സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് ജെ.ബി കോശി താന്‍ വഹിക്കുന്ന ഉത്തരവാദിത്വം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുപോലെ പ്രവര്‍ത്തിക്കുന്നു. മനുഷ്യാവകാശ കമ്മീഷന് ആവശ്യമില്ലാത്ത സംവിധാനമാണെന്ന് അനുദിനം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. 418 ബാറുകള്‍ അടച്ചുപൂട്ടാനെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കമ്മീഷന് ബാറുടമകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് ഞായറാഴ്ച പത്രക്കുറിപ്പിറക്കി മാധ്യമശ്രദ്ധ ആകര്‍ഷിക്കാന്‍ നേരത്തെ വിഫലശ്രമം നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ കമ്മീഷന് ചെയര്മാന് എന്ന നിലയില്‍ അദ്ദേഹം തെരുവുനായകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് ചീഫ് സെക്രട്ടറിയിലൂടെ നിര്‍ദ്ദേശം നല്കിയിരിക്കുന്നു. നായകളെ ഭക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് കേരളത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായകളുടെ ഇറച്ചി കയറ്റി അയയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ നൂതന നിര്‍ദ്ദേശം. ഇത്തരം കാഴ്ചപ്പാടുകളുള്ള വ്യക്തി ഹൈക്കോടതിയില്‍ ജഡ്ജിയായി വിധിപ്രസ്താവങ്ങള്‍ നടത്തിയിരുന്നു എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നു.
ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നില്‍ വയ്ക്കാന്‍ പ്രാപ്തമാക്കിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ചിന്താശേഷിയും വിജ്ഞാനവും ചോദ്യം ചെയ്യപ്പെടുന്നു. മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്ന ഏകഘടകം അവന് സംസ്കാരം സൃഷ്ടിച്ച് അതിനെ ആധാരമാക്കിയുള്ള വ്യവസ്ഥയിലൂടെ സാമൂഹ്യജീവിയായി സമൂഹത്തില്‍ ജീവിക്കുന്നു എന്നതാണ്. അച്ഛന്, അമ്മ, സഹോദരന്, സഹോദരി എന്നീ ബന്ധങ്ങളും അവയുടെ പ്രസക്തിയുമൊക്കെ അതിന്റെ ഫലത്താലുണ്ടായതാണ്. അതുപോലെ മനുഷ്യന്റെ ഏത് നടപടിയേയും നിര്‍ണ്ണയിക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും പ്രകടമായി കാണാന്‍ കഴിയുന്നില്ലെങ്കിലും സംസ്കാരമാണ്. അതില്‍ ഏറ്റവും മര്‍മ്മപ്രധാനമാണ് നാം തിന്നുന്നതേ മറ്റുള്ളവര്‍ക്കു കൊടുക്കാവു എന്നത്. മറിച്ചു ചെയ്യുന്ന പക്ഷം താമസിയാതെ നമ്മളും നായയിറച്ചി തിന്നുന്ന വിഭാഗമായി മാറും. സംശയം വേണ്ട. കേരളത്തില്‍ ലക്ഷക്കണക്കിനാണ് മൃഗങ്ങളും പക്ഷികളും ദിനംപ്രതി കൊലചെയ്യപ്പെടുന്നത്. അതിന്റെ ചോരയുടെ ഗന്ധം കേരളത്തിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞിട്ടുള്ളത് നമുക്ക് ശീലമായതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്തതാകും. അതിന്റെ കൂടെ നായകളെ കൂടി കൊന്ന് ഇറച്ചിയെടുക്കാം എന്നാലോചിക്കുമ്പോള്‍ മനസ്സിന്റെ അത്രയും ഭാഗം കൂടി ക്രൂരമായി മാറുകയാണ്. നായയെ കഴുത്തറുക്കുന്നത് ഒന്നാലോചിച്ചാല്‍ അതു മനസ്സിലാകും. ശീലമായിക്കഴിഞ്ഞാല്‍ പിന്നെ അതു പ്രശ്നവുമല്ലാതാകും.
