സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആദ്യഘട്ടമായി ഹയര്‍ സെക്കണ്ടറി തലം വരെയുള്ള വിദ്യാര്‍ഥികളില്‍ നിലവില്‍ കെ.എസ്.ആര്.ടി.സി കൺസെഷൻ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഡീസൽ വില കുറഞ്ഞതിനെ തുടർന്ന് വർദ്ധിപ്പിച്ച യാത്രാ നിരക്ക് കുറയ്ക്കുമോയെന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ സബ്മിഷന് വ്യാഴാഴ്ച നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഡീസലിന്റെ വിലക്കുറവിനെ തുടർന്ന് ലഭിച്ച പണത്തിൽ നിന്നാവും സൗജന്യ യാത്രയ്ക്കു വേണ്ട പണം കണ്ടെത്തുകയെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഫെബ്രുവരി മുതൽ ഒരു വർഷം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. അതിനുശേഷമാവും വിപുലമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 1.3 ലക്ഷം വിദ്യാർത്ഥികളാണ് കൺസെഷൻ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. ഇവരില്‍ നിന്ന് കാര്‍ഡിനുള്ള 10 രൂപ മാത്രമായിരിക്കും ഈടാക്കുക. ദിവസം രണ്ടു തവണ സൗജന്യമായി യാത്ര ചെയ്യാം. പെൺകുട്ടികൾക്കും ബി.പി.എൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും മുൻഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.