Skip to main content

bar

 

പുതിയ മദ്യനയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് നടപടി. ബാറുടമകളുടെ ഹര്‍ജി ഹൈക്കോടതി വ്യഴാഴ്ച പരിഗണിക്കുന്നുണ്ട്. സെപ്തംബര്‍ 30-നകം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിട്ടുണ്ട്.

 

ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചാണ് മദ്യനയം രൂപീകരിച്ചിരിക്കുന്നതെന്നും മദ്യവില്‍പ്പന മൗലികാവകാശമല്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക നന്മയും പൊതുജനാരോഗ്യവും കണക്കിലെടുത്താണ് ഘട്ടം ഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും വ്യാജമദ്യം തടയാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാറിന് വേണ്ടി നികുതി വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

ബാറുകള്‍ അടച്ചുപൂട്ടാനും പത്ത് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പില്‍ വരുത്താനുമുള്ള സര്‍ക്കാറിന്റെ മദ്യനയത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന രണ്ട് ഹര്‍ജികള്‍ നാളെയും മറ്റെന്നാളുമായി ഹൈക്കോടതി പരിഗണിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും പിന്നീട് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച മദ്യനയത്തിനെതിരെയും സമര്‍പ്പിച്ച ഹര്‍ജികള്‍ ആണിവ. മദ്യനയത്തിനെതിരെയുള്ള ഹര്‍ജിയില്‍ വ്യാഴാഴ്ച സര്‍ക്കാറിനു വേണ്ടി കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഹാജരാകും എന്നാണ് സൂചന. കേസില്‍ സുപ്രീം കോടതിയില്‍ സിബലാണ് ഹാജരായിരുന്നത്. ബാറുടമകള്‍ക്കു വേണ്ടിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെത്തുമെന്നാണ് കരുതുന്നത്.

 

418 ബാറുകള്‍ അടച്ചുപൂട്ടിയത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്നും ബാക്കിയുള്ള 312 ബാറുകള്‍ക്കും മദ്യനയം രൂപീകരിക്കും വരെ പ്രവര്‍ത്തിക്കാനുള്ള താത്കാലിക അനുമതിയാണ് നല്‍കിയിരുന്നത് എന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നയത്തിന്റെ ഭാഗമായി സര്‍ക്കാറിനു കീഴിലെ മദ്യവില്‍പനശാലകള്‍ അടയ്കുന്നതിന്റെ കണക്കുകളും അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയത് വഴി സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നാണ് ബാറുടമകളുടെ പ്രധാന വാദം.

 

ബാറുകള്‍ സെപ്തംബര്‍ 12-ന് അടക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഇതില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ കേട്ട് തീര്‍പ്പാക്കാന്‍ സമയം നല്‍കിക്കൊണ്ടാണ് സെപ്തംബര്‍ 30 വരെ അടപ്പിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.