ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ പൂട്ടിയ ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ധന വകുപ്പ് മന്ത്രി കെ.എം മാണിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് വൃത്തങ്ങള്‍. മാണിയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്ന വിജിലൻസ് ലീഗൽ അഡ്വൈസറുടെ നിയമോപദേശമടക്കം ആരോപണത്തില്‍ ത്വരിത പരിശോധന നടത്തിയ സംഘത്തിന്റെ റിപ്പോര്‍ട്ട് വിജിൻലസ് ഡയറക്ടർക്ക് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. എസ്.പി എസ്. സുകേശനാണ് അന്വേഷണ ചുമതല.
പൂട്ടിയ ബാറുകൾ തുറക്കാൻ മാണി അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടതായും ഒരു കോടി രൂപ വാങ്ങിയതായും ഉള്ള ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശിന്റെ ആരോപണമാണ് വിജിലൻസ് അന്വേഷിച്ചത്. ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.
തുടര്‍ന്ന്‍ സംഭവത്തില്‍ അന്വേഷണത്തിന് മുന്നോടിയായി ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ സര്‍ക്കാര്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. മാണിയുടെ വീട്ടില്‍ കോഴപ്പണം എത്തിച്ചതായി ബിജു രമേശിന്റെ ഡ്രൈവര്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.
അഴിമതി ആരോപണങ്ങളില്‍ 15 ദിവസത്തിനകമോ പ്രത്യേക സാഹചര്യങ്ങളില്‍ പരമാവധി 42 ദിവസത്തിനകമോ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) സമര്‍പ്പിക്കണമെന്ന്‍ സുപ്രീം കോടതി ഉത്തരവുള്ള പശ്ചാത്തലത്തിലാണ് കേസെടുക്കാനുള്ള വിജിലന്‍സിന്റെ തീരുമാനം. വെള്ളിയാഴ്ചയാണ് ഈ കാലാവധി അവസാനിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാറിന്റെ അഭിപ്രായം തേടാതെ വിജിലന്‍സിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് നേരത്തെ ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. കേസെടുത്ത കാര്യം ഉടന്‍ ഹൈക്കോടതിയെ അറിയിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര - വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി മാണിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എഫ്.ഐ.ആര്‍ സമര്‍പ്പിച്ചാലും മാണി മന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് സൂചന. മന്ത്രിമാരായ അടൂര്‍ പ്രകാശിനും എം.കെ മുനീറിനുമെതിരെ നിലവില്‍ വിജിലന്‍സ് കേസുകളുണ്ട്.