Skip to main content
തിരുവനന്തപുരം

ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സീറ്റ് നിര്‍ണ്ണയ വിഷയവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട സി.പി.ഐ നേതാവ് അഡ്വ. പി. രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു. പണം വാങ്ങിയാണ് ബെന്നറ്റ്‌ അബ്രഹാമിനെ സ്ഥാനാര്‍ഥി ആക്കിയതെന്ന് ആരോപണത്തെ തുടര്‍ന്നുണ്ടായ പാര്‍ട്ടി അന്വേഷണത്തിന് ശേഷമാണ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമായിരുന്ന രാമചന്ദ്രന്‍ നായരെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തരംതാഴ്ത്തിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമുള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും ഒഴിയുന്നതായി അദ്ദേഹം ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

സീറ്റ് വിവാദത്തില്‍ അന്വേഷണം നടത്താനുള്ള ലോകായുക്തയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സംസ്ഥാന സെക്രട്ടേറിയറ്റ്, കൗണ്‍സില്‍ യോഗങ്ങളുടെ മിനിറ്റ്സ് ലോകായുക്തക്ക് മുന്നില്‍ ഹാജരാക്കണമെന്നും വിഷയത്തില്‍ സി.പി.ഐ സംസ്ഥാന സെക്രറ്റിയേറ്റ് അംഗങ്ങളെ മുഴുവന്‍ പ്രതി ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിയേറ്റിനാണെന്നും അദ്ദേഹം ആരോപിച്ചു. പെയ്മെന്‍റ് സീറ്റ് വിവാദത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനേയും സെക്രട്ടറിയേറ്റിനേയും പാര്‍ട്ടി ശാസിച്ചിരുന്നു. ഈ അച്ചടക്ക നടപടി വാര്‍ത്താ സമ്മേളനത്തില്‍ മറച്ചു വെച്ചതായും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

 

ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ മന്ത്രിയുമായിരുന്ന സി. ദിവാകരന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആയിരുന്ന വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെയും സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.