പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ അമ്മ. അങ്ങേയറ്റം കണിശക്കാരി. വിശേഷിച്ചും പഠിത്തത്തിന്റെ കാര്യത്തിൽ. കുട്ടിക്ക് എഴുന്നേൽക്കാൻ വയ്യെങ്കിൽ പോലും സ്കൂളിൽ പറഞ്ഞുവിട്ടിരിക്കും. മാത്രമല്ല, താനങ്ങനെ പറഞ്ഞയയ്ക്കുമെന്ന് തന്നെ അറിയുന്നവരുടെയടുത്തും പുതുതായി പരിചയപ്പെടുന്നവരോടുമൊക്കെ ഈ അമ്മ പറയാറുണ്ട്. കുട്ടിയുടെ ഓരോ ചലനങ്ങളും പുള്ളിക്കാരിയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെയാവണമെന്നു തോന്നുന്നു, തീരെ വയ്യാതെ വരുമ്പോഴും കുട്ടി എങ്ങിനെയെങ്കിലും സ്കൂളിൽ എത്തിയിരിക്കും. തന്റെ ക്ലാസ്സിലെ ഓരോ കുട്ടിയേക്കുറിച്ചും ഈ അമ്മ മകളോട് ചോദിച്ചു മനസ്സിലാക്കുന്നുണ്ട്. വിശേഷിച്ചും ആൺകുട്ടികളെ കുറിച്ച്. ആൺകുട്ടികൾ എന്തൊക്കെയാണ് സംസാരിക്കാറുള്ളതെന്നും മറ്റും അതിവിശദമായി ചോദിച്ചറിയുകയും പതിവാണ്. അതിനാൽ തന്റെ മകളുടെ ക്ലാസ്സിലെ ആൺകുട്ടികളെ വിലയിരുത്തി അഭിപ്രായവും സ്വരൂപിച്ചിട്ടുണ്ട്. ക്ലാസ്സിലെ മറ്റ് പെൺകുട്ടികളുടെ അമ്മമാരെ ഓപ്പൺ ഹൗസിനും മറ്റും കാണുമ്പോൾ ആൺകുട്ടികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തട്ടിവിടാറുമുണ്ട്. തന്റെ നോട്ടത്തിൽ ക്ലാസ്സിലെ വില്ലന്മാരെക്കുറിച്ചാണ് ഈ അഭിപ്രായങ്ങൾ. വില്ലന്മാർക്കെതിരെ ഒരു മുന്നണിയെ തട്ടിക്കൂട്ടുന്നതിന്റെ ആവേശം പോലെയാണവർക്കപ്പോൾ. തന്നേക്കുറിച്ച് പല അഭിപ്രായങ്ങൾ പലരും പറയാറുണ്ടെന്നും ഇവർക്കറിയാം. അതും ഇവർ മറ്റുള്ളവരോട് പങ്ക് വയ്ക്കും. അവർക്കതു പറയാം, മക്കൾ നമ്മളുടേതാണ് - ഇതാണ് ഇവരുടെ ന്യായം. അതുപോലെ കുട്ടികളെ എപ്പോഴും സമ്മർദ്ദത്തിൽ നിർത്തിയാൽ മാത്രമേ ഉദ്ദേശിക്കുന്ന വിധം കുട്ടികൾ പഠിച്ച് ഉയർന്ന മാർക്കും പ്രവേശനപ്പരീക്ഷകളുമൊക്കെ പാസ്സാവുകയുള്ളു എന്നും ഈ അമ്മ വിശ്വസിക്കുന്നു. തന്റെ മൂത്ത മകൻ ദേശീയതലത്തിൽ ഉന്നതമായ സ്ഥാപനത്തിൽ പഠിക്കുന്നത് ആ വാദത്തിന് ഉപോൽബലകമായി ഉയർത്തിക്കാട്ടുകയും ചെയ്യും.
