Skip to main content
തിരുവനന്തപുരം

balakrishna pilla

 

കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫിന് പുറത്തേക്ക്. വ്യാഴാഴ്ച (നാളെ) നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഐഷാ പോറ്റിക്ക് വോട്ട് ചെയ്യുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചു. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കുചേരുമെന്നും പിള്ള പറഞ്ഞു.

 

കേരള കോണ്‍ഗ്രസ് (ബി)യുടെ വോട്ടുവേണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്നും ബാലകൃഷ്ണ പിള്ള അറിയിച്ചു. കെ.ബി ഗണേഷ് കുമാറാണ് പാര്‍ട്ടിയുടെ ഏക എം.എല്‍.എ.

 

സാങ്കേതികമായി കേരള കോണ്‍ഗ്രസ് (ബി) പ്രതിപക്ഷത്താണെന്നും തുടര്‍ന്നും എല്‍.ഡി.എഫിനെ പിന്തുണയ്ക്കണോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ബാലകൃഷ പിള്ള പറഞ്ഞു. ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ സര്‍ക്കാറിന്റെ അഴിമതി സഹിക്കാന്‍ വയ്യാതായിരുന്നുവെന്ന്‍ പിള്ള പറഞ്ഞു. യു.ഡി.എഫിന്റെ യോഗങ്ങളില്‍ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പിള്ള അവകാശപ്പെട്ടു. ജാതിയും മതവും നോക്കിയാണ് യു.ഡി.എഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അഴിമതിക്കാര്‍ക്ക് മാത്രമേ മുന്നണിയില്‍ സ്ഥാനമുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.

 

ഇതോടെ, വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ചേരാന്‍ നിശ്ചയിച്ചിരിക്കുന്ന യു.ഡി.എഫ് യോഗം കേരള കോണ്‍ഗ്രസ് (ബി)യെ മുന്നണിയില്‍ നിന്ന്‍ പുറത്താക്കുന്ന തീരുമാനം എടുക്കുമെന്ന് കരുതുന്നു. കഴിഞ്ഞ രണ്ട് യു.ഡി.എഫ് യോഗങ്ങളിലേക്ക് കേരള കോണ്‍ഗ്രസ് (ബി)യെ ക്ഷണിച്ചിരുന്നില്ല.