യു.ഡി.എഫ് വിട്ടുപോകില്ലെന്നും എന്നാല്‍, മുന്നണി യോഗങ്ങളിൽ ഇനി പങ്കെടുക്കില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ള. യു.ഡി.എഫ് ആണ് തെറ്റ് തിരുത്തേണ്ടതെന്നും കഴിഞ്ഞ ദിവസത്തെ മുന്നണി തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് പിള്ള പറഞ്ഞു. ബുധനാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ഏറ്റവും വലിയ തെറ്റാണെന്നും മുഖ്യമന്ത്രി അടക്കമുള്ളവരോട് താന്‍ ചൂണ്ടിക്കാണിച്ച അഴിമതികളില്‍ ആദ്യം മറുപടി പറയണമെന്നും പിള്ള പറഞ്ഞു.
ബാറുടമ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റായ ബിജു രമേശുമായുള്ള സംഭാഷണത്തില്‍ ബാലകൃഷ്ണപിള്ളയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ യു.ഡി.എഫ് യോഗം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇരുവര്‍ക്കുമെതിരെ നടപടി വേണ്ടെന്നും യോഗം തീരുമാനിച്ചിരുന്നു. പിള്ളയ്ക്ക് മുതിര്‍ന്ന നേതാവെന്ന പരിഗണന നല്‍കുന്നതായും മുന്നണിയുമായി അദ്ദേഹം സഹകരിച്ചു പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞിരുന്നു.
എന്നാല്‍, ബിജു രമേശ് പറഞ്ഞതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്ന് പിള്ള വ്യാഴാഴ്ച ആവര്‍ത്തിച്ചു. ഒരു മന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണം രണ്ട് തവണ താൻ രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ തന്നെ അവഹേളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായത്. അദ്ദേഹം അത് അന്വേഷിച്ചില്ലെന്ന് മാത്രമല്ല അത് പുച്ഛത്തോടെ തള്ളിക്കളയുകയും ചെയ്തു. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി താൻ പ്രവർത്തിച്ചത് തെറ്റായിപ്പോയതായി ബാലകൃഷ്ണപിള്ള പറഞ്ഞു.
ബാറുടമകളിൽ നിന്നും പണം വാങ്ങിയത് ഒരാൾ മാത്രമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പിള്ള ആവര്‍ത്തിച്ചു. പണം പിരിച്ചുവെന്നും കൊടുത്തുവെന്നും തെളിവുണ്ട്. എന്നാല്‍, മാണി പണം വാങ്ങിയതിന് തെളിവില്ലെന്നും അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നും പിള്ള വിശദീകരിച്ചു. അതേസമയം, ആരും രസീത് വാങ്ങി അഴിമതി നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അഴിമതി വിരുദ്ധ പോരാട്ടം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ അംഗീകരിച്ചതിൽ അഭിമാനമുണ്ടെന്ന് പിള്ള പറഞ്ഞു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും താല്‍പ്പര്യങ്ങള്‍ മാത്രമാണുള്ളതെന്നും ഈ വിഷയത്തില്‍ അച്യുതാനന്ദനും തനിക്കും ഒരേ താല്‍പ്പര്യമാണെന്നും പിള്ള പറഞ്ഞു.