ലണ്ടന്‍: മാന്‍ ബുക്കര്‍ പുരസ്കാരം യു.എസ് എഴുത്തുകാരി ലിഡിയ ഡേവിസിന്. ചെറുകഥാ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. ചെറുകഥ, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ലിഡിയ.
സാഹിത്യ രംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്ക് ബ്രിട്ടന് പുറത്ത് ഇംഗ്ലീഷില്‍ എഴുതുന്നവര്‍ക്കാണ് മാന്‍ ബുക്കര്‍ പുരസ്കാരം സമ്മാനിക്കുന്നത്. 60000 പൗണ്ട് (50ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം രണ്ടു വര്‍ഷത്തിലൊരിക്കലാണ് നല്‍കുക.
ദാര്‍ശനികതയും മാനുഷിക മൂല്യങ്ങളും നിറഞ്ഞ രചനകളാണ് ലിഡിയയുടെതെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. കാല്പനികത നിറഞ്ഞതും വളരെ ചെറുതുമായ സൃഷ്ടികള്‍ക്ക് പ്രസിദ്ധയായ അവര്‍ ഏതാണ്ട് 65ഓളം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. ‘ബ്രേക്ക് ഇറ്റ് ഡൌണ്‍’, ‘വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ്’ എന്നിവയാണ് പ്രധാന കൃതികള്‍.
ഇന്ത്യന്‍ എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി ഉള്‍പ്പടെയുള്ള 10 പേരെ പിന്നിലാക്കിയാണ് അവര്‍ പുരസ്കാരത്തിനര്‍ഹയായത്. കഥാകൃത്ത് എന്നതിന് പുറമേ അറിയപ്പെടുന്ന ഫ്രഞ്ച് വിവര്‍ത്തക കൂടിയാണ് ലിഡിയ.
