് ആണ് മികച്ച ചലച്ചിത്രംരം. ചതുഷ്കോണ്‍ എന്ന ചിത്രത്തിന് ബംഗാളി സംവിധായകന്‍ ശ്രിജിത് മുഖര്‍ജി മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടി.

 

കന്നഡ ചിത്രം നാനു അവനല്ല, അവള് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ്‌ മികച്ച നടനും ക്വീന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ കങ്കണ റണൌത് മികച്ച നടിക്കുമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ജിഗര്‍തണ്ട എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ബോബി സിംഹാ മികച്ച സഹായ നടനും പഗ്ഡി ദ ഹോണര്‍ എന്ന ഹരിയാന്വി ചിത്രത്തിലൂടെ ബല്‍ജിന്ദര്‍ കൗര്‍ മികച്ച സഹായ നടിയ്ക്കും ഉള്ള പുരസ്കാരങ്ങള്‍ നേടി. കാക്ക മുട്ടായി എന്ന ചിത്രത്തിലൂടെ ജെ. വിഘ്നേഷും രമേഷും മികച്ച ബാലനടനുള്ള പുരസ്കാരം പങ്കുവെച്ചു.

 

മികച്ച ആദ്യചിത്രത്തിനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം ആദിത്യ വിക്രം സെന്‍ഗുപ്തയുടെ ബംഗാളി ചിത്രം ആശ ജാവോ മജേയ്ക്ക് ലഭിച്ചു. ബോക്സിംഗ് താരം മേരി കോമിന്റെ കഥ പറഞ്ഞ ഒമുംഗ് കുമാറിന്റെ ഹിന്ദി ചിത്രം മേരി കോം ആണ് ജനപ്രീതി നേടിയ മികച്ച വിനോദചിത്രം. സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങളില്‍ കൗശിക് ഗാംഗുലിയുടെ ബംഗാളി ചിത്രം ചോടോദര്‍ ചോബി പുരസ്കാരം നേടി. എം. മണികണ്ഠന്റെ തമിഴ് ചിത്രം കാക്ക മുട്ടായിയും പരേഷ് മൊകാഷിയുടെ മറാത്തി ചിത്രം എലിസബത്ത് ഏകാദശിയും മികച്ച ബാലചിത്രത്തിനുള്ള പുരസ്കാരം പങ്കിട്ടു.

 

ഹിന്ദി ചിത്രം ഹൈദറിലെ ബിസ്മില്‍ എന്ന ചിത്രത്തിന് സുഖ്വിന്ദര്‍ സിങ്ങിന് മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ചു. ശൈവം എന്ന തമിഴ് ചിത്രത്തിലെ അഴക് എന്ന തന്റെ എന്ന ആദ്യ ഗാനത്തിലൂടെ പത്ത് വയസുകാരി ഉത്തര ഉണ്ണികൃഷ്ണന്‍ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടി. ഇതേ ഗാനത്തിന് എന്‍.എ മുത്തുകുമാര്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും നേടി. ഹൈദറിലെ ഗാനങ്ങള്‍ക്ക് വിശാല്‍ ഭരദ്വാജ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി.   

 

ചതുഷ്കോണിലൂടെ സുദീപ് ചാറ്റര്‍ജി മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടി. മികച്ച മൗലിക തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സംവിധായകന്‍ ശ്രിജിത് മുഖര്‍ജിയ്ക്ക് ലഭിച്ചു. മികച്ച സംഭാഷണങ്ങള്‍ക്കുള്ള പുരസ്കാരം ഹൈദറിന്റെ സംവിധായകനായ വിശാല്‍ ഭാരദ്വാജിനാണ്. ക്വാദ എന്ന മറാത്തി ചിത്രത്തിലൂടെ മികച്ച ശബ്ദലേഖനത്തിന് മഹാവീര്‍ സബ്ബന്‍വാളും ആശ ജാവോ മജേയിലൂടെ മികച്ച ശബ്ദവിന്യാസത്തിന് അനീഷ്‌ ജോണും നിര്‍ബഷിതോ എന്ന ബംഗാളി ചിത്രത്തിലൂടെ അനിര്‍ബാന്‍ സെന്‍ഗുപ്തയും ദീപാങ്കര്‍ ചാകിയും മികച്ച റീ-റെക്കോഡിംഗിനും പുരസ്കാരങ്ങള്‍ നേടി. എഡിറ്റിംഗിന് ജിഗര്‍തണ്ടയിലൂടെ വിവേക് ഹര്‍ഷന്‍ പുരസ്കാരം നേടി.