ഹെയർക്ലിപ്പും സൗന്ദര്യാസ്വാദനവും

Glint Guru
Sat, 21-02-2015 12:57:00 PM ;

 

സൗന്ദര്യം മനുഷ്യന് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ സൗന്ദര്യം മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമർഹിക്കുന്നു. ഫാഷൻ ഫാഷനാകാൻ കാരണവും സൗന്ദര്യത്തെ മനുഷ്യൻ ആസ്വദിക്കുന്നതുകൊണ്ടുമാണ്. പക്ഷേ പലപ്പോഴും ഫാഷനും സൗന്ദര്യവും രണ്ട് വഴിക്ക് പോകുന്നത് കാണുന്നു. സൗന്ദര്യം ആന്തരികമാകുമ്പോഴാണ് അത് ഏറ്റവും ആസ്വാദ്യമാകുന്നത്. വിശേഷിച്ചും മറ്റുള്ളവർ കൂടുതൽ ആസ്വദിക്കുന്നത് അപരരുടെ ആന്തരികമായ സൗന്ദര്യമാണ്. ഫാഷൻ ബാഹ്യമായ മിനുക്കുകളിലൂടെ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ ശ്രമിക്കുന്നു. അവിടെയാണ് ഫാഷനും സൗന്ദര്യവും രണ്ടുദിശയ്ക്ക് നീങ്ങുന്നത്. ഫാഷൻ ലോകത്തെ കീഴടക്കുന്നു. സൗന്ദര്യത്തിൽ കീഴടക്കലോ കീഴടങ്ങലോ ഇല്ല. സ്വാതന്ത്ര്യം മാത്രമേ ഉള്ളു. സൗന്ദര്യമെന്നാൽ സ്വാതന്ത്ര്യമാണെന്ന് പ്രായോഗിക തലത്തിൽ പറയാം. രണ്ടു വ്യക്തികൾ തമ്മിലുള്ള സൗഹൃദത്തിന്റെ സൗന്ദര്യമെന്ന് പറയുന്നത് അവർ തമ്മിൽ ഉപാധികളില്ലാതെ സൗഹൃദം പുലർത്തുമ്പോഴാണ്. അവിടെ ഇരുവരും അവരുടേതായ രീതിയിൽ ഇടപഴകുന്നു. അവർ സ്വാതന്ത്ര്യമനുഭവിക്കുന്നു. പരസ്പരം ഇഷ്ടപ്പെടുന്നു. ഇതാണ് ആ സൗഹൃദത്തിന്റെ സൗന്ദര്യം. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് സൗന്ദര്യമാണ്. പക്ഷേ പലപ്പോഴും സൗന്ദര്യത്തെ പരിമിതമായ തലത്തിൽ മാത്രം കണ്ടു ശീലിച്ചുപോരുന്നു. ആ കാഴ്ച കാഴ്ചയിലെ സൗന്ദര്യമില്ലാത്തതു മൂലം സംഭവിക്കുന്നതാണ്. സൗന്ദര്യം നഷ്ടപ്പെട്ട മനസ്സ് അസ്വസ്ഥമാകും. വർത്തമാനകാലം ആഗോളതലത്തിൽ നേരിടുന്ന ഭീഷണിയാണ് തീവ്രവാദവും തുടർന്നുള്ള യുദ്ധങ്ങളും ആക്രമണങ്ങളും. അത് അമ്മയും മക്കളും അഥവാ കുടുംബം എന്ന അവസ്ഥയുടെ സൗന്ദര്യനഷ്ടം മൂലമുണ്ടാകുന്ന പ്രതിഭാസമാണ്. തൃശ്ശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തനിക്ക് ഗേറ്റ് തുറന്നു നൽകിയപ്പോൾ ചന്ദ്രബോസ്സിനോട് ഒന്നു ചിരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ നിസാമിന്റെ ആക്രമണത്തിൽ ചന്ദ്രബോസ് മരിക്കുകയുമില്ലായിരുന്നു. നിസാമിന്റേയും ചന്ദ്രബോസിന്റേയും കുടുംബങ്ങൾ ദുരിതമനുഭവിക്കുകയുമില്ലായിരുന്നു. സമൂഹത്തിന് ഞെട്ടലുണ്ടാക്കുന്ന സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടിയും വരില്ലായിരുന്നു. അവിടെയാണ് ചിരി മനോഹരമായ സൗന്ദര്യവും സൗന്ദര്യപ്രകടനവുമായി മാറുന്നത്. ചിരിയും മനുഷ്യനു മാത്രമേ കഴിയൂ. ഗേറ്റ് വഴി പുറത്തേക്കുപോകുമ്പോഴും അകത്തേക്കു വരുമ്പോഴും തങ്ങൾക്ക് ഗേറ്റ് തുറന്നുതരുന്നവർക്ക് താമസ്സക്കാർ ഒരു ചിരി സമ്മാനിക്കുന്നത് പ്രായോഗികമായിപ്പോലും സൗന്ദര്യപ്രകടനങ്ങളുടെ പ്രസക്തി വ്യക്തമാക്കുന്നു.