ഈ അമ്മയുടെ നിരീക്ഷണവും പിന്തുടരലുമൊന്നും ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. മകൾക്ക് ദിവസവും ഡയറി എഴുതുന്ന സ്വഭാവമുണ്ട്. മകൾ കുളിക്കാൻ കയറുന്ന സമയത്ത് മകൾ അറിയാതെ അമ്മ മകളുടെ ഡയറി പരിശോധിക്കാറുണ്ട്. മകൾക്ക് ഇതുവരെ അറിയില്ല, തന്റെ അമ്മ ഇവ്വിധം ഒരു ചാരപ്പണി നടത്തുന്നത്. ഇങ്ങനെ മക്കളുടെ ഡയറി പരിശോധന നടത്തണമെന്നും മറ്റ് അമ്മമാരെ ഇവർ ഉപദേശിക്കാറുണ്ട്. ഒരു കാരണവശാലും മക്കൾ അറിയാൻ ഇടവരരുതെന്നും ഇവർ ഓർമ്മിപ്പിക്കും. അവരറിയാതിരിക്കാനുള്ള കാരണമായി ഇവർ പറയുന്നത് രസകരമാണ്. മകൾക്ക് എന്തു തോന്നുമെന്നുള്ളതോ അവളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു എന്ന തോന്നലോ ഒന്നുമുള്ളതുകൊണ്ടല്ല. സത്യസന്ധമായി ഡയറി എഴുതുന്നതിലൂടെ സ്കൂളിലേയും അവരുടേയും ജീവിതത്തിലേയും കാര്യങ്ങൾ അതേപടി നമുക്കറിയാൻ കഴിയും എന്നുള്ളതാണ് കാരണം. അങ്ങനെ നോക്കുമ്പോഴാണ് ഒരു ദിവസം മകൾ തന്റെ ക്ലാസ്സിലെ പഠിക്കാൻ സമർഥനായ കുട്ടിയെക്കുറിച്ച് അവനെ വെറുക്കുന്നു എന്നെഴുതിയിരിക്കുന്നത്. അവൾ അവനെ വെറുക്കാൻ കാരണവുമുണ്ട്. അവൻ അവൾക്ക് കാണാനായി ഒരു സിനിമ പെൻഡ്രൈവിലാക്കി കൊടുത്തു. അതു കണ്ടു തുടങ്ങിയപ്പോൾ രംഗങ്ങൾ അൽപ്പമല്ലാതെ ചൂടുള്ളത്. അതിനാൽ അതു മുഴുവൻ അവൾക്ക് കാണാൻ തോന്നിയില്ലെന്നും അവനെ വെറുക്കുന്നുവെന്നും മകൾ എഴുതിയിരിക്കുന്നു. ഇതു വായിച്ച ഉടൻ തന്നെ അമ്മയുടെ ഞരമ്പുകളിലെ ചോര തിളച്ചു. അന്നേരം തന്നെ ആ കുട്ടിയുടെ വീട്ടിൽ പോയി വിഷയം അവതരിപ്പിച്ച് പറ്റുമെങ്കിൽ അവന് രണ്ടു കൊടുക്കണമെന്ന അവസ്ഥയിലായി. പക്ഷേ ഡയറി വായിച്ച വിവരം മോൾ അറിഞ്ഞാൽ അതും ശരിയാവില്ല. ഭർത്താവിനോട് പറഞ്ഞാൽ മൂപ്പർ എങ്ങനെ പ്രതികരിക്കുമെന്നും നിശ്ചയമില്ല. രണ്ടായാലും ക്ഷോഭത്താൽ പൊട്ടിത്തെറിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്. അതെങ്ങനെയായിരിക്കുമെന്നുള്ളതിലാണ് പിടിയില്ലാത്തത്. അതിനാൽ എന്തു ചെയ്യണമെന്നറിയാതെ ഈ അമ്മ എരിപൊരി കൊണ്ടു. വീട്ടിൽ ആരോടും താനറിഞ്ഞ വസ്തുത കൈമാറാൻ പറ്റുന്നില്ല. അതിന്റെ ക്ഷോഭമാണ് ഒരു പൊതുസ്ഥലത്ത് സ്കൂളുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനെത്തിയ മറ്റു കുട്ടികളുടെ അമ്മമാരുമായി ഈ അമ്മ തന്റെ ക്ഷോഭത്തിന്റെ അണക്കെട്ട് പൊട്ടിച്ചുവിട്ടത്. തന്റെ മകളോട് ഇവ്വിധം പെരുമാറിയതിന്റെ പേരിൽ സ്കൂളു കഴിയുന്ന തക്കം നോക്കിയെങ്കിലും ഒരു പെട കൊടുക്കുമെന്ന വാശിയിലുമാണ് ഈ അമ്മ.