ഇന്നിപ്പോള്‍ തെരുവുനായകള്‍ ഇത്രയധികം തെരുവാധാരമാകാന്‍ കാരണം മറ്റെല്ലാ പരിഷ്കാരങ്ങള്‍ക്കുമൊപ്പം വിദേശി നായകളെ യജമാനന്മാര് വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയതിനു ശേഷമാണ്. അവയ്ക്കാണെങ്കില്‍ മനുഷ്യനേക്കാള്‍ ഡോക്ടര്‍മാരുടെ പരിരക്ഷയും വീട്ടിലെ അംഗങ്ങളേക്കാള്‍ ശ്രദ്ധയും ആവശ്യമാണ്. ഇവയില്ലെങ്കില്‍ അവയൊക്കെ അല്പ്പായസ്സുക്കളുമാണ്. അതേസമയം കിടക്കാനിടമില്ലാതെയും ആരും ഭക്ഷണം കൊടുക്കാനില്ലാഞ്ഞിട്ടും രോഗം വരാതെ ആരോഗ്യത്തോടെ അലഞ്ഞുനടക്കുന്ന തെരുവുനായകള്‍ നമ്മളോടു സംസാരിക്കുന്ന ഒന്നുണ്ട്. ഈ മണ്ണിനോട് ചേര്‍ന്നു നിന്നാല്‍ നിങ്ങള്‍ക്ക് ആരോഗ്യവും ധൈര്യവും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കൈവരും. ഞങ്ങളെ കണ്ടു പഠിക്കൂ എന്ന് ഓരോ തെരുവുനായയും കേരളീയനോട് പറയുന്നുണ്ട്. പണ്ടൊക്കെ തെരുവുനായകള്‍ തെരുവില്‍ കിടന്ന് കടിപിടി കൂടാറുണ്ടായിരുന്നു. ഇന്നാകട്ടെ അവര്‍ കൂട്ടമായി സൗഹാര്‍ദ്ദത്തോടും സമാധാനത്തോടും ഒത്തൊരുമയോടെ കഴിയുന്നു. കടിപിടികൂടല്‍ തെരുവിലും ചാനല്ചര്ച്ചകളിലുമായി മനുഷ്യന് ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തില്‍ ഇപ്പോഴും അവശേഷിക്കുന്ന ജീവന്റെ കരുത്തും ശക്തിയുമാണ് ഈ തെരുവുനായകള്‍. ഒടുവില്‍ എല്ലാം നശിച്ചുകഴിയുമ്പോള്‍ ബോധോദയമുണ്ടായി വെച്ചൂര്‍ പശുക്കളെ തേടുംപോലെ തെരുവുനായകളുടെ ജീവന് തേടി വന്‍പദ്ധതികളും പ്രഖ്യാപിച്ച് നടക്കാനാണിട. അതിലുപരി ഈ തെരുവുനായകളുടെ ജീനുകള്‍ കേരളത്തിലെ ആവാസവ്യവസ്ഥയുടെ ശക്തമായ കണ്ണിയാണ്. ആ കണ്ണിമുറിഞ്ഞാലുണ്ടാകുന്ന അസന്തുലിതാവസ്ഥ എന്താണ് സൃഷ്ടിക്കുകയെന്നത് അത് സംഭവിച്ചുകഴിയുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ. അത്തരം കണ്ണിപൊട്ടലുകളുടെ ദുരന്തം ഇന്ന് മലയാളി പലരൂപത്തില്‍ അറിയുന്നു, വിലകൊടുക്കുന്നു. ഈ മണ്ണിന്റെ പ്രതിരോധശേഷിയുടെ കൂടി ദൃഷ്ടാന്തം കൂടിയാണ് ഈ തെരുവുനായകള്‍. ഇങ്ങനെയൊരു വിഷയത്തില്‍ പത്രങ്ങളുടെ പ്രാദേശിക പേജിലെ തെരുവുനായകളുടെ ശല്യമെന്ന തലവാചകം കണ്ട് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഒരുവര്‍ഷം നാലായിരത്തില്‍ അധികം പേര് കേരളത്തില്‍ മരിക്കുന്നുണ്ട്. അതിന്റെ എത്രയോ ഇരട്ടി അപകടങ്ങളില്‍ അംഗവൈകല്യം സംഭവിച്ച് ജീവിക്കുന്നു. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ തെരുവുനായകള്‍ സൃഷ്ടിക്കുന്ന അസൗകര്യവും അവര്‍ മൂലം മരിക്കുന്നവരും കുറച്ചു വിരലുകളിലെണ്ണാവുന്നവരാണ്. മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ മുട്ടി മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നവരുടെ അത്രയും പേര് തെരുവുനായകള്‍ കടിച്ച് മരിക്കുന്നതുമില്ല, പരിക്കേല്ക്കുന്നതുമില്ല. ഇതിനേക്കാളുപരി എല്ലാ തെരുവുകളുടേയും ശമ്പളമില്ലാ കാവല്ക്കാര് കൂടിയാണ് ഈ നായകള്‍. ഏത് ജീന്കണ്ണി മുറിഞ്ഞാലും അതിന്റെ ആത്യന്തിക ദുരന്തം അനുഭവിക്കേണ്ടിവരുന്നത് മനുഷ്യനാണ്. ശക്തമായ ഒരു ജീന്‍ കേരളത്തിന്റെ ചുറ്റുപാടില്‍ നിന്ന് അന്യമാകുകയാണെങ്കില് അത് അത്രയും ശക്തമായ ജീവന്റെ സാന്നിദ്ധ്യം അവിടെയുള്ള മനുഷ്യന്റെ ചുറ്റുപാടില്‍ നിന്ന് അന്യമാകുന്നു എന്നതാണ്. ജീവന്റെ സാന്നിദ്ധ്യവും സമൃദ്ധിയും കുറയുന്നതനുസരിച്ച് അവിടെയുള്ള മനുഷ്യന്റെ ജീവനും അപകടത്തിലാവും. മനുഷ്യന് ജീവിക്കാനുള്ള അവകാശത്തെ പരോക്ഷമായി നിഷേധിക്കുന്ന കാഴ്ചപ്പാടാണ് മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷനുള്ളതെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ഒന്നുമില്ലെങ്കില്‍ നാം പ്ലാസ്റ്റിക് കവറില്‍ തെരുവിലേക്ക് വലിച്ചെറിയുന്ന ഇറച്ചിക്കറികളും എല്ലും തിന്ന് അത്രയും പരിസ്ഥിതി മലിനീകരണമെങ്കിലും കുറയാന്‍ ഈ നായകള്‍ കാരണമാകുന്നു എന്നുള്ളതും മറക്കാന്‍ പാടുള്ളതല്ല. അല്‍പ്പം കടന്നുപോകുമെങ്കിലും അവരില്‍ നിന്ന് നമുക്ക് കിട്ടുന്ന സംരക്ഷണയും സേവനവും മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് മലയാളിക്ക് ലഭിക്കുന്നില്ലെന്ന് പറയേണ്ടിവരുന്നു.