 

സ്നേഹം എന്നത് മനുഷ്യന്റെ സൗന്ദര്യമാണ്. സൗന്ദര്യങ്ങളില്‍ തന്നെ ഏറ്റവും സൗന്ദര്യാത്മകവും. സ്നേഹം വരുമ്പോൾ അത് ഓരോരുത്തരും ഓരോ വിധം പ്രകടമാക്കും. അത് സ്നേഹം നിറയുന്ന മനസ്സിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്വരയാണ്. അത് വ്യവഹാരജീവിതത്തിൽ വലിയ സ്ഥാനം വഹിക്കുന്നു. പ്രത്യക്ഷത്തിൽ അത് വലിയ കാര്യമല്ലെന്നു തോന്നിയാലും. കാരണം ആ സ്നേഹപ്രകടനത്തിന് നിസ്സാരമായ കാര്യങ്ങളായിരിക്കും ഉപയോഗിക്കുന്നത്. ചിലപ്പോൾ ചെറിയൊരു മിഠായി. മറ്റു ചിലപ്പോൾ ചെറിയൊരു കുഞ്ഞുസമ്മാനം. ഇതൊക്കെ ലോകവ്യവഹാരക്രമസരണിയിൽ വലിയ കാര്യമുള്ളതായി തോന്നില്ല. എന്നാൽ ഇത്തരം കൊച്ചുകാര്യങ്ങളാണ് മതസൗഹാർദ്ദ സമ്മേളനങ്ങളേക്കാളും സർഗ്ഗാത്മകം. മതസൗഹാർദ്ദ സമ്മേളനങ്ങൾക്കുള്ള പരിമിതി എന്നത് അതിന് സൗന്ദര്യമില്ല എന്നതാണ്. സൗന്ദര്യമില്ലാത്ത ഒന്നിനേയും മനുഷ്യൻ ഹൃദയം കൊണ്ട് സ്വീകരിക്കില്ല. അവിടെയാണ് കലയുടേയും സാഹിത്യത്തിന്റേയുമൊക്കെ പ്രസക്തി വരുന്നത്. സോദ്ദേശ സാഹിത്യം രസംകൊല്ലിയാവുന്നതും അതുകൊണ്ടാണ്. സോദ്ദേശ്യം പ്രത്യക്ഷത്തിൽ വരുന്നിടത്ത് സൗന്ദര്യം ഇല്ലാതാകും. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ ഒരു പരിപാടിക്കുപോലും ഉദ്ദേശിച്ച ഫലം കാണാതെ പോകുന്നത്. എന്നാൽ ലോകം മുഴുവൻ മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും ഓരോ സോദ്ദേശപരിപാടികൾ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടാറുമുണ്ട്. അവയ്‌ക്കൊക്കെ സൗന്ദര്യം നഷ്ടമാകുന്നു.

