Skip to main content

തിരുവനന്തപുരം: പൊതുസേവനത്തിനും ജനപങ്കാളിത്തതോടെയുള്ള ഭരണത്തിനുമുള്ള ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ  പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ചു. യു.എന്‍ പൊതു സേവന ദിനമായി ആചരിക്കുന്ന ജൂണ്‍ 23-ന് മുന്നോടിയായാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

 

ഇന്ത്യ ഉള്‍പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ നിന്നുമാണ് ഉമ്മന്‍ ചാണ്ടി പുരസ്കാരത്തിനര്‍ഹനായത്. പൊതുസേവനത്തില്‍ അഴിമതി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ വിഭാഗത്തിലാണ് പുരസ്കാരം. 2011-ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയാണ് അവാര്‍ഡിനര്‍ഹമായത്.  

 

ലോകത്ത് അഞ്ചു പ്രദേശങ്ങളില്‍ അഞ്ചു വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. പൊതുസേവനങ്ങളില്‍ ലിംഗനീതി പ്രോത്സാഹിപ്പിച്ചതിനുള്ള വിഭാഗത്തില്‍ മദ്ധ്യപ്രദേശ് കുടില്‍ വ്യവസായ ഗ്രാമീണ വകുപ്പിന്റെ ഗ്രാമീണ്‍ ഹാട്ട് രണ്ടാം സ്ഥാനം നേടി. പൊതുസേവനങ്ങളുടെ മെച്ചപ്പെട്ട വിതരണത്തിനുള്ള വിഭാഗത്തില്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ധന്‍ബാദ് ജില്ലാ ഭരണകൂടത്തിനും രണ്ടാം സ്ഥാനം ലഭിച്ചു.

 

2003 മുതലാണ് യു.എന്‍ അവാര്‍ഡുകള്‍ നല്‍കുന്നത്.  ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ജൂണ്‍ 27നു ബഹറൈനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുരസ്കാരം സമ്മാനിക്കും

Tags