Skip to main content
കണ്ണൂര്‍

e manojതലശ്ശേരിയ്ക്കടുത്ത് കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജ്‌ വധിക്കപ്പെട്ട സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നാല് പേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

 

കേസിലെ മുഖ്യപ്രതിയായ സി.പി.ഐ.എം അംഗം വിക്രമനെ ഒളിവില്‍ പോകാന്‍ സഹായിച്ചവര്‍ ആണിവരെന്ന്‍ കരുതുന്നു. കോടതിയില്‍ കീഴടങ്ങിയ വിക്രമനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സുഹൃത്തിനെ വധിച്ചതിലുള്ള പ്രതികാരമായാണ് മനോജിനെ വധിച്ചതെന്ന് വിക്രമന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.   

 

അതേസമയം, സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട് സി.പി.ഐ.എം കേന്ദ്ര നേതൃത്വം സ്വീകരിച്ചതായി സൂചന. സംസ്ഥാന നേതൃത്വമാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം പരസ്യമായി സ്വീകരിച്ചിരിക്കുന്നത്. വധത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന നിലപാടാണ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.