ബന്ധങ്ങളിലെ സൂക്ഷ്മാംശങ്ങളിലൂടെയാണ് ബന്ധങ്ങളുടെ ശക്തിയും ദൗർബല്യവും നിർണ്ണയിക്കപ്പെടുന്നത്. കുഞ്ഞിലേ മുതലുള്ള പെരുമാറ്റങ്ങളാണ് സ്വഭാവത്തെ നിശ്ചയിക്കുന്നത്. ചില നിർണ്ണായക നിമിഷങ്ങളിലൂടെ മകൾക്കോ മകനോ ഒക്കെ ചില വിശ്വാസങ്ങൾ അവരറിയാതെ അവരുടെ ഉപബോധ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയേക്കാം. അതു ചിലപ്പോൾ അനുകൂലമായുള്ളതാകാം, പ്രതികൂലമായതാകാം. കുട്ടിയുടെ നോട്ടത്തിൽ വൻ പ്രതിസന്ധിയെന്നു തോന്നിക്കുന്ന സന്ദർഭത്തിൽ കുട്ടിയോടൊപ്പം നിന്ന് സാന്ത്വനിപ്പിച്ച് അതിനെ അതിജീവിക്കാൻ സഹായിച്ചാൽ തന്റെ ദുർഘട ഘട്ടത്തിൽ തന്റെ മാതാപിതാക്കൾ തന്നോടൊപ്പമുണ്ടെന്ന വിശ്വാസം കുട്ടി അറിയാതെ തന്നെ ആ കുട്ടിയിൽ നിക്ഷേപിക്കപ്പെടും. അതുപോല തിരിച്ചും. ഇവിടെ എപ്പോഴും സംസാരിക്കുന്ന അമ്മയും മകളും തമ്മിൽ ആശയവിനിമയം വളരെ കുറവാണെന്നു കാണാം. അമ്മ ആവശ്യമുള്ളതിനും ഇല്ലാത്തതിനും സംസാരിച്ചുകൊണ്ടിരിക്കുകയും എപ്പോഴും തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനായി ചാടിവീഴുമെന്ന വിശ്വാസവും മകളിൽ ശക്തമായുണ്ട്. തന്റെ അമ്മ അറിയേണ്ട വിഷയങ്ങളും അറിയാൻ പാടില്ലാത്ത വിഷയങ്ങളും എന്ന വേർതിരിവ് സ്വാഭാവികമായി ഈ പന്ത്രണ്ടാം ക്ലാസ്സുകാരി നടത്തുന്നു. ഇത് അവളുടെ പതിനേഴ് കൊല്ലത്തെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഉരുത്തുരിഞ്ഞു വന്നതാണ്. ഒരുപക്ഷേ തുറന്ന് ആശയവിനിമയം നടത്താൻ കണ്ടെത്തിയ ഒരു വഴി കൂടിയാകണം ഡയറിയെഴുത്ത്. ഡയറിയിലെഴുതിയത് അമ്മയറിഞ്ഞാൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ക്ലാസ്സിലെ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ നിന്ന് ഈ വിഷയത്തെ ഒഴിവാക്കിയത്. ഈ അമ്മയിലൂടെ അമ്മയുടെ സ്വഭാവത്തിന്റെ ധാതുലവണങ്ങൾ ഈ പതിനേഴുകാരിയിലേക്കും പ്രവേശിച്ചിരിക്കുന്നത് ഡയറിക്കുറിപ്പിലൂടെ കാണാം. സുഹൃത്ത് കൊടുത്ത സിനിമയിലെ ചില രംഗങ്ങൾ ചൂടേറിയതാകയാൽ അവൾ ചൂടായി. അതിന്റെ പേരിൽ അവൾ ആ സിനിമ തുടർന്നു കാണാതിരുന്നു. ആ കുട്ടിയുടെയുള്ളിൽ കുടിയിരിക്കുന്ന ആ അമ്മയാണ് തന്റെ മകളിലൂടെ ഈ രീതിയിൽ പെരുമാറിയിരിക്കുന്നുത്.