മിത്തുകളുടെ പിൻബലത്തോടെ സമൂഹങ്ങൾ കൊണ്ടാടുന്ന ആഘോഷങ്ങളിൽ ജനം ഉത്സാഹത്തോടെ ഉത്സവത്തോടെ പങ്കെടുക്കുന്നത് അതിലെ സൗന്ദര്യത്മകത കൊണ്ടാണ്. അത് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അതേ സമയം സൗന്ദര്യത്തോടെയുള്ള ഒരു ചെറുനീക്കംപോലും സൃഷ്ടിക്കുന്ന അനുരണനങ്ങൾ അതിവിപുലമാണ്. ഒരു ഉന്നത് പ്രൊഫഷണൽ ബിരുദധാരിണി. അവരുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച ഉദ്യോഗവും വഹിക്കുന്നു. ഒരു ദിവസം രാവിലെ അവർ വീട്ടിലെ അത്യാവശ്യം തിരക്കെല്ലാം കഴിഞ്ഞ് ഓടിപ്പിടിച്ച് ആപ്പീസിലേക്ക് പുറപ്പെട്ടു. സ്ഥിരം പോകുന്ന ബസ്സ് കിട്ടിയതുമില്ല. അപ്പോഴേ ഈ ഉദ്യോഗസ്ഥ അസ്വസ്ഥമായി. വൈകി ആപ്പീസിൽ ചെല്ലുന്നതിന്റെ ഓരോ അസുഖകരമായ നിമിഷങ്ങൾ ഓർത്ത് അവർ ബസ് സ്റ്റോപ്പിൽ നിന്നുകൊണ്ട് അടുത്ത ബസ്സിന്റെ വരവിന് കാത്തുനിന്നു. അധികം താമസിയാതെ അടുത്ത ബസ്സ് വന്നു. അധികം തിരക്കില്ല. സുഖകരമായി നിൽക്കാം. ബസ്സിൽ കയറിയ നിമിഷം മുതൽ അവർ ഇടയ്ക്കിടയ്ക്ക് വാച്ചിൽ നോക്കി.  അധികം താമസിയാതെ ഓഫീസിലെത്തണം എന്ന ചിന്തയിൽ നിന്ന് അങ്ങിനെ സംഭവിക്കുമോ അതോ വൈകുമോ എന്ന ചിന്ത അവരെ ആശങ്കയിലാക്കിക്കൊണ്ടിരുന്നു. ബസ്സ് നല്ല വേഗത്തിൽ തന്നെ പോകുന്നു. അങ്ങനെ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കവേ അൽപ്പം പിന്നിൽ നിന്ന് സ്നേഹപൂർവ്വമായ ഒരു തോണ്ടൽ. ആരോ പരിചയക്കാരാകും എന്ന ഊഹത്തിലാണ് തിരിഞ്ഞുനോക്കിയത്. പക്ഷേ പരിചയമില്ല. നിഷ്കളങ്കവും സന്തോഷത്തോടെയുമുള്ള ചിരി. എന്നാൽ അവർ കാഴ്ചയിൽ അത്ര വലിയ സുന്ദരിയോ ബ്യൂട്ടിപാർലറിൽ കയറിയിട്ടുള്ള സ്ത്രീയോ അല്ലെന്ന് ഒറ്റ നോട്ടത്തിൽ അറിഞ്ഞു. എന്താണ് ഇങ്ങനെ ചിരിക്കാനുള്ള കാര്യമെന്തെന്ന് തന്റെ ഉള്ളിൽ അന്വേഷണം തുടങ്ങുന്നതിനു മുൻപ് ചിരിക്കുന്ന സ്ത്രീയുടെ ചോദ്യം വന്നു. - എവിടുന്നാ ഹെയർക്ലിപ്പ് വാങ്ങിയത്, നല്ല ഭംഗി. നന്നായിരിക്കുന്നു. - എന്നിട്ടും വീണ്ടും അവർ ചിരി തുടർന്നു. എവിടുന്നാണ് വാങ്ങിയതെന്ന് ഉദ്യോഗസ്ഥ പറഞ്ഞു. അപരിചിതയുടെ അങ്ങേയറ്റം പരിചിതമായ ചിരിക്കുമുന്നിൽ ഉത്തരം പറയാൻ വൈകിക്കുന്ന രീതിയിൽ ഉദ്യോഗസ്ഥയെക്കൊണ്ട് ആത്മാർഥമായി അവരുടെ കണ്ണുകളിൽ നോക്കി ചിരിപ്പിച്ചു. വീണ്ടും ഓടുന്ന ആ ബസ്സിൽ അവർ പരസ്പരം ചിരിച്ചു. ആ ഹെയർക്ലിപ്പിന്റെ മുഴുവൻ സൗന്ദര്യവും ആ അപരിചിതയുടെ ചിരിയിലൂടെ തനിക്ക് കാണാൻ കഴിഞ്ഞുവെന്നാണ് ഉദ്യോഗസ്ഥ പറഞ്ഞത്. അവരുടെ ആ ചിരിയും എത്ര ആത്മാർഥവും നിഷ്കളങ്കവുമായി തന്റെ തലയിലിരിക്കുന്ന ആ ക്ലിപ്പിനെക്കുറിച്ച് പറഞ്ഞുവെന്നുമോർത്ത് അവരുടെ ശരീരത്തിനുള്ളിലൂടെ തണുത്ത സുഖകരമായ കാറ്റു വീശുന്നതുപോലെ അവർക്കനുഭവപ്പെട്ടു. ആപ്പീസിൽ സമയത്തെത്തുമോ അതോ വൈകുമോ എന്നുള്ള ചിന്തയെല്ലാം പറന്നുപോയി. പകരം ചിത്രശലഭത്തിന്റെ ചിറകടി സുഖം ശരീരത്തിലും മനസ്സിലും. അവർ ബസ്സിൽ മുന്നോട്ടു നോക്കി നിന്നിട്ടും ഉള്ളുകൊണ്ട് മന്ദസ്മിതത്തിൽ തുടരുകയായിരുന്നു. ഏതാനും ബസ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോൾ വീണ്ടും ഒന്നു തിരിഞ്ഞുനോക്കി. അവരെ കാണാനില്ല. അവർ ഏതിലോ ഒന്നിൽ ഇറങ്ങിക്കാണണം. പക്ഷേ അപരിചിത അവശേഷിച്ചുപോയ സുഖം അവരെ പിന്തുടർന്നു.

