Skip to main content
കൊച്ചി

kochi biennale 2014

സമകാലിക കലയുടെ ലോകം മലയാളിയ്ക്ക് മുന്നില്‍ അനാവരണം ചെയ്യുന്ന കൊച്ചി-മുസ്സിരിസ് ബിനാലെയുടെ രണ്ടാമത് പതിപ്പ് വെള്ളിയാഴ്ച തുടങ്ങി. 'ലോകാന്തരങ്ങള്‍' എന്നു പേരിട്ടിരിക്കുന്ന ബിനാലെയില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 94 കലാകാരന്മാര്‍ 100 സൃഷ്ടികളുമായി അണിനിരക്കും. 108 ദിവസം നീളുന്ന ഈ കലാമാമാങ്കത്തിനു സമാന്തരമായി നൃത്തവും നാടകവും സിനിമയും ഉള്‍പ്പെടെ ഒട്ടേറെ വ്യത്യസ്തങ്ങളായ കലാപരിപാടികളും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിപ്പിച്ചിട്ടുണ്ട്.

 

വെള്ളിയാഴ്ച രാവിലെ പ്രധാന വേദിയായ ഫോര്‍ട്ട്‌ കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസില്‍ പതാക ഉയര്‍ത്തിയാണ് ബിനാലെയ്ക്ക് തുടക്കമായത്. വൈകിട്ട് 7.30-ന് പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രണ്ടാമത് കൊച്ചി-മുസ്സിരിസ് ബിനാലെ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 300 കലാകാരന്മാര്‍ അണിനിരക്കുന്ന ചെണ്ട, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവ ചേര്‍ന്ന പാണ്ടിമേളം അരങ്ങേറി.

 

സംസ്ഥാന സര്‍ക്കാറിന്റേയും സ്വകാര്യ സംരംഭകരുടേയും സാമ്പത്തിക പിന്തുണയോടെ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് 2014 സംഘടിപ്പിക്കുന്നത്. എട്ട് പ്രധാന വേദികളിലായാണ് കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുക. ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്മാരില്‍ 52 പേര്‍ വിദേശികളാണ്. സമാന്തര പരിപാടികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും സമീപ ജില്ലയായ തൃശൂരിലും സംഘടിപ്പിക്കും.

 

കലാവിന്യാസങ്ങളും പെയിന്റിംഗുകളും ശില്‍പ്പങ്ങളും ഉള്‍പ്പെടെ ചെറുതും വലുതുമായ സ്ഥലകേന്ദ്രീകൃത സൃഷ്ടികളാണ് ബിനാലെയില്‍ ഉണ്ടാകുക. കായലിനോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ഡേവിഡ് ഹാള്‍ ഉള്‍പ്പെടെയുള്ളവ ഇത്തവണയും ബിനാലെയുടെ വേദികളാണ്. ലളിത കലാ അക്കാദമിയുമായി ചേര്‍ന്ന് ബിനാലെ ഫൗണ്ടേഷന്‍ നവീകരിച്ച എറണാകുളം ദര്‍ബാര്‍ ഹാളും ഇത്തവണയുമുണ്ട്.

 

മുംബൈ കേന്ദ്രമാക്കി കലാപ്രവര്‍ത്തനം നടത്തുന്ന 40-കാരനായ ജിതീഷ് കല്ലാട്ട് ആണ് രണ്ടാമത് ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്. ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്ത 96 ദിവസം നീണ്ട ആദ്യ ബിനാലെ നാലു ലക്ഷം പേര്‍ കണ്ടെങ്കില്‍ മാര്‍ച്ച് 29 വരെ 108 ദിവസം നീളുന്ന ഇത്തവണത്തെ ബിനാലെയ്ക്ക് അതിന്റെ ഇരട്ടിയോളം കാണികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

12 ചലച്ചിത്ര വിദഗ്ദ്ധര്‍ ക്യൂറേറ്റ് ചെയ്യുന്ന നൂറു ദിവസം നീളുന്ന ചലച്ചിത്രോല്‍സവം, ഹിസ്റ്ററി നൗ എന്ന പേരിലുള്ള പ്രഭാഷണ- സെമിനാര്‍ പരമ്പര, ബാലപ്രതിഭ ക്ലിന്റിന്റെ 60 ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ബിനാലെ, ഇന്ത്യയിലെ സര്‍ക്കാര്‍ വക കലാവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ സൃഷ്ടികള്‍ അണിനിരത്തിയുള്ള സ്റ്റുഡന്റ്‌സ് ബിനാലെ, വിവിധ ഗ്യാലറികളും മറ്റുമായി ചേര്‍ന്നുള്ള പങ്കാളിത്ത- കൊളാറ്ററല്‍ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയാണ് സമാന്തര പരിപാടികളിലെ പ്രധാന ആകര്‍ഷണങ്ങള്‍.