എന്തുകൊണ്ട് ആ പതിനേഴുകാരി അതു കാണേണ്ട എന്നു വെച്ചു. കാരണം അത് അശ്ലീല ദൃശ്യങ്ങൾ എന്ന് ആ കുട്ടി വിലയിരുത്തി. അശ്ലീല ദൃശ്യങ്ങൾ കാണാൻ പാടില്ല എന്ന അറിവാണോ അതോ അത്തരം ദൃശ്യങ്ങൾ കാണാതിരിക്കാനുള്ള താൽപ്പര്യമില്ലായ്മയാണോ ആ കുട്ടിയെ ആ സിനിമ തുടർന്നും കാണാതിരിക്കാൻ പ്രേരിപ്പിച്ചതെന്ന് ആ കുട്ടിക്ക് നിശ്ചയമുണ്ടാകില്ല. ഏതെങ്കിലും രംഗങ്ങൾ ചൂടേറിയതായതിന്റെ പേരിൽ ആ സിനിമ മോശമാകണമെന്നില്ല എന്നുള്ളതും ഇവിടെ തഴയപ്പെട്ടു. താൻ അശ്ലീലമെന്ന് വിലയിരുത്തിയ ദൃശ്യങ്ങൾ അടങ്ങിയ സിനിമ കാണാൻ കൊടുത്തതിന്റെ പേരിലാണ് തന്റെ സുഹൃത്തിനെ വെറുക്കുന്നതായി ആ കുട്ടി ഡയറിയിൽ കുറിച്ചിട്ടത്. ആ സിനിമയും അതു കൊടുത്ത സുഹൃത്തും ആ കുട്ടിയുടെ മനസ്സിൽ അവളറിയാത്ത വൈകാരികതൾ അലതല്ലിച്ചു. അതുകൊണ്ടാണ് അവൾ അവ്വിധം ഡയറിയിൽ കുറിക്കാനും അത് അമ്മയോട് പങ്കുവയ്ക്കാനും അവൾ തയ്യാറാകാതിരുന്നത്. ഇതിലൂടെ തനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ തന്നോട് കാണിക്കുന്നവരോട് അമ്മയെപ്പോലെ ക്ഷമിക്കാതിരിക്കാനും അവർക്കെതിരെ പ്രവർത്തിക്കാനുമുള്ള ത്വര ഈ കുട്ടിയിൽ രൂപപ്പെടുന്നതും കാണാം. ഒപ്പം ആവശ്യമില്ലാതെ രഹസ്യങ്ങൾ പേറി നടക്കാനുള്ള പരിശീലനവും ഈ കുട്ടി അഭ്യസിക്കുന്നു. അതു കുറേ കഴിയുമ്പോൾ ശീലവും പിന്നെ സ്വഭാവവുമാകുന്നു. സ്വഭാവമായിക്കഴിഞ്ഞാൽ അതു മാറ്റിയെടുക്കുക പ്രയാസമാണ്. അതിനാൽ എന്തെങ്കിലും രഹസ്യങ്ങൾ എപ്പോഴും കൊണ്ടുനടക്കുകയും അതിന്റെയടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുക എന്ന സ്വഭാവം ഇങ്ങനെയുള്ളവരിൽ ശക്തമായി രൂപം കൊളളുന്നു.
മറിച്ച്, തന്റെ കുട്ടിയെ കേന്ദ്രബിന്ദുവാക്കാതെ, കൂട്ടുകാരെക്കുറിച്ചറിയാനുള്ള കൗതുകം കൊണ്ട് മകളുമായി സന്തോഷത്തോടെ സംസാരിക്കുന്ന രീതി ഈ അമ്മയ്ക്കും മകൾക്കുമിടയിലുണ്ടായിരുന്നുവെങ്കിൽ അവൾ ഡയറിയിലെഴുതിയ കാര്യം രസകരമായി തന്റെ അമ്മയുടെയടുത്ത് പറയുമായിരുന്നു. അത് അവർക്കു രണ്ടുപേർക്കും ആസ്വാദ്യമാകുമായിരുന്ന ചർച്ചയായി മാറുകയും ചെയ്യുമായിരുന്നു. അത്തരമൊരു ചർച്ച മകളുടെ ചിന്തകളെ ഉദ്ദീപിപ്പിക്കുകയും അവളിൽ ആ സംഭവം ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമായിരുന്നു. അത്തരത്തിലൊരു ബന്ധമുണ്ടായിരുന്നുവെങ്കിൽ ഈ കുട്ടിയുടെ സൃഹൃത്ത് ഇത്തരത്തിലുള്ള സിനിമ ബോധപൂർവ്വം കൈമാറില്ലായിരുന്നു. ഈ കുട്ടിയും ആ ആൺകുട്ടിയും തമ്മിലുള്ള അകൽച്ചയുടേയും പരസ്പര ബഹുമാനത്തിന്റേയും സൂചകം കൂടിയാണ് ആ സംഭവം. ഈ കുട്ടിയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാവാണം, ബോധപൂർവ്വമാണ് ആ ആൺകുട്ടി ഈ സിനിമ കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ച വികാരം. അതുതന്നെ സംഭവിക്കുകയും ചെയ്തു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഈ പതിനേഴുകാരിയെക്കുറിച്ചുള്ള കൃത്യമായ ധാരണ അബോധമായി ആ ആൺകുട്ടിയിൽ പ്രവർത്തിച്ചു. ആ ആൺകുട്ടി എത്ര വികൃതിയാണെങ്കിലും അയാളിൽ ബഹുമാന്യത സൃഷ്ടിക്കുന്നതിൽ ഈ പെൺകുട്ടി പരാജയപ്പെട്ടു. അതേസമയം സൗഹൃദം നിലനിൽക്കുകയും ചെയ്യുന്നു. ഇവർ രണ്ടുപേരും തമ്മിൽ കൈമാറിയ രഹസ്യമായി ആ സിനിമ മാറുന്നു.