 

അൽപ്പം വൈകിയാണ് ആപ്പീസിലെത്തിയതെങ്കിലും അന്നത്തെ ദിവസം ആപ്പീസിൽ ആഘോഷകരമായ ദിവസമായിരുന്നു അവർക്ക്. എല്ലാവരും തന്നോട് അത്യധികം സന്തോഷത്തെ പെരുമാറിയ ഒരു ദിവസം. അന്ന് വൈകീട്ട് വീട്ടിലെത്തുമ്പോഴും ആ അപരിചിത സമ്മാനിച്ച ആ സന്തോഷത്തിന്റെ സുഖം വിട്ടുമാറിയിരുന്നില്ല. വീട്ടിലെത്തി ക്ലിപ്പൂരി നോക്കിയപ്പോഴാണ് അതിൽ പതിച്ചിരിക്കുന്ന വൈവിധ്യങ്ങളായ മുത്തുപോലെയുള്ള തിളങ്ങുന്ന കല്ലുകൾ കണ്ടത്. ശരിയാണ് നല്ല സൗന്ദര്യം. ഇപ്പോൾ ആ സൗന്ദര്യം വളരെ അധികരിച്ചതുപോലെയും തോന്നി. അപ്പോഴാണവർ  ആലോചിച്ചത്, ആ ക്ലിപ്പ് അപരിചിതയ്ക്ക് വേണോ എന്ന് സ്നേഹത്തോടെ ചോദിക്കാമായിരുന്നു. അവർക്ക് കൊടുക്കാമായിരുന്നു. ഇതുപോലൊരെണ്ണം അവർക്ക് വാങ്ങിക്കൊടുക്കണമെന്നു വെച്ചാൽ അവർ ആരാണെന്നു പോലും അറിയില്ല. ആ ക്ലിപ്പ് അവർക്ക് സമ്മാനിക്കാൻ കഴിയാത്തതിൽ ഉദ്യോഗസ്ഥയ്ക്ക് അൽപ്പം വിഷമവും തോന്നാതിരുന്നില്ല. അവരാലോചിച്ചു. ഈ ക്ലിപ്പിന്റെ സൗന്ദര്യമാണ് തന്നെ സന്തോഷിപ്പിച്ചതും തനിക്ക് സുഖം പകർന്നു തന്നതും. അല്ല, ഇതിന്റെ സൗന്ദര്യത്തെ ആസ്വദിച്ച് നിഷ്കളങ്കവും ആത്മാർഥവുമായ രീതിയിൽ അവര്‍ തന്നോട് പറഞ്ഞ രീതിയാണ് തന്നെ സമ്മർദ്ദത്തിന്റെ തീച്ചൂള അനുഭവത്തിൽ നിന്ന് മന്ദമാരുതനുള്ള നദിക്കരയിലെത്തിക്കുന്നതുപോലെ എത്തിച്ചത്. ക്ലിപ്പ്  അവർക്ക് സമ്മാനിക്കാൻ കഴിയാഞ്ഞതിൽ അവർക്ക് അൽപ്പം കഷ്ടം തോന്നി.

