Skip to main content

a vincentപ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എ.വിന്‍സെന്റ് (86) അന്തരിച്ചു. മലയാള ചലച്ചിത്ര രംഗത്ത് വഴിത്തിരിവുകള്‍ സൃഷ്ടിച്ച ചിത്രങ്ങളായ നീലക്കുയിലിന്റെ ഛായാഗ്രാഹകനും ഭാര്‍ഗ്ഗവീനിലയത്തിന്റെ സംവിധായകനുമാണ്. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച കോടാമ്പക്കത്തെ ഫാന്തം ചര്‍ച്ചില്‍ വൈകുന്നേരം നാല് മണിക്ക് നടക്കും.

 

1950-കള്‍ മുതല്‍ നാല് പതിറ്റാണ്ട് നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ എ. വിന്‍സെന്റ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതിലേറെ സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. 1953-ല്‍ തെലുങ്ക് സിനിമയില്‍ ഛായാഗ്രാഹകനായി അരങ്ങേറിയ അദ്ദേഹം അടുത്ത വര്‍ഷം ദേശീയ പുരസ്കാരം നേടിയ നീലക്കുയിലിന് ക്യാമറ ചലിപ്പിച്ച് കൊണ്ട് മലയാള സിനിമയില്‍ രംഗപ്രവേശം നടത്തി. 1964-ല്‍ പുറത്തുവന്ന ഭാര്‍ഗവീനിലയമാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം.

 

മുറപ്പെണ്ണ്, അസുരവിത്ത്, തുലാഭാരം, അശ്വമേധം, നഗരമേ നന്ദി തുടങ്ങിയവ വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, മൂടുപടം, മുടിയനായ പുത്രന്‍ ഉള്‍പ്പെടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

 

ചലച്ചിത്ര ലോകം വിന്‍സെന്റ് മാഷ് എന്ന്‍ വിളിച്ചിരുന്ന അലോഷ്യസ് വിന്‍സെന്റ് 1928 ജൂണ്‍ 14ന് കോഴിക്കോട്ടാണ് ജനിച്ചത്. മക്കളായ ജയാനന്‍ വിന്‍സെന്റും അജയന്‍ വിന്‍സെന്റും പ്രസിദ്ധ ഛായാഗ്രാഹകരാണ്.