ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബാറുടകളുടെ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരെ ധനവകുപ്പ് മന്ത്രി കെ.എം മാണി മാനനഷ്ടക്കേസ് നല്‍കി. പത്ത് കോടി രൂപ ആവശ്യപ്പെട്ട് തിരുവനന്തപുരം സബ് കോടതിയിലാണ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പൂട്ടിയ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതിന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.
വക്കീല്‍ നോട്ടീസ് അയച്ചിട്ടും കേസ് ഫയല്‍ ചെയ്യാത്തതെന്തെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മാണിയോട് ആരാഞ്ഞിരുന്നു.
കേസ് നല്‍കുന്നതിന് കെട്ടിവെക്കുന്നതിനുള്ള തുക സ്വരൂപിക്കേണ്ടതിനാലാണ് കേസ് കൊടുക്കാന്‍ വൈകിയതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ പത്ത് ലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കണം. ബിജു രമേശിനെതിരെ ക്രിമിനല്‍ കേസും നല്‍കുമെന്ന് ആന്റണി രാജു പറഞ്ഞു.
അതേസമയം, ആരോപണങ്ങളില്‍ ബിജു രമേശ് ഉറച്ചുനില്‍ക്കുകയാണ്. ആരോപണങ്ങളില്‍നിന്നു പിന്മാറാന്‍ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു രമേശ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും കേസിൽ വിജിലൻസ് അന്വേഷണം ഫലപ്രദമായില്ലെങ്കിൽ കേന്ദ്ര ഏജൻസിയെ കൊണ്ടുള്ള അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജു പറഞ്ഞു. നേരത്തേ പണം നല്‍കിയിട്ടില്ലെന്നു വിജിലന്‍സിനു തെറ്റായി മൊഴി നല്‍കിയ നാല് ബാറുടമകള്‍ മൊഴി തിരുത്തി നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു.