റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവ് ബോറിസ് നെംത്സോവ് (55) ശനിയാഴ്ച തലസ്ഥാനമായ മോസ്കോയില്‍ ഭരണസിരാകേന്ദ്രമായ ക്രെംലിന് സമീപം അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. റഷ്യാ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നെംത്സോവ് സര്‍ക്കാറിനെതിരെ ഞായറാഴ്ച പ്രതിഷേധ റാലിയ്ക്ക് ആഹ്വാനം നല്‍കിയിരുന്നു.
മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ നെംത്സോവിന്റെ വധത്തില്‍ പ്രതിപക്ഷം സര്‍ക്കാറിനെ കുറ്റപ്പെടുത്തി. ഏതൊരു വിമര്‍ശനത്തേയും അസഹിഷ്ണുതയോടെ കാണുന്ന അന്തരീക്ഷമാണ് പുടിന്‍ ഭരണകൂടം സൃഷ്ടിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, വധത്തെ അപലപിച്ച പുടിന്‍ ഇത് ഒരു പ്രകോപനമാണെന്ന് വിശേഷിപ്പിച്ചു. വധക്കേസ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കാന്‍ ക്രമസമാധാന വിഭാഗം മേധാവികളോട് പുടിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രൈനില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ റഷ്യയുടെ പങ്കിനെ എതിര്‍ക്കുന്ന നേതാവായിരുന്നു നെംത്സോവ്. കിഴക്കന്‍ യുക്രൈനിലെ വിമതര്‍ക്ക് റഷ്യ സഹായം നല്‍കിയതിന്റെ തെളിവുകള്‍ നെംത്സോവിന്റെ പക്കലുണ്ടെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. വിമതര്‍ക്ക് റഷ്യ സൈനിക സഹായവും ആയുധങ്ങളും നല്‍കുന്നതായി പാശ്ചാത്യ രാഷ്ട്രങ്ങള്‍ ആരോപിക്കുന്നുണ്ടെങ്കിലും റഷ്യ ഇത് നിഷേധിക്കുന്നു.
അര്‍ദ്ധരാത്രി കഴിഞ്ഞ സമയത്ത് ക്രെംലിന് പുറത്ത് ഒരു പാലത്തില്‍ കൂടി നടന്നുപോകുകയായിരുന്ന നെംത്സോവിനു നേരെ ഒരു കാറില്‍ നിന്നാണ് വെടിവെപ്പുണ്ടായത്. കൂടെയുണ്ടായിരുന്ന യുക്രൈന്‍ സ്വദേശിനിയായ സുഹൃത്തിന് പരിക്കില്ല.

