Skip to main content
മുംബൈ

ujjwal nikam

 

 

 

2008 മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ് ജയിലില്‍ വെച്ച് ആട് ബിരിയാണി ആവശ്യപ്പെട്ടെന്നത് താന്‍ നടത്തിയ വ്യാജ പ്രചാരണമായിരുന്നുവെന്ന് കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ഉജ്ജ്വല്‍ നികം. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് താന്‍ ഇങ്ങനെ പ്രചരിപ്പിച്ചതെന്ന് നികം പറഞ്ഞു.

 

കസ്റ്റഡിയിലായിരിക്കെ കസബ് ബിരിയാണി ചോദിക്കുകയോ കസബിന് ബിരിയാണി നല്‍കുകയോ ഉണ്ടായിട്ടില്ലെന്ന് നികം വെള്ളിയാഴ്ച വെളിപ്പെടുത്തി. ജയ്പൂരില്‍ നടന്ന തീവ്രവാദ വിരുദ്ധ അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് നികം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

 

മാദ്ധ്യമങ്ങളുടെ അമിതാവേശമാണ് തന്റെ നടപടിയ്ക്ക് കാരണമെന്ന്‍ നികം വിശദീകരിച്ചു. മാദ്ധ്യമങ്ങള്‍ കസബിന്റെ കണ്ണുനീരിന് പ്രാധാന്യം നല്‍കുകയും ഒരു ബലിയാടായി കസബിനെ അവതരിപ്പിക്കുകയും ചെയ്തത് ശരിയായിരുന്നില്ലെന്ന് നികം പറഞ്ഞു. ഇതിനെ തുടര്‍ന്ന്‍ ജനങ്ങളുടെ കാഴ്ചപ്പാടുകളില്‍ ഒരു മാറ്റം കണ്ടതിനാലാണ് താന്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് നികം പറഞ്ഞു.

 

വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാക്കിയത് നികമിന്റെ ഈ പ്രസ്താവനയായിരുന്നു. മാത്രമല്ല, തീവ്രവാദ സംബന്ധിയായ കേസുകളില്‍ ഇത് ഒരു പ്രധാന ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തു. ഈയിടെ ഗുജറാത്ത്‌ തീരത്ത് ഒരു പാകിസ്ഥാനി ബോട്ട് കടലില്‍ തകര്‍ന്നതുമായ ബന്ധപ്പെട്ട വിവാദത്തില്‍ ബോട്ട് മുക്കാന്‍ താന്‍ ഉത്തരവ് കൊടുക്കുകയായിരുന്നു എന്നവകാശപ്പെട്ട തീരദേശ സംരക്ഷണ സേന ഉദ്യോഗസ്ഥന്‍ അതിന് ന്യായീകരണമായി പറഞ്ഞത് ബോട്ടിലുള്ളവരെ പിടികൂടി ബിരിയാണി കൊടുക്കണോ എന്നായിരുന്നു.  

 

കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റുകയും പൂനയിലെ യെര്‍വാദ ജയിലില്‍ സംസ്കരിക്കുകയും ചെയ്യുകയായിരുന്നു.