സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് ഭാഗിക അംഗീകാരം നല്കി ടു, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടണമെന്ന് ഉത്തരവിട്ട ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. ഒരു മാസത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഡിവിഷന് ബഞ്ച് ഉത്തരവിട്ടതിനെ തുടര്‍ന്ന് ടു, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
സിംഗിള്‍ ബഞ്ച് വിധിക്കെതിരെയുള്ള ബാറുടമകള്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബഞ്ച് പിന്നീട് വിശദമായി പരിഗണിക്കും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടാനുള്ള മദ്യനയത്തിലെ ഏതാനും ചട്ടങ്ങള്‍ മരവിപ്പിച്ച് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലും ഹെരിറ്റേജ് ഹോട്ടലുകളിലും ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാറും തീരുമാനിച്ചിട്ടുണ്ട്.
വ്യാഴാഴ്ച സിംഗിള്‍ ബഞ്ച് വിധിയെ തുടര്‍ന്ന് സംസ്ഥാനത്തെ 251-ഓളം ടു, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടാനുള്ള നടപടികള്‍ എക്സൈസ് വകുപ്പ് ഇന്ന് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ബാറുകളിലെ മദ്യം വകുപ്പ് കണക്കെടുത്ത് സീല്‍ ചെയ്തിരുന്നു.
ഏപ്രില്‍ ഒന്നിന് നിലവാരമില്ലാത്ത കാരണത്താല്‍ ബാര്‍ ലൈസന്‍സ് പുതുക്കിനല്കാത്ത 418 ബാറുകള്‍ക്ക് പുറമേ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാനായിരുന്നു ആഗസ്ത് 12-ന്റെ സര്‍ക്കാര്‍ തീരുമാനം.