 

വീട്ടിലെത്തിയിട്ടും അപരിചിത സമ്മാനിച്ച സുഖം ഉദ്യോഗസ്ഥയെ വിട്ടുപോയില്ല. അവർ രണ്ടാഴ്ച മുൻപ് അകലെയുള്ള ബന്ധുവീട്ടിൽ പോയിരുന്നു. അവിടെ നിന്ന് ബന്ധു തന്റെ സന്തോഷം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി നഗരത്തിലേക്കിറങ്ങി. നഗരച്ചുറ്റലിനിടയിൽ അവർ അവിടെ നടക്കുന്ന എക്സിബിഷൻ കാണാൻ കയറി. അവിടെ കണ്ട ഒരു സ്റ്റാളിൽ നിന്നും കൗതുകപൂർവ്വം ബന്ധു തിരഞ്ഞെടുത്ത് സമ്മാനിച്ചതാണ് ഉദ്യോഗസ്ഥ ധരിച്ചിരുന്ന ക്ലിപ്പ്. വേഷമൊക്കെ മാറി സാവധാനം ഉദ്യോഗസ്ഥ തന്റെ ബന്ധുവിനെ വിളിച്ചു. ബസ്സിൽ വച്ച് ഉണ്ടായ അപരിചിതയുടെ അഭിനന്ദന വാചകത്തെക്കുറിച്ച് പറഞ്ഞു. അത് കേട്ട ബന്ധുവായ ചേച്ചി സന്തോഷാധിക്യത്തിൽ . ഉദ്യോഗസ്ഥയുടെ ഭാഷ്യത്തിൽ, ബന്ധുവായ ചേച്ചിക്ക് ആയിരത്തൊന്നു പവൻ കൊടുത്താലും ഇത്രയും സന്തോഷമുണ്ടാവില്ലത്രെ.

 

സ്നേഹത്തോടെ ഒരു ബന്ധു മറ്റൊരു ബന്ധുവിന് കൊടുത്ത സമ്മാനം എവിടെയെല്ലാം സന്തോഷത്തിന്റെ അലയൊലികൾ സമ്മാനിച്ചു. ബുദ്ധികൊണ്ടാലോചിച്ചാൽ ഉദ്യോഗസ്ഥയ്ക്ക് അറിയാവുന്നതേ ഉള്ളൂ വൈകി ആപ്പീസിലെത്തിയാൽ എന്തു സംഭവിക്കുമെന്ന്. എത്ര വാച്ചു നോക്കിയാലും ഉള്ളിൽ എത്ര വെപ്രാളം കൊണ്ടാലും ബസ്സ് ആപ്പീസ് നടയ്ക്കലെത്തുന്ന സമയത്തിൽ മാറ്റമുണ്ടാവില്ല എന്നൊക്കെ. അങ്ങനെ പുകഞ്ഞുകൊണ്ടു നിന്ന സമയത്ത് അതാ വരുന്നു സൗന്ദര്യം ചിരിയുടേയും സൗന്ദര്യാസ്വാദനത്തിന്റേയും സ്നേഹത്തിന്റേയുമൊക്കെ രൂപത്തിൽ. അത് സമ്മാനിച്ച മുഖഭാവവും ശരീരഭാഷയുമൊക്കെ ആപ്പീസിലെ മറ്റുള്ളവരേയും സ്വാധീനിച്ചിരിക്കും. താമസിച്ചു എന്നുള്ള മോശബോധത്തോടെ വരിഞ്ഞുമുറുകിയ മുഖവും ശരീരവുമായി കടന്നു ചെന്നാൽ ചെല്ലുന്ന അന്തരീക്ഷവും അങ്ങനെയായി മാറും. സൗന്ദര്യത്തിന്റെ സർഗ്ഗാത്മകതയും സ്വാധീനവും പടർച്ചാ സ്വഭവാവും അതാണ്. ഇതറിയുമ്പോൾ അത് സ്വന്തം ചുറ്റുപാടുകളുടേയും അന്തരീക്ഷത്തിന്റേയും ഉത്തരവാദി നാം തന്നെയാണെന്ന അറിവിലേക്കും വ്യക്തിക്ക് മാറാൻ കഴിയുന്നു. അവിടെ സൗന്ദര്യം വ്യക്തികളെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുന്നു. സൗന്ദര്യം തൊട്ടതിനും പിടിച്ചതിനും മററുള്ളവരെ പഴി ചാരുന്നതിൽ നിന്നും വിമോചിപ്പിക്കുന്നു. അവിടെ ഉത്തരവാദിത്വഭാവം സൗന്ദര്യത്തിന്റെ മററൊരു മനോജ്ഞഭാവമായി മാറുന്നു.