രഹസ്യത്തിന് അതിന്റേതായ രസതന്ത്രമുണ്ട്. അത് അറിയുന്നവർ തമ്മിലുള്ള ഐക്യമാണ്. സൗഹൃദം മറ്റു തരത്തിലല്ലെങ്കിലും ഇഷ്ടം നിലനിന്നിരുന്നതിനാലാണ് ഈ പതിനേഴുകാരി തന്റെ സഹപാഠിയിൽ നിന്ന് സിനിമ അടങ്ങിയ പെൻഡ്രൈവ് വാങ്ങിയത്. ആ കൊടുക്കൽ വാങ്ങലിന് മുൻപ് ഇതുസംബന്ധിച്ച് അവർ സംസാരിച്ചതും സൗഹൃദത്തിന്റെ ഇഷ്ടതലത്തിൽ നിന്നുകൊണ്ടാണ്. ആ ഇഷ്ടതലത്തിന് പറ്റിയ ഇടറലാണ് വെറുപ്പെന്ന് ഡയറിയിൽ പതിനേഴുകാരി കുറിച്ചത്. തന്റെ കാഴ്ചപ്പാടിൽ മോശം ദൃശ്യങ്ങളടങ്ങിയ സിനിമ തനിക്കു നൽകിയത് സ്കൂളിൽ അവൾ ആരോടും പരാതി പറഞ്ഞിട്ടില്ലെന്നതും ഓർക്കേണ്ടതാണ്. അതുകൊണ്ടാണ് ഏതെല്ലാം തലത്തിലാണ് ഈ സിനിമയും അതിലെ ദൃശ്യസ്വഭാവവും രഹസ്യവും ചേർന്നുള്ള രസതന്ത്രം പ്രവർത്തിക്കുക എന്നു പറയുക വയ്യ. ചിലപ്പോൾ അവർ തമ്മിലുള്ള സൗഹൃദം അവസാനിച്ചേക്കാം. അല്ലെങ്കിൽ അവൾ ക്ഷമിച്ചേക്കാം. രണ്ടായാലും അവളുടെ മനസ്സിൽ സിനിമയിലെ ദൃശ്യങ്ങൾ മാറി താനും തന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തിന്റെ സമവാക്യ സൃഷ്ടിക്കുവേണ്ടി അവൾ ശ്രമിച്ചുകൊണ്ടിരിക്കും. ഇവിടെയെല്ലാം സംഭവിക്കുന്നത് ആ പതിനേഴുകാരിയുടെ അമ്മ അവളിലൂടെ ഏതാണ്ട് അതേപടി പുനർജനിച്ച് പതിനേഴും കഴിഞ്ഞ് പക്വത നേടുന്നു എന്നതാണ്. സുതാര്യതയോടും സ്നേഹത്തോടും സ്വാഭാവികമായി പെരുമാറേണ്ട ജീവിത സന്ദർഭങ്ങളിൽ ഈ കുട്ടിക്ക് അതിന് കഴിയാതെ വരും. അതവളുടെ ജീവിതത്തെ സംഘർഷത്തിലേക്കും സംഘട്ടനങ്ങളിലേക്കും നയിക്കും. അപ്പോൾ അതിനെല്ലാം കാരണമായി അവൾ കണ്ടെത്തുന്നത് അപരരുടെ നിലപാടുകളാവും. അത് അവളെ ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ആ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാൻ അവളുടെ സാഹചര്യങ്ങൾ ചെലുത്തുന്ന സമ്മർദ്ദങ്ങൾക്കനുസരിച്ച് കണക്കുകൂട്ടലുകളിലൂടെ അവളും പെരുമാറും.
ഈ പതിനേഴുകാരിയുടെ അമ്മ ഇവ്വിധം പെരുമാറുന്നതും അവരുടെ മനസ്സിനെ സംതൃപ്തിപ്പെടുത്താൻ വേണ്ടിയാണ്. തന്റെ മകളോടുള്ള സ്നേഹം കൊണ്ടാണ് പെരുമാറുന്നതെന്നാണ് അവര് കരുതുന്നതെങ്കിലും അവരും അവരുടെ വളർത്തുനാളുകളിൽ അവരുടയുള്ളിൽ നിക്ഷിപ്തമായ വിത്തുകൾ മുളച്ചുവരുന്നതിനനുസരിച്ച് അവയെ വെള്ളവും വളവും കൊടുത്ത് വളർത്തുന്നു.