Skip to main content
കൊച്ചി

hartalഹര്‍ത്താലും സമരങ്ങളും പൂര്‍ണ്ണമായി നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും ഇത് നിയമം മൂലം നിരോധിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.  

 

അതേസമയം, ഹര്‍ത്താലിനോടനുബന്ധിച്ച് പൊതു-സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി വേണമെന്ന് കോടതി പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ എടുക്കുന്ന കേസുകള്‍ കൃത്യമായി നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉത്തരവുകള്‍ കര്‍ശനമായി പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു.

 

വിഷയത്തില്‍ ഫലപ്രദമായ നിയമനിര്‍മ്മാണം വേണമെന്ന്‍ ജസ്റ്റിസ് അശോക് ഭൂഷന്‍, എ.എന്‍ ഷഫീഖ്, ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താല്‍ ആഹ്വാന വാര്‍ത്തകളില്‍ മാദ്ധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.    

 

ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണെന്നും അതിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കേസുടക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.